
വിടര്‍ന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയുംകൊണ്ട് മലയാളത്തിലെ പുതുമുഖ നായികമാരില്‍ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രാമചന്ദ്രന്. ഞാന്‍, പ്രേതം, സണ്‍ഡേ ഹോളിഡേ, ചാണക്യതന്ത്രം, നോണ്‍സെന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമാരംഗത്ത് സജീവ സാന്നിദ്ധ്യമായിക്കഴിഞ്ഞിട്ടുണ്ട് ഈ നടി. മലയാളത്തിന് പുറമേ തെലുങ്കിലും ഇപ്പോള്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ താരം.
പിറന്നാള്‍ സമ്മാനം
പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് ഫ്രാന്‍സിസ് എനിക്ക് സമ്മാനിച്ച സിനിമയാണ് അന്വേഷണം. അദ്ദേഹമാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സിനിമയിലെ അരവിന്ദ്, കവിത എന്നീ കഥാപാത്രങ്ങളായി ജയസൂര്യയേയും എന്നേയും മനസില്‍ കണ്ടാണ് എഴുതിയത്.
അന്വേഷണത്തിലൂടെയാണ് ഞാനാദ്യമായി ഇത്രയും ക്ലോസ്ഡായിട്ടുള്ള ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. എനിക്ക് ബര്‍ത്ത്ഡേ ഗിഫ്റ്റായി തന്നത് ഈ സിനിമയുടെ സ്ക്രിപ്റ്റാണ്. അതിനുശേഷം ആറുമാസം കഴിഞ്ഞാണ് ജയേട്ടനെ കാണുന്നതും സംസാരിക്കുന്നതും. ഇതിനിടയില്‍ സിനിമയിലെ ഓരോ കഥാപാത്രത്തെയും കുറിച്ച് അറിയാനും വിശദമായി പഠിക്കാനുമൊക്കെ കഴിഞ്ഞു.
ക്യൂട്ട് പ്രേതം
പ്രേതം എന്റെ രണ്ടാമത്തെ സിനിമയായിരുന്നു. പുതുമുഖമെന്ന നിലയില്‍ ആ സിനിമയുടെ ലൊക്കേഷനില്‍ വളരെ സ്നേഹത്തോടെയാണ് ജയേട്ടന് എല്ലാവര്ക്കും പരിചയപ്പെടുത്തി കംഫര്‍ട്ടബിളാക്കിയത്. പിന്നീട് എന്റെ എട്ടാമത്തെ ചിത്രത്തില്‍ ജയേട്ടന്റെ നായികയായി. അപ്പോഴേക്കും സിനിമ എന്റെ പാഷനായി മാറിയിരുന്നു. ആ സിനിമയുടെ ലൊക്കേഷനില്‍ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായ ഉപദേശങ്ങളും നിര്ദ്ദേശങ്ങളുമൊക്കെയാണ് ജയേട്ടനില്‍ നിന്ന് കിട്ടിയത്.
ഇമേജില്‍ പേടിയില്ല
അന്വേഷണം എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. അതോടെ അമ്മ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയൊന്നും എനിക്കില്ലായിരുന്നു. ആ സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കണമെന്നേയുണ്ടായിരുന്നുള്ളൂ. ഒരു ആര്‍ട്ടിസ്റ്റിനെ ക്യാരക്ടറായി കാണാതെ ആര്‍ട്ടിസ്റ്റായി കാണുന്ന സംവിധായകരാണ് ഇന്നുള്ളത്.
വെബ്സീരീസ്
ഡോള്‍ ഹൗസ് ഡയറീസ് എന്നാണ് എന്റെ ആദ്യത്തെ തമിഴ് വെബ് സീരിസിന്റെ പേര്. റിയല്‍ ലൈഫ് ഇവന്റ്സ് ആണ് ഇതില്‍ കാണിച്ചിരിക്കുന്നത്. നാസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്നൊരു മെന്റല്‍ ഡിസോര്‍ഡര്‍ അടിസ്ഥാനമാക്കിയാണ് കഥ.
ശിവദ വഴിയാണ് ഞാന്‍ വെബ്സീരീസിലെത്തിയത്. ശിവദയുടെ സുഹൃത്താണ് ഇതിന്റെ തിരക്കഥാകൃത്ത്.
ഡിയര്‍ ക്രോമേഡ്
മലയാളത്തില്‍ നിന്ന് തെലുങ്കിലേക്ക് പോയപ്പോള്‍ ഒരു ആശങ്കയുണ്ടായിരുന്നു. വലിയ സെറ്റ്, പ്രൊഡക്ഷന്‍ ടീം ഇതൊക്കെ കാരണമുള്ളൊരു ആശങ്ക. പക്ഷേ മലയാളം പോലെ എല്ലാരും കൂളായി വര്‍ക്ക് ചെയ്യുന്ന ഒരു ടീമായിരുന്നു ഡിയര്‍ കോമ്രേഡ് സെറ്റ്. എല്ലാവരുടേയും ഒപ്പം വര്‍ത്തമാനമൊക്കെ പറഞ്ഞ് എന്ജോയ് ചെയ്തിരുന്നു. ഞാന്‍ അഭിനയിച്ച സിനിമ കണ്ടിട്ടാണ് തെലുങ്കിലേക്ക് വിളിക്കുന്നത്. ഒരു ഡാന്‍സറുടെ വേഷമായിരുന്നു അത്.
വിജയ് ദേവരകൊണ്ടയോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും കംഫര്‍ട്ടബിള്‍ ആയിരുന്നു. കോ ആക്ടറിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് വിജയ്. തെലുങ്ക്, മലയാളം ചിത്രങ്ങള്‍ തമ്മില്‍ പ്രൊഡക്ഷന്‍ വാല്യുവില്‍ ഉള്ള വ്യത്യാസം മാത്രമേയുള്ളൂ. വളരെ കംഫര്‍ട്ടബിളായ സെറ്റാണ് തെലുങ്കിലേത്. മലയാളം സിനിമ ഒരുപാടിഷ്ടപ്പെടുന്നവരാണവര്. ഭാഷയുടെ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹ സംവിധായകരൊക്കെ ഒരുപാടെന്നെ സപ്പോര്‍ട്ട് ചെയ്തു.
അപ്രതീക്ഷിത അവസരം
സിനിമയില്‍ ആഗ്രഹിച്ചെത്തിയതല്ല. മാസ്റ്റേഴ്സ് ചെയ്യുന്നതിന് മുമ്പാണ് ഞാന്‍ എന്ന സിനിമയില്‍ അഭിനയിച്ചത്. അതിന് ശേഷം പഠനം പൂര്‍ത്തിയാക്കി. ഒരു കൊല്ലം ജോലി ചെയ്തശേഷമാണ് പ്രേതത്തില്‍ അഭിനയിച്ചത്. ഇതൊക്കെ ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിച്ചതാണ്.
നൃത്തത്തോട് പ്രണയം
ദിവസവും നൃത്തം പ്രാക്ടീസ് ചെയ്യാറുണ്ട്. ഇനി ഒരു ഷോ ചെയ്യണമെന്നുണ്ട്. എന്റെ പാഷനാണ് നൃത്തം. സമയമില്ലെന്ന് പറഞ്ഞ് എന്റെ ഇഷ്ടങ്ങളൊന്നും മാറ്റി വയ്ക്കാറില്ല.
പഠനകാലം
മൈസൂരിലാണ് ബാച്ചിലേഴ്സ് ചെയ്തത്. അതിനുശേഷം മുംബൈയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. ശേഷം സ്പെയിനിലെ ബാഴ്സലോണയില്‍ നിന്ന് മാസ്റ്റേഴ്സ് ചെയ്തു. പുറത്തുപോയി പഠിക്കുമ്പോള്‍ നമ്മുടെ ലോകം കുറേക്കൂടി വലുതാകും. കുറേ ആളുകളെ കാണാനും കൂടുതല്‍ കാര്യങ്ങളറിയാന്‍ കഴിയും.
സോഷ്യല്‍ മീഡിയ
പത്രങ്ങളിലൂടെയും സോഷ്യല്മീഡിയയിലൂടെയുമൊക്കെ ഒരുപാട് അറിവുണ്ടാകും. ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഏറ്റവും നല്ല മീഡിയമാണത്. സോഷ്യല്‍ മീഡിയ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന ആളാണ് ഞാന്‍.
പ്രണയവും വിവാഹവും
പ്രേതം സിനിമയ്ക്കുശേഷം എന്തുകൊണ്ട് സിനിമയെ സീരിയസായി കണ്ടുകൂട എന്ന ഫ്രാന്‍സിസ് ചോദിച്ചതുകൊണ്ടാണ് ഞാനിന്ന് എട്ടാമത്തെ സിനിമ പൂര്‍ത്തിയാക്കി മുന്നോട്ട് പോകുന്നത്. പ്രേതം സിനിമ കഴിഞ്ഞയുടനെയായിരുന്നു വിവാഹം. അപ്പോഴൊന്നും സിനിമയില്‍ തുടരണമെന്ന് മനസില്‍ പോലും ഉണ്ടായിരുന്നില്ല. ഫ്രാന്‍സിസിന്റെ സപ്പോര്‍ട്ട് ഒന്നുകൊണ്ടുമാത്രമാണ് ഇന്നും ഞാനൊരു അഭിനേത്രിയായി തുടരുന്നത്.
കുടുംബം
എന്നേയും അനിയത്തി കാവ്യയേയും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് മാതാപിതാക്കളാണ്. അമ്മൂമ്മയും വലിയ സപ്പോര്‍ട്ടാണ്.
പഠിച്ചതെന്നും കൂടെയുണ്ടാകും, എപ്പോള്‍ വേണമെങ്കിലും ആ ജോലിയിലേക്ക് തിരിച്ച് വരാം. സിനിമ ഇഷ്ടമാണെങ്കില്‍ ഇനിയും അഭിനയിക്കണം എന്നു പറഞ്ഞത് അവരാണ്. അപ്പൂപ്പന് എസ്. എ നായര്‍ സിനിമയില്‍ പബ്ലിസിറ്റി ആര്‍ട്ടിസ്റ്റായിരുന്നു. ചെമ്മീന്‍ സിനിമയുടെ പോസ്റ്ററൊക്കെ അപ്പൂപ്പനാണ് ചെയ്തത്. അതല്ലാതെ സിനിമയെക്കുറിച്ച് എനിക്ക് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല.
സിനിമ എന്താണെന്ന് പോലുമറിയാതെയാണ് ആദ്യ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചത്. പിന്നീട് സിനിമയോട് ഇഷ്ടം കൂടിയപ്പോള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളറിയാനും നല്ല സിനിമകള്‍ കാണാനും ശ്രമിച്ചു. ഫ്രാന്‍സിസും സിനിമ ഫീല്‍ഡില്‍ ഉള്ളതുകൊണ്ട് ഞങ്ങളൊരുമിച്ചാണ് പഴയ സിനിമകളൊക്കെ കാണുന്നത്. മലയാളിയല്ലെങ്കിലും ഫ്രാന്‍സിസിന് മലയാളം സിനിമകള്‍ ഒരുപാടിഷ്ടമാണ്.
അയണ്‍ ലേഡി
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചവരില്‍ ഒരാളുടെ പേര് മാത്രമായി പറയാനാവില്ല. ദിവസവും കാണുന്ന ആളുകള്‍ എല്ലാവരുംതന്നെ ഏതെങ്കിലുമൊരു രീതിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അമ്മയും അമ്മൂമ്മയും അനിയത്തിയും സുഹൃത്തുക്കളുമെല്ലാം അവരില്പ്പെടുന്നു. ഇവരില്‍ നിന്നെല്ലാം എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും.
അശ്വതി അശോക്