
ആരോഗ്യത്തിന് ഏറെ ആശങ്ക ഉയര്‍ത്തുന്ന വേനല്‍ക്കാലം വരവായി. പൊതുവേ ശരീരബലം കുറഞ്ഞിരിക്കുന്ന കാലമാണ് വേനല്‍. അതിനാല്‍ ഇക്കാലത്തെ കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങളില്‍നിന്നും രക്ഷനേടാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചേ പറ്റൂ.
ഈ അവസ്ഥയില്‍ ആയുര്‍വേദം ചില ചിട്ടകള്‍ അനുശാസിക്കുന്നു. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നീ ആറ് ഋതുക്കളില്‍ അന്തരീക്ഷത്തിലും ശരീരത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, അതിനനുസരിച്ച് നാം പിന്തുടരേണ്ട ജീവിതചര്യകള്‍ ഇവയെക്കുറിച്ച് ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
ഗ്രീഷ്മത്തില്‍ (വേനല്‍) കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചും അവ ഒഴിവാക്കാന്‍ പാലിക്കേണ്ട ജീവിതചട്ടങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്.
നിര്ജലീകരണംതടയാം
ശരീരം തണുപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയര്‍പ്പ്. എന്നാല്‍ ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം എന്ന അവസ്ഥയുണ്ടാകുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നു. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അല്പാല്പമായി ഇടവിട്ട് കുടിക്കുക. വേനല്‍ കാലത്ത് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്ന് ശമിപ്പിക്കുന്നു. ലവണനഷ്ടം പരിഹരിക്കാനും ഇത് സഹായിക്കുന്നു.
2. കൊത്തമല്ലി ചതച്ച് തണുത്തവെള്ളത്തില്‍ തലേദിവസം ഇട്ടുവച്ച് പിറ്റേദിവസം അരിച്ച് പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് അത്യുഷ്ണത്തിന് ശമനമേകും.
3. മലര്‍പ്പൊടിയും പഞ്ചസാരയും വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ക്ഷീണമകറ്റുന്നതിന് സഹായിക്കുന്നു.
മൂത്രാശയരോഗങ്ങള്‍ ഒഴിവാക്കാം
മൂത്രസംബന്ധ രോഗനിരക്ക് വര്‍ധിക്കുന്നത് വേനല്‍ സമയത്താണ്. മൂത്രത്തിന് ചൂട് അനുഭവപ്പെടുക, അളവ് കുറയുക, മഞ്ഞനിറം ഇവ ചൂടുകാലത്ത് കണ്ടുവരുന്നു. ശരീരത്തിന് ആവശ്യമായ വെള്ളം ഇല്ല എന്നുള്ളതിന്റെ സൂചനയാണിത്. ഈ പ്രശ്നം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പോംവഴി.
1. രാമച്ചം ശുദ്ധജലത്തില്‍ ഇട്ടു കുടിക്കാന്‍ ഉപയോഗിക്കാം.
2. തഴുതാമ, ഞെരിഞ്ഞില്‍ ഇവയില്‍ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രാശയരോഗങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
3. കൂവനൂറ് പാലില്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ ചൂടും പുകച്ചിലും കുറയ്ക്കുന്നു.
4. വൃക്കരോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഹാരാദികളില്‍ മാറ്റം വരുത്തേണ്ടതാണ്.
പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാന്‍
വേനലില്‍ ജലാശയങ്ങള്‍ വറ്റിവരളുന്നതിനാല്‍ ശുദ്ധജലക്ഷാമം വര്‍ധിക്കുന്നു. കുടിവെള്ളസ്രോതസുകള്‍ മലിനപ്പെടുന്നു. അതിനാല്‍ മഞ്ഞപ്പിത്തം, ഛര്‍ദ്ദി, ടൈഫോയ്ഡ്, അതിസാരം, കോളറ തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്.
വായുജന്യരോഗങ്ങളായ ചിക്കന്‍പോക്സ്, അഞ്ചാംപനി, ചെങ്കണ്ണ് എന്നിവയും വേനല്‍കാലത്ത് പടര്‍ന്നുപിടിക്കാറുണ്ട്. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ആസ്ത്മ, അലര്‍ജി, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ തീവ്രത വര്‍ധിക്കുന്നു.
1. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്.
3. ഭക്ഷണത്തിനുമുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട് കൈകഴുകുക.
4. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യസഹായം തേടുക. ചിക്കന്‍പോക്സ്, അഞ്ചാംപനി ഇവ വന്നാല്‍ രോഗിക്ക് പ്രത്യേക ചികിത്സാസൗകര്യം നല്‍കുക.
5. ശുദ്ധജലം ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കണ്ണ് കഴുകുക. ഇളനീര്‍കുഴമ്പ് നിത്യേന കണ്ണിലെഴുതുന്നത് ചെങ്കണ്ണ് ചൊറിച്ചില്‍ തുടങ്ങിയ നേത്രരോഗങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.
ചര്‍മ്മരോഗങ്ങള്‍
സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ആദ്യം പ്രകടമാകുന്നത് ചര്‍മ്മത്തിലാണ്. ജലാംശം നഷ്ടപ്പെടുന്നതുമൂലം ത്വക്ക് വരളുന്നു, ചര്‍മ്മം നേര്‍ത്ത പാളികളായി ഇളകിപ്പോകുന്നു. ഉച്ചസമയത്തെ വെയിലേല്ക്കുന്നതുമൂലം ത്വക്കിന് കരിവാളിപ്പ്, നിറഭേദം, വേദന, പുകച്ചില്‍, നീര് എന്നിവ പ്രകടമാകും. സൂര്യപ്രകാശമേറ്റ് 3-5 മണിക്കൂറിനുള്ളില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. പൊടിപടലങ്ങള്‍ പറ്റിപ്പിടിച്ച് ചൊറിച്ചില്‍, ചുവപ്പ്, തടിപ്പ്, കുമിളകള്‍ പ്രത്യക്ഷപ്പെടുക എന്നീ ലക്ഷണങ്ങളും കാണപ്പെടാം.
കട്ടിയുള്ള വസ്ത്രങ്ങള്‍, യൂണിഫോം ഇവ ധരിച്ച് ജോലി ചെയ്യേണ്ടിവരുന്നവരില്‍ താപബഹിര്‍ഗമനം സുഗമമായി നടക്കില്ല. സോറിയാസിസ്, എക്സിമ തുടങ്ങിയ ത്വക്രോഗങ്ങള് ഉള്ളവരില്‍ വിയര്‍പ്പിലൂടെയുള്ള താപനഷ്ടതടസം രോഗസ്ഥിതിയെ വഷളാക്കുന്നു. ഇങ്ങനെ ദേഹപ്രകൃതിക്കനുസരിച്ച് വ്യത്യസ്തങ്ങളായ ചര്‍മ്മപ്രശ്നങ്ങളാണ് സൂര്യപ്രകാശം മൂലം ഉണ്ടാകുന്നത്.
സൂര്യാഘാതത്തില്‍ നിന്നും രക്ഷനേടാം
അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീര്‍ണാവസ്ഥ കേരളത്തിലും ഇപ്പോള്‍ സംഭവിക്കുന്നു. കഠിന ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും ഇത് മരണത്തിലേക്ക് വരെ വഴിതെളിച്ചേക്കാം.
പ്രായമേറിയവരിലും കുട്ടികളിലുമാണ് സൂര്യാഘാതലക്ഷണങ്ങള്‍ പെട്ടെന്ന് പ്രകടമാവുന്നത്. എന്നാല്‍ കടുത്തചൂടില്‍ അധ്വാനിക്കുന്ന ആരോഗ്യദൃഢഗാത്രന്മാര്, കര്‍ഷകര്‍, കായികതാരങ്ങള്‍ എന്നിവരിലും ചൂടിന്റെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുന്നു. ഇങ്ങനെ സൂര്യാഘാതം ഏല്‍ക്കുന്നതുവഴി പൊള്ളല്‍ മുതല്‍ മരണം വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.
1. പൊള്ളലേല്‍ക്കുന്ന ഭാഗത്ത് പുരട്ടാന്‍ കറ്റാര്വാഴപ്പോളനീരാണ് ഏറ്റവും നല്ലത്.
2. കഞ്ഞിവെള്ളം തുണിയില്‍ നനച്ചിടുക.
3. പൊള്ളലേറ്റ ഭാഗത്ത് തേന്‍, നെയ്യ് ഇവ പുരട്ടുക.
ഒഴിവാക്കേണ്ടവ
1. വെയിലത്തുനിന്നുള്ള വ്യായാമം, കഠിനാധ്വാനം ഇവ ഒഴിവാക്കുക. പ്രത്യേകിച്ച് ഉച്ചസമയത്തെ വെയില് കൊള്ളരുത്.
2. ചായ, കാപ്പി ഇവ കൂടുതല്‍ ഉപയോഗിക്കരുത്.
3. എരിവ്, പുളി, ഉപ്പ് ഇവയുടെ ഉപയോഗം കുറയ്ക്കുക. പപ്പടം, അച്ചാര്‍, മസാല ഇവ ഒഴിവാക്കുക.
4. കൃത്രിമ ശീതളപാനീയങ്ങള്‍, മദ്യം, ബിയര്‍ ഇവ പൂര്‍ണമായി ഒഴിവാക്കുക. ഇവയ്ക്ക് അമ്ലസ്വഭാവവും തീക്ഷ്ണഗുണവും ഉള്ളതിനാല്‍ ചൂടിന്റെ അസ്വസ്ഥത കൂട്ടും.
5. എണ്ണപ്പലഹാരം, മത്സ്യം, മുട്ട, മാംസം ഇവ ഒഴിവാക്കുക.
6. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത്. പോളിസ്റ്റര്‍, നൈലോണ്‍ തുണികള്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.
7. ചുക്ക്, ജീരകം ഇവയിട്ട് തിളപ്പിച്ചവെള്ളം ഉപയോഗിക്കരുത്.
8. വെയിലത്തുനിന്നും വന്ന ഉടന്‍തന്നെ തണുത്തവെള്ളം കുടിക്കരുത്. തണുത്ത വെള്ളത്തില്‍ കുളിക്കകയുമരുത്.
മുന്‍ കരുതലുകള്‍
1. മുന്തിരി, ഓറഞ്ച്, ആപ്പിള്‍, തണ്ണിമത്തന് ഇവ ധാരാളം ഉപയോഗിക്കുക.
2. ജലാംശം കൂടുതലുള്ള പച്ചക്കറികളായ വെള്ളരിക്ക, പാവയ്ക്ക, കുമ്പളങ്ങ, പടവലങ്ങ എന്നിവ ഉപയോഗിക്കുക.
3. പതിമുഖം, കൊത്തമല്ലി ഇവയിട്ട് തിളപ്പിച്ച വെള്ളമോ, മുത്തങ്ങ, ചന്ദനം, ഇരുവേലി, രാമച്ചം, പര്‍പ്പടകപ്പുല്ല് ഇവയില്‍ ലഭ്യമായവ ഇട്ട് തിളപ്പിച്ച വെള്ളമോ കുടിക്കാന്‍ ഉപയോഗിക്കാം.
4. ഭക്ഷണത്തില്‍ സാലഡ് ഉള്‍പ്പെടുത്തണം.
5. വെയിലത്ത് ഇറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക. തൊപ്പി ധരിക്കുക. ശരീരം മുഴുവന്‍ പൊതിയുന്ന കട്ടികുറഞ്ഞ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
6. ഊണിനുശേഷം ഉച്ചയ്ക്ക് കുറച്ചുനേരം കിടക്കണം.
7. രണ്ടുനേരം തണുത്തവെള്ളത്തില്‍ കുളിക്കുക.
8. വറ്റല്മുളകിനു പകരം വേനല്‍ക്കാലത്ത് പച്ചമുളക് ഉപയോഗിക്കുക.
9. അരി, ഗോതമ്പ്, പരിപ്പ് ഇവ കഴിക്കണം.
10. ദഹനരസങ്ങളുടെ ഉത്പാദനവും വിശപ്പും കുറയുന്നതിനാല്‍ എളുപ്പം ദഹിക്കുന്നതും ശീതപ്രധാനവുമായ ഭക്ഷണം കഴിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സന്ധ്യാ ബിസ്
ഗുപ്താസ് ആയുര്‍വേദ ക്ലിനിക്, വൈക്കം.