
കുങ്ഫു മാസ്റ്റര്‍ എന്ന ചിത്രത്തിലെ കാഴ്ചകള്‍ സിനിമ കണ്ട ആരുടേയും കണ്ണില്‍നിന്നും മനസില്‍നിന്നും മാഞ്ഞുപോയിട്ടില്ല. അത്രയും ദൃശ്യമനോഹരമായിട്ടാണ് ആ സിനിമയിലേക്കുവേണ്ട കാഴ്ചകളെ അര്ജുന് രവി എന്ന പുതുമുഖ ഛായാഗ്രാഹകന്‍ തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത്.
ഛായാഗ്രാഹകന്‍ എന്നതിനപ്പുറം മറ്റൊരു വിശേഷണം കൂടിയുണ്ട് അര്ജുന്. പ്രശസ്ത സംവിധായകന് മേജര്‍ രവിയുടെ മകന് കൂടിയാണ് ഈ ചെറുപ്പക്കാരന്. അച്ഛന്റെ സിനിമയിലൂടെ അഭിനേതാവായി തുടക്കംകുറിച്ചുവെങ്കിലും ക്യാമറയും ഛായാഗ്രഹണവുമായിരുന്നു എപ്പോഴും അര്‍ജുന്റെ മനസില്‍. തന്റെ ക്യാമറയില്‍ പതിഞ്ഞ കുങ്ഫു മാസ്റ്റര്‍ എന്ന ആദ്യത്തെ ചിത്രത്തെക്കുറിച്ചും സിനിമ സ്വപ്നങ്ങളെക്കുറിച്ചും, അച്ഛനമ്മമാരെക്കുറിച്ചും അര്ജുന് മനസ്സുതുറക്കുന്നു...
ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടമാണോ സിനിമയിലേക്ക് വഴിതുറന്നത്?
അതൊരു കാരണമാണെന്നു പറയാം. ഞാന്‍ ചെന്നൈയിലാണ് പഠിച്ചതും വളര്‍ന്നതും. ഊട്ടിയിലായിരുന്നു സ്കൂള്‍ ജീവിതം. എന്റെ പഠനകാലത്തുതന്നെ അച്ഛന് ആര്‍മി ജീവിതം കഴിഞ്ഞ് ഫിലിം ഇന്‍ഡസ്ട്രിയില്‍ കയറിയിട്ടുണ്ടായിരുന്നു. അച്ഛന് സിനിമയോടുള്ള ഇഷ്ടം കണ്ടുതന്നെയാണ് ഞാനും സിനിമയെ സ്നേഹിച്ചുതുടങ്ങിയത്.
സിനിമയിലേക്കെത്താനുള്ള മാര്‍ഗ്ഗമായിട്ടാണ് ഫോട്ടോഗ്രഫിയെ കണ്ടത്. ഫോട്ടോഗ്രഫിയോട് താല്പര്യം ഉണ്ടായിരുന്നെങ്കിലും അതൊരു കരിയറാക്കണം എന്ന് ആലോചിച്ചിട്ടില്ല. തുടക്കത്തില്‍ ഫോട്ടോഗ്രഫി മാത്രമല്ല ചെന്നൈയിലെ കൂട്ടുകാരോടൊപ്പം ധാരാളം ഷോട്ട്ഫിലിമുകളും ചെയ്തിരുന്നു.
അച്ഛന്റെ സിനിമ ജീവിതം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് ?
ധാരാളം. അച്ഛനും എല്ലാവരേയും പോലെ അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായിട്ടാണ് സിനിമാ രംഗത്തേക്ക് വരുന്നത്. കഠിനമായ പ്രയത്നമുണ്ട് അദ്ദേഹത്തിന്റെ വിജയത്തിനുപിന്നില്‍. ഇന്ഡസ്ട്രിയിലെ ധാരാളം മിടുക്കരായ ഡയറക്ടര്‍മാര്‍, നടീനടന്മാര്, സംഗീതസംവിധായകര്‍, ടെക്നീഷ്യന്‍സ് അങ്ങനെ പല വ്യക്തികളുമായും അച്ഛന് നല്ല ബന്ധമുണ്ട്. ആ ബന്ധങ്ങളൊക്കെ എന്നെയും സ്വാധീനിച്ചിരുന്നു.
പക്ഷേ എത്ര വലിയ സുഹൃത് ബന്ധങ്ങളായാലും ജോലിയുടെ സമയത്ത് അച്ഛന് വളരെ പ്രൊഫഷണലായേ അവരെയൊക്കെ സമീപിക്കൂ. ലാല്‍ അങ്കിളിനേയും പ്രിയദര്ശന് അങ്കിളിനെയുമൊക്കെ പേരെടുത്ത് വിളിക്കുമെങ്കിലും സെറ്റില്‍ വരുമ്പോള്‍ അച്ഛന് അവരെ ലാല്‍ സാര്‍, പ്രിയന് സാര്‍ എന്നൊക്കയേ വിളിക്കാറുള്ളൂ. അതെല്ലാം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ ആ പ്രൊഫഷണലിസവും മറ്റും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
അച്ഛന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടാണല്ലോ തുടക്കം?
അഭിനയിച്ചിട്ടുണ്ട് എങ്കിലും അതിനോടെനിക്ക് വലിയ താല്പര്യമില്ല. അച്ഛന് ഡയറക്ട് ചെയ്ത പുനര്‍ജനി യിലായിരുന്നു ആദ്യമായി അഭിനയിക്കുന്നത്. അഭിനയിക്കാമെന്നൊന്നും പ്ലാന്‍ ചെയ്തുപോയതല്ല. ആര്‍ട്ടിസ്റ്റില്ല, ബജറ്റ് കുറവ് അങ്ങനെ ചില കാരണങ്ങള്‍കൊണ്ട് അച്ഛന് എന്നോട് അഭിനയിക്കാന്‍ പറഞ്ഞതാണ്. പിന്നെ എന്‍ട്രി എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു.
ബാബുരാജ്, രഞ്ജിനി ഹരിദാസ് ഇവരോടൊപ്പമാണ് ഈ സിനിമയില്‍ അഭിനയിച്ചത്. എനിക്ക് പെര്‍ഫോമന്‍സിനായി പെര്‍ഫോം ചെയ്യാന്‍ അറിയില്ല. എന്നാലും വിക്രം പ്രഭുവിനൊപ്പം വാഗ എന്ന തമിഴ് സിനിമയിലും ചാന്‍സ് കിട്ടിയപ്പോള്‍ അഭിനയിച്ചു. അതോടെ തീരുമാനിച്ചു ക്യാമറ പിടിച്ചേ പറ്റൂ, അല്ലാതെ അഭിനയത്തിനുവേണ്ടി സമയം ചിലവഴിക്കുന്നത് ശരിയാവില്ല എന്ന്. എനിക്ക് ഇണങ്ങുന്ന ജോലിയല്ല അത്.
എങ്ങനെയാണ് സിനിമയില്‍ ക്യാമറ പിടിച്ചുതുടങ്ങിയത്?
സിനിമയില്‍ ക്യാമറ ചലിപ്പിക്കണമെങ്കില്‍ അത് ആ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ പഠിക്കണം. അവിടെ നില്ക്കുമ്പോള് കിട്ടുന്ന എക്സ്പീരിയന്‍സ് ഏറെ പ്രധാനമാണ്. അങ്ങനെയാണ് കാമറ അസിസ്റ്റന്റ് ആകുന്നത്. ദേശീയ അവാര്‍ഡ് ജേതാവും തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്തിട്ടുമുള്ള തിരു സാറാണ് എന്റെ ആദ്യത്തെ ഗുരു. തിരു സാറിന്റെ വര്‍ക്കുകള്‍ കണ്ടും, അദ്ദേഹത്തിന്റെ സ്റ്റൈല്‍ ഇഷ്ടപ്പെട്ടുമൊക്കെ തോന്നിയ ആരാധനയാണ്.
അദ്ദേഹത്തെ നേരിട്ടുപോയി കണ്ടു. അദ്ദേഹം കൂടെ നിര്‍ത്തി. ഗീതാഞ്ജലിയാണ് തിരു സാറിനൊപ്പം ചെയ്യുന്ന ആദ്യ ചിത്രം. പിന്നീട് തിരു സാര്‍ സംവിധാനത്തിലേക്ക് കടന്നു. സംവിധാനം എനിക്കൊരു പിടിയുമില്ലാത്ത മേഖലയായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അനുവാദത്തോടെ പ്രദീപ്നായര്‍ സാറിന്റെ അടുത്തേക്കെത്തി.
ലാല്‍ജോസ് സാറിന്റെ ഇമ്മാനുവല്‍ എന്ന ചിത്രത്തിലാണ് ഞാന്‍ പ്രദീപ് സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. അതിനുശേഷം ജോമോന് ടി. ജോണിനൊപ്പം നിന്നു. ചേട്ടന്റെ കൂടെ എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി ജോലിനോക്കി. അതുകഴിഞ്ഞ് അച്ഛന്റെ സിനിമയായ പിക്കറ്റ് 43 യിലും ജോമോന് ചേട്ടനൊപ്പം ജോലിചെയ്തു.
എബ്രിഡ് ഷൈന്‍ ആണല്ലോ സ്വതന്ത്രമായി ക്യാമറ ചെയ്യാന്‍ അവസരം നല്‍കിയത്?
ഇത്രയും മത്സരമുളള, ടഫ് ആയ ഇന്‍ഡസ്ട്രിയില്‍ എനിക്കൊരു ചാന്‍സ് തന്നത് എബ്രിഡ് ഷൈന്‍ സാറാണ്. മേജര്‍ രവിയുടെ മകനാണെന്നു പറഞ്ഞ് ഇന്നുവരെ ആരോടും ഒരു അവസരവും ചോദിച്ചിട്ടില്ല. അച്ഛന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ അവസരങ്ങള്‍ ലഭിച്ചേനെ. അച്ഛനും അങ്ങനെ ഞാന്‍ ചാന്‍സ് ചോദിക്കുന്നത് ഇഷ്ടമല്ല. എന്റെ കഴിവ് തെളിയിച്ചുവേണം എന്നെ ആളുകള്‍ അംഗീകരിക്കുന്ന രീതിയില്‍ മുന്നോട്ടുവരേണ്ടതെന്നാണ് അച്ഛന്റെ പക്ഷം.
എന്നെ വിശ്വസിച്ച് അത്തരമൊരു അവസരം തന്നത് ഷൈന്‍ സാറാണ്. ഒരു ദിവസം അച്ഛന് പറഞ്ഞു. എബ്രിഡ് ഷൈന്‍ ഗോവയില്‍ ഫിലിം ഫെസ്റ്റിവലില്‍ ഉണ്ട് നീ പോയി കണ്ടുനോക്ക് എന്ന്. മികച്ച ഫോട്ടോഗ്രാഫറും സംവിധായകനുമായ അദ്ദേഹം എന്നെ കേള്‍ക്കുമോ എന്ന പേടിയോടെയാണ് അവിടേക്ക് പോയത്. അദ്ദേഹം വളരെ ഡൗണ്‍ ടു എര്‍ത്ത് ആയ ഒരാളാണ്. ക്യാമറയെക്കുറിച്ച് നിനക്ക് എന്തറിയാം എന്നുചോദിച്ചാണ് ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയത്.
ആദ്യം സാറിന് ടെന്‍ഷനുണ്ടായിരുന്നു. പുതിയ പയ്യനല്ലേ എങ്ങനെ ചെയ്യും എന്നൊക്കെയോര്‍ത്ത്. ആദ്യമൊക്കെ ഷൈന്‍ സാര്‍ കൂടെനിന്നു. പിന്നെ എനിക്കത് തനിയെ ചെയ്യാന്‍ കഴിയും എന്നൊരു കോണ്‍ഫിഡന്‍സ് സാറിനും വന്നു. ഒന്‍പത് മാസം എങ്ങനെ പോയെന്നറിയില്ല.
സാര്‍ ക്യാമറയുടെ സൈഡ് നോക്കാറേയില്ലായിരുന്നു, എല്ലാം എന്നെ ഏല്‍പ്പിച്ചു. സാറിന്റെ ഐഡിയയും എനിക്ക് തന്നെ സ്വാതന്ത്രവും നന്നായി ഉപയോഗിച്ച് ക്രീയേറ്റീവായി ചെയ്യാന്‍ കഴിഞ്ഞു. അച്ഛനേയും മകനേയും പോലെയോ ചിലപ്പോള്‍ മൂത്ത സഹോദരനെപ്പോലെയൊ ഒക്കെയായിരുന്നു എന്നോട് ഷൈന്‍ സാര്‍ പെരുമാറിയിരുന്നത്.
കുങ്ഫു മാസ്റ്ററിന് ശേഷം സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചിട്ടുള്ളത് എങ്ങനെയാണ്?
കുങ്ഫു മാസറ്റര്‍ കഴിഞ്ഞ് ഉടനെതന്നെ വാങ്ക് എന്നൊരു ചിത്രം ചെയ്തു. വി.കെ.പി സാറിന്റെ മകള്‍ കാവ്യാപ്രകാശാണ് വാങ്കിന്റെ ഡയറക്ടര്‍.
കാവ്യ എന്റെ കുട്ടിക്കാല സുഹൃത്താണ്. അതിനുശേഷം ഇപ്പോള്‍ ഒരു ഫെസ്റ്റിവല്‍ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പ്രിയപ്പെട്ട ഛായാഗ്രാഹകന്‍?
മേജര്‍ രവി എന്ന അച്ഛനെക്കുറിച്ച്?
അച്ഛന് ആര്‍മി ഓഫീസറായതുകൊണ്ടുതന്നെ വളരെ സ്ട്രിക്ടായിരുന്നു. ഇപ്പോഴും സ്ട്രിക്ടാണ്. ഞങ്ങളെ സ്ട്രോങ് ആക്കാന്‍ വേണ്ടിയാണോ അതോ അച്ഛന് ശരിക്കും അങ്ങനെയാണോ എന്നൊന്നും എനിക്കും അമ്മയ്ക്കും ഇതുവരെ മനസിലായിട്ടില്ല.
അമ്മയുടെ കൂടെയാണ് കൂടുതല്‍ സമയവും ഞാന്‍ ചിലവഴിച്ചിട്ടുള്ളത്. അച്ഛന് വളരെ സ്ട്രോങ് ആണ്. കരിയറിനെയും പ്രൊഫഷനേയും ജീവിതത്തേയും സീരിയസായി കാണുന്ന ഒരു മനുഷ്യന്. വളരെ ബാലന്സിഡായിട്ടുള്ള ഒരാള്‍. അതിനപ്പുറം ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.
അമ്മ പക്ഷേ സോഫ്റ്റായിട്ടുള്ള സ്ത്രീയാണ്. അച്ഛന്റെ സപ്പോര്‍ട്ട് കിട്ടാത്തപ്പോള്‍ ഞാന്‍ അമ്മയുടെ അടുത്തേക്ക് പോകും. പക്ഷേ അമ്മ എപ്പോഴും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് അച്ഛനെയാണ്. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ അമ്മ അച്ഛനായിട്ട് മാറും. എന്നെ ഒരുപാട് ലാളിച്ച് വളര്‍ത്തിയിട്ടില്ല. അത് വേണ്ട, ഇത് ശ്രദ്ധിക്ക് എന്നുപറഞ്ഞ് പിറകെ നടന്നിട്ടുമില്ല.
പത്താംക്ലാസ് കഴിഞ്ഞ സമയത്ത് അച്ഛനോട് പറഞ്ഞു എനിക്കൊരു ബൈക്ക് വാങ്ങിത്തരണം. അച്ഛന് പറഞ്ഞത് നീ ബസില്‍ ടിക്കറ്റെടുത്ത് പോയാല്‍ മതി എന്നാണ്. അമ്മ ഞാന്‍ പറയുന്നതിന് എല്ലാം ശരി, ശരി എന്നുപറയും. അതേസമയം പിറകില്‍നിന്ന് അച്ഛന് പറയുന്നതിനെ സപ്പോര്‍ട്ട് ചെയ്യും. ആദ്യം ചെയ്തുതരില്ലന്നുപറഞ്ഞാലും പിന്നെ അച്ഛന് ആഗ്രങ്ങളൊക്കെ സാധിച്ചുതന്നിട്ടുണ്ട്. അച്ഛനും അമ്മയുമാണ് എന്റെ എല്ലാം.
ഷെറിങ്ങ് പവിത്രന്