'ട്രാൻസി'ൽ ആംസ്റ്റർഡാം തെരുവിന്റെ സെറ്റിട്ടത് ഫോർട്ട് കൊച്ചിയിൽ
'ട്രാൻസി'ൽ ആംസ്റ്റർഡാം തെരുവിന്റെ സെറ്റിട്ടത് ഫോർട്ട് കൊച്ചിയിൽ
Authored by Web Desk | Last updated: 15 Apr 2020, 8:01 PM | 1 min read
അൻവർ റഷീദ്-ഫഹദ് ഫാസിൽ-നസ്രിയ കൂട്ടുകെട്ടിലൊരുങ്ങിയ 'ട്രാൻസ്' എന്ന സിനിമ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. മതങ്ങളുടെ മറവിൽ രോഗശാന്തി ശുശ്രൂഷ എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്യുന്നതുമൊക്കെയാണ് ചിത്രത്തിൽ തുറന്നുകാട്ടിയിരുന്നത്. ഫഹദ് ഫാസിൽ എന്ന നടന്റെ അസാമാന്യ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. വേറിട്ട രീതിയിലുള്ള ഒരു ക്ലൈമാക്സുമായിരുന്നു ചിത്രത്തിന്റേത്. സിനിമയുടെ ക്ലൈമാക്സ് കണ്ട് പലരും രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ആംസ്റ്റര്ഡാമിലാണോ എന്നുവരെ അമ്പരന്നിരുന്നു. പക്ഷേ സത്യം വെളിച്ചത്തായിരിക്കുകയാണിപ്പോള്.
ട്രാൻസ് സിനിമയിലെ ക്ലൈമാക്സില്‍ പ്രേക്ഷകർ വിസ്മയപൂര്‍വ്വം കണ്ടതാണ് ആംസ്റ്റർഡാം രംഗങ്ങൾ. എന്നാലിത് സെറ്റിട്ട് ഷൂട്ട് ചെയ്തത് ഫോർട്ട്കൊച്ചിയിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകരാണ് ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ട്രാൻസ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു ഫഹദ് ചിത്രത്തിലെത്തിയിരുന്നത്. ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ ഷൂട്ട് ചെയ്യുന്നതിന് ഇപ്പോഴത്തെ അവിടുത്തെ പുതിയ നിയമപ്രകാരം അനുവദീയമല്ല. അതിനാൽ ഫോർട്ട്കൊച്ചിയിൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയും ടീമും റെഡ് ഡിസ്ട്രിക്ട് സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ ഓസ്കാര്‍ ജേതാവ് റസൂൽ പൂക്കുട്ടിയും. രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ഹിറ്റുകൾ ഒരുക്കിയ അൻവർ റഷീദാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.
സിനിമയുടെ ക്ലൈമാക്സിൽ ഫഹദ് ഫാസിൽ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളൊക്കെ ഫോർട്ടുകൊച്ചിയിലെ ഈ സെറ്റിലാണ് ചിത്രീകരിച്ചത്. പ്രത്യേക ലൈറ്റ് സംവിധാനങ്ങളും മറ്റുമൊക്കെ കൊണ്ടാണ് റെഡ് ലൈറ്റ് ഡിസ്ട്രികിന്റെ പ്രതീതി കലാസംവിധായകൻ ഒരുക്കിയത്.