
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ജനപ്രീതി നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് അശ്വതി. പെസഹാ ദിനത്തിൽ അശ്വതി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ ആദ്യമായി തന്റെ അമ്മ ഒരു പെസഹാ അപ്പം ഉണ്ടാക്കിയ കഥ പറയുകയാണ് അശ്വതി. 'എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ’ന്ന്. അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത് ! പിന്നല്ല'യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ. ജാതിയ്ക്കും മതത്തിനും അപ്പുറം നില നിൽക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ' അശ്വതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുന്നു.
വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു. ആർ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അശ്വതി.






