
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മൊത്തം സ്തംഭിച്ചിരിക്കുകയാണ്. ലോക്ക്ഡൗണില്‍ 15 ദിവസംകൊണ്ട് ജനങ്ങള്‍ ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 53,000 കോടി രൂപയാണെന്ന് കണക്കുകള്‍. മാര്‍ച്ച് 13വരെയുള്ള കേവലം 15 ദിവസംകൊണ്ടാണ് ഇത്രയും തുക പിന്‍വലിച്ചിരിക്കുന്നത്. അടച്ചിടുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍നിന്നും എടിഎമ്മുകളില്‍നിന്നും പണമെടുക്കാന്‍ കഴിയുമോയെന്ന ആശങ്കമൂലമാണ് ബാങ്ക് ശാഖകളിലെത്തി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതെന്ന് ആക്സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സുഗതാ ഭട്ടാചാര്യ പറയുന്നു.
ആവശ്യം വര്‍ധിച്ചതിനെതുടര്‍ന്ന് കൂടുതല്‍ പണം ലഭ്യമാക്കിയതായി ആര്‍ബിഐ വിശദീകരിച്ചു. 16 മാസത്തിനിടയില്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ഉത്സവ സീസണുകളിലും തിരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതല്‍ തുക നിക്ഷേപകര്‍ പിന്‍വലിക്കാറുള്ളതെന്ന് ആര്‍ബിഐ പറയുന്നു. മാര്‍ച്ച് 13ലെ ആര്‍ബിഐയുടെ കണക്കുപ്രകാരം 23 ലക്ഷംകോടി രൂപയാണ് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ളത്.
ബാങ്കുകളിലെ സേവനങ്ങളും പരിമിതപ്പെടുത്തിയിട്ടുണ്ട്. ചെറിയ തുകകള്‍ എടിഎമ്മില്‍ നിന്ന് തന്നെ നിര്‍ബന്ധമായും പിന്‍വലിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്.






