
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഓഹരി വിപണികളെയും പിടിച്ചു കുലുക്കാന്‍ തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ പണക്കാരനായ ആമസോണ്‍ സിഇഒ ജെഫ് ബെസോസിന് പ്രതിദിനം നഷ്ടമാകുന്നത് 7 ബില്യണ്‍ ഡോളര്‍.
കൊറോണ ആമസോണിന്റെ ഓഹരിവിലയിലും പ്രതിഫലിച്ചതോടെയാണ് ഈ നഷ്ടം. ഒറ്റരാത്രി കൊണ്ട് ബെസോസിന്റെ സമ്പത്ത് 117 ബില്യണ്‍ ഡോളറില്‍ നിന്നും 110 ബില്യണായി കുറഞ്ഞെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊറോണ മൂലം കനത്ത നഷ്ടം നേരിടുന്ന മേഖലകളില്‍ ഒന്ന് സാങ്കേതിക വിഭാഗമാണ്. കഴിഞ്ഞമാസം മാത്രം 18 ദശലക്ഷം ഡോളറാണ് ബെസോസിന് നഷ്ടമായത്. അമേരിക്കയിലെ നാല് വമ്പന്‍ കമ്പനികള്‍ക്കും കനത്ത തിരിച്ചടി ഉണ്ടായി. ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് എന്നിവരുടെ വിപണിമൂല്യം ഒറ്റ ദിവസം കൊണ്ട് 321 ബില്യണ്‍ ഡോളറിന് അടുത്ത് നഷ്ടം സംഭവിച്ചു. ടെസ്ളാ സിഇഒ എലോണ്‍ മസ്ക്കിന് ഒറ്റരാത്രി കൊണ്ടു നഷ്ടമുണ്ടായത് 4 ബില്യണ്‍ ഡോളറാണ്.
നഷ്ടം ആമസോണ്‍ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വന്‍കിട കമ്പനികളെല്ലാം ആള്ക്കാര് കൂടുന്ന പരിപാടികള്‍ക്ക് തല്ക്കാലം കര്ട്ടന് ഇട്ടിരിക്കുകയാണ്. ജീവനക്കാരോട് ഓഫീസില്‍ വരേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോയിലെയും ന്യൂയോര്‍ക്കിലെയും ഓഫീസുകള്‍ ഗൂഗിള്‍ അടച്ചിരിക്കുകയാണ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ സിഇഒ ടീം കുക്കും ജീവനക്കാര്‍ക്ക് ഈ രീതിയിലുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.






