
ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി പോയ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിയതിനെതുടര്‍ന്ന് , തിരികെ നാട്ടിലെത്താന്‍ മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ ഫോണില്‍ വിളിച്ചെന്നും ഷൂട്ടിംഗ് സംഘം സേഫാണെന്നും അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞു.
ജോര്‍ദാനില്‍ നിന്ന് മടങ്ങുന്നത് സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഷൂട്ടിംഗ് സംഘം കത്തയച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മല്ലിക പറഞ്ഞു. ഈ മാസം അഞ്ചാം തീയതി ഷൂട്ടിംഗ് അവസാനിപ്പിക്കാനിരിക്കെയാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ബന്ധപ്പെട്ട അധികാരികളുടെ പെര്മിഷന് വാങ്ങിയാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. എട്ടാം തീയതി വരെയാണ് വിസ കാലാവധിയുള്ളത്. എന്നാല്‍ കൊറോണ വ്യാപനം കാരണം ആദ്യം ലോക്ക് ഡൗണ്‍ ചെയ്ത രാജ്യങ്ങളിലൊന്നാണ് ജോര്‍ദാന്‍. അതുകൊണ്ടുതന്നെ വിസ കാലാവധി കഴിഞ്ഞാലും ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് അനുകൂലമായ നടപടികളെ അധികൃതര്‍ സ്വീകരിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
ജോര്‍ദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവരിപ്പോഴുള്ളത്. ഒരു മാസം മുമ്പാണ് ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം.






