
കോട്ടയം: കോവിഡ് ലോക്ക് ഡൗണ്‍ കാരണം അതിഥി തൊഴിലാളികള്‍ക്ക് അന്നം മുട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞെങ്കിലും വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുകള്‍ (ജി.ഒ.) ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണ- താമസ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലയേല്പ്പിച്ചിട്ടുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഗ്രാമ പഞ്ചായത്തുകള്‍ നിസഹകരണത്തിലാണ്.
അവര്‍ക്കു ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകളിലും തൊഴിലാളികളുടെ കരാറുകാരിലും ചുമത്തി െകെകഴുകുകയാണ്. എന്നാല്‍ പകുതിയോളം തൊഴിലാളികള്‍ ഏതെങ്കിലും കരാറുകാരുടെ കീഴിലല്ല. ഇവര്‍ക്ക് ആരു ഭക്ഷണം നല്‍കും എന്നതിനെച്ചൊല്ലിയാണ് ഉത്തരവാദിത്തതര്ക്കം. വലിയ വാടക വാങ്ങുന്നതു കൊണ്ട് കെട്ടിട ഉടമകള്‍ ഭക്ഷണം നല്‍കണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെട്ടിട ഉടമകളേക്കൊണ്ട് ഭക്ഷണം കൊടുപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലെ പ്രധാന ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂര്‍ മേഖലയിലെ വെങ്ങോല ഗ്രാമ പഞ്ചായത്തില്‍ നാലോളം ബില്‍ഡിങ് ഉടമകളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുമെന്നറിയിച്ചു. ഒടുവില്‍ ഭക്ഷണം നല്കിക്കൊള്ളാമെന്ന് സമ്മതിച്ചാണ് ഇവര്‍ അറസെ്റ്റാഴിവാക്കിയത്. എന്നാല്‍ ഇന്നലെയും വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറയില് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം മുടങ്ങി. ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തിയപ്പോള്‍ തൊഴിലാളികളെ താമസിപ്പിക്കാന്‍ ഉപ കരാര്‍ എടുത്ത ഇതര സംസ്ഥാന കരാറുകാരനാണ് ഉത്തരവാദിത്തം എന്നു പറഞ്ഞ് കെട്ടിട ഉടമ െകെ കഴുകി.
ഇരുന്നൂറും മുന്നൂറും പേര്‍ക്ക് ഈ ലോക് ഡൗണ്‍ സമയത്ത് എങ്ങനെ ഭക്ഷണം നല്‍കും എന്നാണവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമുണ്ടങ്കിലും ഭക്ഷ്യ ധാന്യങ്ങള്‍ കൃത്യമായി ഇതുവരെ ഇവിടങ്ങളില്‍ എത്തുന്നില്ല എന്നു ചുരുക്കം. കേരളത്തില്‍ പ്രധാന അതിഥി തൊഴിലാളി ക്യാമ്പുകള്‍ ഉള്ളത് കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപമുള്ള കണ്ടന് തറ, അമ്പലമുകള്‍, കരിമുകള്‍, വാത്തുരുത്തി, കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്ന്, കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, പോത്തുംകടവ്, പാലക്കാട് പട്ടാമ്പിയിലെ പള്ളം റോഡ് എന്നിവയാണ്. എല്ലായിടത്തും തൊഴിലാളികളുടെ എണ്ണം മൂവായിരത്തിലേറെയാണ്. ചില സ്ഥലങ്ങളില്‍ പതിനായിരത്തിനു മേലും.
മിക്കയിടങ്ങളിലും ഭക്ഷണലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂന്നാലു ദിവസമായി ഉണ്ട്. പ്രശ്നം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ തദ്ദേശ വകുപ്പ് ഉന്നതരുടെ ശ്രദ്ധയില്പ്പെടുത്തിയതാണെതിലും പ്രശ്നം പ്രായോഗികമായി പരിഹരിക്കുന്നതിനുള്ള നടപടി എടുത്തില്ല. ലോക് ഡൗണിനെത്തുടര്‍ന്ന് വാത്തുരുത്തിയില്‍ നാവികസേനയാണ് ഭക്ഷണം നല്‍കുന്നത്. അമ്പലമുകളില്‍ ബി.പി.സി.എല്ലും. വെള്ളിമാടുകുന്നില്‍ ഒരു എന്‍.ജി.ഒ. കുറച്ചുപേര്‍ക്കുള്ള ഭക്ഷണം ഇന്നലെ എത്തിച്ചു.
വാഹന ഗതാഗതം ഇല്ലാത്തതിനാല്‍ നാട്ടിലേക്കു മടങ്ങാനാവാത്ത അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഭക്ഷ്യ വസ്തുക്കള്‍ അവര്‍ക്ക് നല്കിയാലും പാകം ചെയ്യല്‍ പലയിടത്തും പ്രായോഗികല്ല. ഗ്യാസ് കണക്ഷന് നല്കാഞ്ഞതിനാല് ഇവര്‍ കരിഞ്ചന്തയില്‍ സിലിണ്ടര്‍ വാങ്ങിയോ ഡീസല്‍ വാങ്ങിയോ ആണ് പാചകം ചെയ്യാറുള്ളത്.
തൊഴില്‍ കൂടി നഷ്ടപ്പെട്ട ഇവര്‍ക്ക് നിലവില്‍ അത് സാധ്യമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ കമ്യൂണിറ്റി കിച്ചനുകള്‍ക്ക് ഇത്ര വലിയ ആള്‍ക്കൂട്ടത്തെ താങ്ങാനാവില്ല. മാത്രമല്ല സാമൂഹിക അകലം എന്ന കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനവുമാകും. ഇവരുടെ ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ച് അത് പാകം ചെയ്യാനുള്ള സംവിധാനമൊരുക്കി ജില്ല - തദ്ദേശ സ്ഥാപന ഭരണകൂടങ്ങള്‍ ഏകോപനം ഉറപ്പാക്കണം. അല്ലെങ്കില്‍ ഗുരുതരമായ സാമൂഹിക പ്രശ്നം സംസ്ഥാനം നേരിടേണ്ടിവരും.






