
എട്ടു വര്‍ഷത്തിനു ശേഷം നിര്‍ഭയയ്ക്ക് നീതി ലഭിച്ചതു പോലെ പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളുടെ കാര്യത്തിലും നിയമം ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തി. പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തുകയും ഇതിന്റെ വീഡിയോ കാണിച്ച് ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്ത സംഭവമാണ് പൊള്ളാച്ചി കേസ്. സംഭവത്തില്‍ ശബരിരാജന്‍, തിരുന്നാവക്കരശ്, വസന്തകുമാര്‍, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിധി വന്നിട്ടില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് കാര്‍ത്തി ഇപ്പോള്‍ രംഗത്തു വന്നത്. എട്ടു വര്‍ഷത്തിനു ശേഷമാണ് നിര്‍ഭയ്ക്ക് നീതി ലഭിച്ചത്. അതുകൊണ്ട് തന്നെ പൊള്ളാച്ചി കേസില്‍ എത്രവര്‍ഷം നീതി നടപ്പാകാന്‍ വേണ്ടിവരുമെന്നാണ് കാര്‍ത്തി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകന് ഉള്‍പ്പെടെ ഒരു വലിയ സെക്സ് റാക്കറ്റ് ഈ കേസിന് പിന്നിലുണ്ടെന്നാണ് ആരോപണം.
എന്നാല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി കേസിനെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനില്ല. ഇതിനെതിരെയാണ് നിര്‍ഭയ കേസ് ചൂണ്ടിക്കാട്ടിക്കൊണ്ട് കാര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. എട്ടുവര്‍ഷത്തിനുശേഷമാണ് നിര്‍ഭയ്ക്ക് നീതി ലഭിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ പൊള്ളാച്ചി കേസില്‍ നീതി നടപ്പാകാന്‍ എത്രകാലം വേണ്ടിവരുമെന്നോര്ത്താണ് ആശ്ചര്യപ്പെടുന്നത്. ഇപ്പോള്‍ തന്നെ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിര്‍ഭയ കേസില്‍ നിന്നും പഠിച്ചത് മറക്കില്ലെന്നാണ് പ്രതീക്ഷയെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിയ്ക്കുന്നു.
2019ല്‍ ആയിരുന്നു പൊള്ളാച്ചിയില്‍ നടന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയത്തിലാകുന്ന പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് പണവും സ്വര്‍ണവും തട്ടിയ സംഭവമായിരുന്നു പൊള്ളാച്ചി കേസ്. നിരവധി പെണ്‍കുട്ടികള്‍ ഇരയായെങ്കിലും, 19 കാരിയായ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് തനിക്ക് നേരിട്ട ദുരനുഭവം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.






