
പൂമരത്തിലെ എനര്‍ജറ്റിക് ചെയര്‍പേഴ്സണില്‍ നിന്ന് 'ദി കുങ്ഫു മാസ്റ്ററി 'ലെ ആക്ഷന്‍ ഹീറോയ്നിലേക്കുള്ള അമ്പരപ്പിക്കുന്ന മാറ്റമാണ് നീത പിള്ള എന്ന അഭിനേത്രിയുടെ വിജയം. മലയാള സിനിമാ ചരിത്രത്തില്‍ ഫൈറ്റ് സീക്വന്‍സുകളില്‍ തിളങ്ങിയ നായികമാര്‍ ഏറെയില്ല. ആ സ്ഥാനത്തേക്കാണ് നീതയെന്ന താരം ഉദിച്ചുയരുന്നത്.
ആക്ഷന്‍ ഹീറോയ്ന്‍
ദി കുങ്ഫു മാസ്റ്ററിനെക്കുറിച്ച് എബ്രിഡ് ഷൈന്‍ സാര്‍ പറയുമ്പോള്‍ ഇത്രയും ട്രെയിനിംഗ് ചെയ്യേണ്ടി വരുമെന്നൊന്നും അറിയില്ലായിരുന്നു. മാര്‍ഷ്വല്‍ ആര്‍ട്സും ആക്ഷനുമൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.
പൂമരം ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ കിക്ക് ബോക്സിംഗിലൂടെ ട്രെയിനിംഗ് തുടങ്ങാമെന്ന് പറഞ്ഞു. അങ്ങനെ ട്രെയിനിംഗ് തുടങ്ങി. പിന്നീട് കുങ്ഫു പഠിക്കാന്‍ തുടങ്ങി. അപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് ഏകദേശമൊരു ഐഡിയ കിട്ടുന്നത്.
'പൂമര'ത്തില്‍ അധികം എക്സ്പ്രഷനൊന്നും പുറത്തുകാണിക്കാതെ കൂടെയുള്ളവരെ മത്സരങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കുന്ന യൂണിയന് ചെയര്‍പേഴ്സന്റെ വേഷമായിരുന്നു എന്റേത്. കുങ്ഫു മാസ്റ്ററില്‍ മാര്‍ഷ്വല്‍ ആര്‍ട്സ് അറിയാവുന്ന ഒരു പെണ്‍കുട്ടിയും. ആ ചിത്രത്തിന് വേണ്ടി കുങ്ഫു പഠിച്ച് കഥാപാത്രം അവതരിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ചലഞ്ച് തന്നെയായിരുന്നു.
സ്നോ ഡേയ്സ്
ഉറച്ച ഒരു പ്രതലത്തില്‍ മാര്‍ഷ്വല്‍ ആര്‍ട്സ് ചെയ്യുന്നതും അല്ലാതെ മഞ്ഞില്‍ ചെയ്യുന്നതും രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്. കൊച്ചിയിലാണ് കുങ്ഫു പരിശീലിച്ചത്. ഫ്രിക്ഷനുള്ള ഉറച്ച പ്രതലത്തിലായിരുന്നു ട്രെയിനിംഗ് എങ്കില്‍ മഞ്ഞിലായിരുന്നു ഷൂട്ടിംഗ്. അപ്പോള്‍ കാലുകള്‍ മഞ്ഞിലേക്ക് കുഴിഞ്ഞ് പോകുമായിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും ഈ മഞ്ഞ് തണുത്ത് ഉറഞ്ഞ് ഐസ് ആകും. അപ്പോള്‍ സ്റ്റേബിള്‍ ആയി നില്ക്കാന് സാധിക്കില്ല.
കാലുകള്‍ വഴുതി പോകുന്നുണ്ടായിരുന്നു. അതോടൊപ്പം സ്ക്രിപ്റ്റ് അനുസരിച്ചുള്ള സീക്വന്‍സുകള്‍ കൃത്യമായി ചെയ്യുകയും വേണം. വളരെ ബുദ്ധിമുട്ടായിരുന്നു ഇത്.രാവിലെ മുതല്‍ മഞ്ഞില്‍ നില്ക്കുന്നതുകൊണ്ട് ഷൂസിനുള്ളില്‍ മഞ്ഞ് കയറി കാലൊക്കെ നീലനിറമായി.
കോളജ് ഡേയ്സ്
യു.എസില്‍ പെട്രോളിയം എന്‍ജിനിയറിംഗില്‍ മാസ്റ്റേഴ്സ് ചെയ്യുന്ന സമയത്താണ് 'പൂമര'ത്തില്‍ അഭിനയിക്കുന്നത്. കേരളത്തിലെ കോളജ് ലൈഫ് എന്താണെന്ന് മനസിലാക്കിയത് പൂമരത്തിലൂടെയാണ്.
ബംഗളൂരുവിലായിരുന്നു ബി.ടെക് ചെയ്തത്. അവിടെ സ്ട്രിക്ട് അക്കാദമിക് രീതിയായിരുന്നു. ബംഗളൂരുവില്‍ കോളേജ് ഫെസ്റ്റുകളൊക്കെ ഫ്രണ്ട്സിനൊപ്പം എന്ജോയ് ചെയ്തുവെങ്കിലും നാട്ടിലേതുപോലുള്ള വലിയ കലോത്സവങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. യു.എസിലാകട്ടെ പ്രൊഫഷണല്സിനൊപ്പമാണ് കോഴ്സ് ചെയ്യുന്നത്.
'പൂമര'ത്തിന് വേണ്ടി ഞാന്‍ സെന്റ് തെരാസസില്‍ പോയി. അവിടുത്തെ ചെയര്‍ പേഴ്സണും യൂണിയന് അംഗങ്ങള്‍ക്കുമൊപ്പം ഒരു ദിവസം ചെലവഴിച്ചു. മറ്റൊരു കോളജിലും കാണാത്ത രീതിയിലുള്ള അടുപ്പവും സ്പിരിറ്റുമൊക്കെ ആ കുട്ടികളുടെ ഉള്ളിലുണ്ടായിരുന്നു. മത്സരം എന്നതിലുപരി ജീവിതമാണെന്ന രീതിയിലാണ് അവരൊക്കെ മത്സരിച്ചിരുന്നത്. പൂമരം ചെയ്ത ശേഷം കോളേജ് പഠനമൊക്കെ നാട്ടിലായിരുന്നെങ്കില്‍ കൂടുതല്‍ അടിപൊളിയാക്കാമായിരുന്നു എന്ന് തോന്നിയിരുന്നു.
ബോള്‍ഡ് ആന്‍ഡ് ബ്രേവ്
അത്യാവശ്യം ബോള്‍ഡും ഇന്ഡിപെന്റന്റുമായ ആളാണ് ഞാന്‍. സ്വന്തമായി അഭിപ്രായങ്ങള്‍ പറയാറുമുണ്ട്. സ്ട്രെയ്റ്റ്ഫോര്വേഡാണ്. ഏതൊരു റിലേഷന്‍ഷിപ്പിലും വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണമെന്ന് എനിക്ക് നിര്ബന്ധമമാണ്.
ഇഷ്ടങ്ങള്‍ക്കൊപ്പം
ഫിറ്റ്നെസ് നോക്കാന്‍ ഇഷ്ടമാണ്. വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്. സ്പോര്‍ട്സ് ഇഷ്ടമാണ്, പ്രത്യേകിച്ച് ബാസ്ക്കറ്റ്ബോള്‍,ബാഡ്മിന്റണ്‍ തുടങ്ങിയ ഔട്ട്ഡോര്‍ ഗെയിംസ്. പിന്നെ പാട്ടുപാടാനും ഡ്രൈവ് ചെയ്യാനും പെയിന്റ് ചെയ്യാനുമൊക്കെ ഇഷ്ടമാണ്.
പഠിക്കുന്ന സമയത്തൊക്കെ സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ ടീമിലുണ്ടായിരുന്നു. മത്സരങ്ങള്‍ക്കായി ടീമംഗങ്ങളൊന്നിച്ചുള്ള യാത്രകളൊക്കെ ശരിക്കും എന്ജോയ് ചെയ്തിരുന്നു.
മൈ ഡ്രീം
പ്ലാന്‍ ചെയ്ത് ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്ന ആളല്ല ഞാന്‍. ആകെ പ്ലാന്‍ ചെയ്തത് മാസ്റ്റേഴ്സ് കഴിഞ്ഞ് ഒരു ജോലി നേടണം, എം.ബി.എ ചെയ്യണം എന്നത് മാത്രമാണ്. 'പൂമര'ത്തിന്റെ ഓഡീഷന് കഴിഞ്ഞതു മുതല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യങ്ങളല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നില്‍ക്കുന്നത് കൊണ്ട് നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യും.
പൂമരത്തിലേത് തീരെ പ്രതീക്ഷിക്കാതെ കിട്ടിയ അവസരമാണ്. കുങ്ഫൂ മാസ്റ്ററിലിലേക്ക് വരുമ്പോള്‍ ആക്ഷന്‍ ജോണര്‍ സിനിമ എന്നതല്ലാതെ കഥയെന്താണെന്നുപോലും കൃത്യമായി അറിയില്ലായിരുന്നു. ആദ്യ സിനിമയുടെ സംവിധായകനൊപ്പം രണ്ടാമതും വ്യത്യസ്തമായൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഇനിയും വ്യത്യസ്തവും ആളുകള്‍ ഓര്‍ത്തിരിക്കുന്നതുമായ വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
അഭിനന്ദനങ്ങള്‍
സിനിമ കണ്ടിറങ്ങിയപ്പോഴേ മേജര്‍ രവി സാര്‍ നന്നായി അഭിനയിച്ചെന്ന് പറഞ്ഞിരുന്നു. ഫോണിലൂടെ ആദ്യം അഭിനന്ദനമറിയിച്ചത് നടന് വിനീത് സാറാണ്. ഓരോ സീനും എടുത്തു പറഞ്ഞു നന്നായി ചെയ്തെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപാട് സന്തോഷം തന്നു. ഗംഭീരമായെന്നാണ് ജോഷിസാര്‍ പറഞ്ഞത്. ലാല്‍ജോസ് സാറും സിനിമ കണ്ടിട്ട് വിളിച്ചിരുന്നു.
തീരെ പ്രതീക്ഷിക്കാതെ വന്ന കോളായിരുന്നു സാറിന്റേത്. ഒട്ടും അറിയാത്ത മാര്‍ഷ്വല്‍ ആര്‍ട്സ് പഠിച്ച് ഒരു കഥാപാത്രം ചെയ്തിട്ട് ഒരുപാട് പേര് നേരിട്ടും ഫോണില്‍ വിളിച്ചും അഭിനന്ദനമറിയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.
മറക്കാനാവാതെ
ഷൂട്ടിനിടയില്‍ വേദനകളും വിഷമങ്ങളുമൊക്കെ ഉണ്ടായെങ്കിലും ആ സമയം കഴിഞ്ഞപ്പോള്‍ അതെല്ലാം മറന്ന് ഓരോ ദിവസവും എക്സൈന്റ്മെന്റോടെയാണ് ഷൂട്ടിനെത്തിയത്. ഇതിനിടയില്‍ രണ്ടുതവണ വലിയ പരിക്കുകളുണ്ടായി നാലരമാസം ഷൂട്ട് നിര്‍ത്തി വയ്ക്കേണ്ടി വന്നു.
മഞ്ഞിലുള്ള സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ ലൊക്കേഷനിലേക്ക് ഭക്ഷണമെത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിയായിരുന്നു. ദാല്‍,സബ്ജി, റൈസ് ഇതൊക്കെതന്നെയായിരുന്നു ഭക്ഷണമായി കിട്ടിയിരുന്നത്. രണ്ടര മാസമായിരുന്നു അവിടെ ഷൂട്ടുണ്ടായിരുന്നത്. അപ്പോഴേക്കും ഒരേ ഭക്ഷണം കഴിച്ച് എല്ലാവര്ക്കും മടുത്തു തുടങ്ങി. ഒരു ദിവസം ഷൈന്‍ സാര്‍ ഞങ്ങള്‍ക്ക് സര്‍പ്രൈസായി ബിരിയാണി കൊണ്ടുവന്നു തന്നു. അന്നെല്ലാവര്‍ക്കും ആഘോഷം തന്നെയായിരുന്നു.
വീട്ടുവിശേഷങ്ങള്‍
തൊടുപുഴയാണെന്റെ നാട്. അച്ഛന് പി.എന്‍ വിജയന് റിട്ട. എന്‍ജിനീയറാണ്. അമ്മ മഞ്ജുള ബാങ്ക് ഉദ്യോഗസ്ഥയാണ്. അനിയത്തി മനീഷ ഓസ്ട്രേലിയയില്‍ എം.എസ് ചെയ്യുന്നു. അച്ചച്ചനും അമ്മമ്മയും ഞങ്ങളോടൊപ്പമുണ്ട്.
കുങ്ഫൂ മാസ്റ്ററില്‍ എന്റെ കഥാപാത്രമെന്താണെന്നൊന്നും ഞാനവരോട് വിശദമായി പറഞ്ഞിരുന്നില്ല. ഏകദേശം ഒരുവര്‍ഷത്തോളം ട്രെയിനിംഗ് എന്തിനായിരുന്നെന്ന് സിനിമ കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായി. അനിയത്തി മനീഷയും അമ്മയുടെ ചേച്ചിയുമാണ് കൂടുതലെന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്.
അശ്വതി അശോക്.