
വാഷിങ്ടൺ : ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ വിശപ്പനുഭവിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് താങ്ങായി നടി ആഞ്ജലീന ജോളി. സ്കൂളുകൾ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം ലഭിക്കാതെ ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാൻ ഏഴരക്കോടി രൂപയാണ് നടി സംഭാവന നൽകിയത്. നോ കിഡ് ഹങ്ക്രി എന്ന സംയുക്ത സംഘടനയ്ക്കാണ് നടി തുക കൈമാറിയത്.
'കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളുകൾ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങൾ ജീവിക്കുന്നുണ്ട്. അമേരിക്കയിൽ തന്നെ അത്തരത്തിൽ 22 മില്യൺ കുട്ടികളുണ്ടെന്ന് ചില കണക്കുകൾ പറയുന്നു. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങൾക്ക് താങ്ങാകാനാണ് ഈ സംഘടന.' ഒരു വിദേശമാധ്യമത്തോടു സംസാരിക്കവെ ആഞ്ജലീന പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായങ്ങളുമായി ഹോളിവുഡ് താരങ്ങളായ റിഹാന, അർണോൾഡ് ഷ്വാസനേഗർ, റയാൻ റെയ്നോൾഡ്സ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.






