
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൗണില്‍ ആയതോടെ വഴിയില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് സഹായമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. സഹതാരമായ യുസ്വേന്ദ്ര ചെഹലുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് അവിചാരിതമായി ഒരു അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം ഷമി വിവരിച്ചത്.
ആ സംഭവത്തോടെ അതിഥി തൊഴിലാളികളുടെ ദുരിതം മനസ്സിലാക്കിയ താന്‍, പ്രാദേശിക സംഘടനകളുടെ സഹായത്തോടെ ഇത്തരക്കാര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഷമി വെളിപ്പെടുത്തി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ അംറോഹയിലുള്ള വീട്ടിലാണ് ഷമി ഇപ്പോള്‍.
ഷമിയുടെ വാക്കുകളിലൂടെ,
'അദ്ദേഹം രാജസ്ഥാനില്‍നിന്ന് വരികയായിരുന്നു. അദ്ദേഹത്തിന് പോകേണ്ടത് ബിഹാറിലേക്കും. ലക്നൗവില്നിന്നുതന്നെ എത്ര ദൂരം സഞ്ചരിച്ചാലാണ് അവിടെയെത്തുക! നാട്ടിലേക്കു പോകാന്‍ അദ്ദേഹത്തിന് മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. വീട്ടിലെ സിസിടിവിയില്‍ അവിചാരിതമായാണ് അദ്ദേഹം തളര്‍ന്നുവീണത് ഞാന്‍ കണ്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു അയാള്‍. ഉടന്‍തന്നെ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമെത്തിച്ചു. താമസവും തരപ്പെടുത്തി' – ഷമി വിവരിച്ചു.






