
കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോട് ഉപമിച്ചതു കാവ്യഭാവന. എന്നും കരയാനും ദുഃഖം അനുഭവിച്ചുതീര്‍ക്കാനും മാത്രമുള്ളതാണു സ്ത്രീജന്മം എന്ന ധാരണ കാവ്യഭാവനയ്ക്കപ്പുറത്തും ചിലരിലെങ്കിലും ഇന്നുമുണ്ട്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നിലപാടുകളുള്ള സ്ത്രീകളാണ് ഇന്നത്തെ സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്. ആനുകാലിക വിഷയങ്ങളില്‍ തന്റെ നിലപാടു രേഖപ്പെടുത്തുകയാണ് മിനി വിനീത് ഈ പംക്തിയിലൂടെ.
.........
പ്രണയം... എന്തൊരു വെളിച്ചമാണ് ആ വാക്കിന്.
നക്ഷത്രവ്യൂഹങ്ങള്ക്കിടയിലെ പ്രകാശവര്‍ഷങ്ങള്‍ പോലെ മനസ്സുകളെ അളന്നു കുറിച്ചെടുക്കുന്ന മാപിനി.
നഷ്ടപ്പെടാന്‍ അവനവന് മാത്രമുള്ള ഒരു ലോകമാണ് പ്രണയമെന്ന് പറഞ്ഞത് എത് പ്രവാചകനായിരിക്കും.
മഹത്തരമാണ് പ്രണയം എന്ന വികാരം. പ്രണയിയുടെ വഴികളില്‍ പതിഞ്ഞ ദു:ഖത്തിന്റെ നിഴല്പാടുകളെ മായ്ച്ചു കളയുന്ന ഉന്മാദിയായ കൊടുങ്കാറ്റാണത്. ഒരേ സമയം തന്നെ നോവിക്കുകയും,മോഹിപ്പിക്കുകയും ചെയ്യുന്ന അനുഭൂതി. മിടിപ്പു നിലയ്ക്കുന്നിടത്ത് ഒരു ജന്മം അവസാനിക്കുന്നതു പോലെ പ്രണയം നിലയ്ക്കുന്നിടത്ത് ഒരു ജന്മത്തിലെ സ്വാസ്ഥ്യും അവസാനിക്കുന്നതുകൊണ്ടാവാം പ്രണയത്തിന്റെ അടയാളം ഹൃദയമായത്.
പ്രണയാവസ്ഥകളില് അതിവൈകാരികത പ്രകടിപ്പിക്കുന്നത് പുരുഷന്മാരാണ്. പുരുഷന്റെ പ്രണയം ഒരാളില്‍ ഒതുങ്ങില്ല, ഒരു പൂന്തോട്ടത്തിലെ എല്ലാ പൂക്കളെയും ഒരു പോലെ ഇഷ്ടപ്പെടുന്ന വണ്ടാണ് പുരുഷന് എന്നൊക്കെയുള്ള പൊതുധാരണയ്ക്ക് അപവാദമായി നില്ക്കുന്ന ചില പ്രണയികളുണ്ട്. ഏക പ്രണയിനിയില്‍ അര്‍പ്പിക്കപ്പെടുകയും പ്രണയ നഷ്ടത്തില്‍ വളരെ വ്യത്യസ്തമായി പ്രതികരിക്കുകയും ചെയ്ത മൂന്നു കഥാപാത്രങ്ങളെ നമുക്കു കാണാം.
മലയാള സിനിമ ചരിത്രത്തില്‍ പുതിയൊരു അധ്യായം സൃഷ്ടിച്ച സിനിമയാണ് തനിയാവര്‍ത്തനം. ലോഹിതദാസിന്റെ തൂലികയില്‍ പിറന്ന ആദ്യ തിരക്കഥ. എനിക്ക് തോന്നുന്നത് തന്റെ കഥാപാത്രങ്ങളില്‍ ലോഹിതദാസിന് ഏറ്റവും ഇഷ്ടം ബാലന് മാഷോടായിരിക്കും. സ്വപ്നങ്ങളിലൂടെബാലന് മാഷ് തന്നെ പിന്തുടരുന്നതായി പലവട്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രത്തില്‍ എല്ലാവരും അത്യുജ്വലമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. അതിസംഘര്ഷങ്ങള് നിറഞ്ഞ കഥാപാത്രങ്ങളുടെ ഇടയിലാണ് നാം അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഒരിക്കലും ഓര്‍ത്തെടുക്കാനാവാത്ത ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയെ തിരയും പോലെ ഒരാള്‍. ഭ്രാന്തനായ ശ്രീധരനമ്മാമ. ബാബു നമ്പൂതിരി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഉജ്വല കഥാപാത്രം.
ഓര്‍മ്മയെന്ന മുറിവ്
മൂവായിരം പറ നെല്ല് പാട്ടം കിട്ടിയിരുന്ന മരുത്തേംപള്ളി തറവാടിനെ വലിയൊരു ശാപം ബാധിച്ചിട്ടുണ്ട്. മല്ലഞ്ചിറക്കാവിലെ കാളീവിഗ്രഹം പണ്ടെങ്ങോ ഒരു കാരണവര്‍ കിണറ്റിലെറിഞ്ഞതിന്റെ ഫലമാണത്രേ തറവാടിലെ ആണ് സന്തതികളിലൊരാള്ക്ക് ബാധിക്കുന്ന ഭ്രാന്ത്. കുരുതികളും, വഴിപാടും കളമെഴുത്തുംപാട്ടും വര്‍ഷാവര്‍ഷം നടത്തിയിട്ടും ഭഗവതിയുടെ കോപം അടങ്ങുന്നില്ല. ആ തറവാട്ടിലെ ഇപ്പോഴത്തെ ഭ്രാന്തനാണ് ശ്രീധരനമ്മാമ.
ഒരു ഇടയ്ക്കയും നേര്‍ത്ത വെളിച്ചം കടന്നു വരുന്ന ഒരു ജനാലയുമാണ് സിനിമയുടെ തുടക്കത്തില്‍ നാം കാണുന്നത്. പശ്ചാത്തലത്തിലെ ദ്രുതതാളങ്ങള്ക്കിടയില് തേങ്ങല്‍ പോലെ ഇടയ്ക്കയും പാടുന്നു. കഥയുടെ തുടക്കത്തില്‍ കേള്‍ക്കുന്ന മനോഹരമായ ഈണത്തെ പിന്തുടരുന്ന, 'ഇപ്പം പാടിയത് ശ്രീധരന് അമ്മാമ്മയാണോ' എന്ന ചോദ്യത്തിലുടെയാണ് ആ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം നാമറിയുന്നത്.
അമ്മാമ്മയുടെ സ്വരം ഇപ്പഴും എന്ത് സുഖമാാ എന്ന വാചകത്തിലെ ഇപ്പഴും എന്ന വാക്ക് അതിനു മുന്‍പുണ്ടായിരുന്ന അസുന്ദരമായ ഒരു കാലത്തിന്റെ സൂചന നല്‍കുന്നുണ്ട്. 101 ആവൃത്തി നെല്ലിക്കാത്തളത്തിനു ശേഷം മാത്രം ഇത്തിരി ശാന്തനായ അക്രമാസക്തന്‍, സന്തോഷമുള്ള ദിവസങ്ങളില്‍ മുഴുവന്‍ ചോറും ഉണ്ണുന്ന ആള് തുടങ്ങിയ സംസാരങ്ങളിലൂടെ ശ്രീധരനമ്മാമ എന്ന കഥാപാത്രത്തിന്റെ ഏകദേശ ചിത്രം നമുക്ക് ലഭിക്കുന്നു.
തറവാട്ടിലെ ചെറിയ കുട്ടി കോണിപ്പടി കയറി മുകളിലേക്ക് ചെന്ന് ജനാലയിലൂടെ അകത്തേക്ക് എത്തി നോക്കുമ്പോഴാണ് അദ്ദേഹം നമ്മുടെ കാഴ്ചാ പരിധിയിലേക്ക് കടന്നു വരുന്നത്.
ജീവിതത്തിലെ എല്ലാ വെളിച്ചങ്ങളോടും എന്ന മട്ടില്‍ പുറം തിരിഞ്ഞു കിടക്കുന്ന, ചങ്ങലയ്ക്കിട്ട ഒരാള്‍. കുട്ടി 'ശൂ 'എന്ന് വിളിക്കുമ്പോ ള്‍ മറുപടി എന്ന മട്ടില്‍ ആ ചങ്ങല കിലുങ്ങുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയ, കണ്ണുകളില്‍ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ഒരു രൂപം. ഇഷ്ടമില്ലാത്തവരോടും ഇഷ്ടമില്ലാത്തതിനോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ശ്രീധരനമ്മാമ്മ പൂജാ സ്ഥലത്തെ കളത്തിനു മുന്പില് വളരെ നിസംഗനാകുന്നു. വിദൂരമായ ഏതോ ഓര്മയിലെന്നവണ്ണം സ്വയം നഷ്ടപ്പെട്ടിരിക്കുന്നു. പിന്നീട് കാണുമ്പോള്‍ അദ്ദേഹം അക്രമാസക്തനായി ചങ്ങല വലിച്ചൂരാന്‍ ശ്രമിക്കുകയാണ്.
കാല് മുറിഞ്ഞ് ചോരയൊഴുകുന്നു. ഹൃദയഭിത്തിയുടെ ആഴങ്ങളിലെവിടെയോ ഉള്ള ഒരിക്കലുമുണങ്ങാത്ത ഏതോ മുറിവിന്റെ വേദന ഇപ്പോഴും അവശേഷിക്കുന്നതുകൊണ്ടാവാം കാലിലെ മുറിവ് അദ്ദേഹത്തെ വേദനിപ്പിക്കുന്നേയില്ല. എവിടെയോ കേട്ട പാട്ടിന് ചെവിയോര്‍ത്തു കൊണ്ട് ജനാലയ്ക്കരികിലേക്ക് നീങ്ങുന്ന രംഗം മനസ്സുലയ്ക്കുന്ന ഒരു കാഴ്ചയാണ്.
ഭ്രാന്തനെങ്കിലും, കുടുംബത്തിലെ ഓരോ അംഗത്തെയും അദ്ദേഹം വല്ലാതെ സ്നേഹിക്കുന്നുണ്ട്. വിവാഹം നടക്കാന്‍ പോകുന്ന അനന്തിരവളുടെ കഴുത്തിലെ മാലയില്‍ പിടിച്ച് അതിലേക്ക് ഉറ്റുനോക്കുകയും തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ആളെക്കുറിച്ച് അവള് പറയുമ്പോള്‍ വല്ലാതെ സന്തോഷിക്കുന്നുമുണ്ട് ആ പാവം.ആ വിവാഹം നടക്കില്ലെന്നറിഞ്ഞ രാത്രിയില്‍ ശ്രീധരനമ്മാമ വല്ലാതെ അക്രമാസക്തനാകുന്നു. ചങ്ങല വലിച്ചു പൊട്ടിക്കാന്‍ നോക്കുന്നു. ഇതൊന്നഴിച്ചു തരുമോ എന്ന് ബാലനോട് കെഞ്ചുന്നു.
സിനിമയിലെ എറ്റവും ചാരുതയാര്‍ന്ന രംഗങ്ങളാണ് തുടര്‍ന്ന് വരുന്നത്. മമ്മുട്ടിയും ബാബു നമ്പൂതിരിയും ഒന്നിച്ചുള്ള അതി മനോഹരമായ രംഗം. പിന്നെന്തൊക്കെയാണ് വേണ്ടത് ഈ ബാലനെ തോളിലേറ്റി പോകാറുള്ള കുന്നുംപുറത്ത് പോ കണോ? എന്ന് ബാലന് ചോദിക്കുമ്പോഴേക്കും ആ മുഖത്ത് ഓര്‍മ്മയുടെ ഋതുക്കള്‍ മാറി മാറി വരുന്നു.
നക്ഷത്രം അടര്‍ന്നു വീണാല്‍ പൊലിയുന്നതിനു മുന്‍പ് വിചാരിക്കുന്നതെന്തും സാധിക്കും. 'മേനാച്ചേരിയിലെ കുട്ടി അമ്മായിയായി വരണേന്ന് വിചാരിക്കാന്‍ പറഞ്ഞു വലിയ കണ്ണുകളുള്ള... അത്രയുമായപ്പോഴേക്കും അദ്ദേഹം ബാലന്റെ വായ പൊത്തുന്നു. ചങ്ങലയില്‍ നിന്ന് സ്വതന്ത്രനായി പുറത്തേക്ക് വന്ന് ഇരുട്ടിനെ നോക്കി നില്ക്കുന്ന രംഗത്ത് ബാബു നമ്പൂതിരി എന്ന നടന്റെ പകര്‍ന്നാട്ടം അസാധ്യതലങ്ങളിലെത്തി നില്ക്കുന്നു.
തന്റെ ഇടയ്ക്ക തിരികെ കിട്ടുമ്പോള്‍ കളഞ്ഞു പോയ എന്തോ ഒന്ന് തിരികെ കിട്ടിയ വികാരവായ്പോടെ അതിനെ ഏറ്റു വാങ്ങുന്നു.
ശ്രീധരന് അമ്മാമ്മയുടെ ഭ്രാന്തിന് കാരണം അവിടെ അനാവൃതമാകുന്നു. മുട്ടറ്റം മുടിയുള്ള നീണ്ട കണ്ണുകളുള്ള അതിസുന്ദരിയായ പ്രണയിനി. മല്ലന്ചിറക്കാവില് തിരികൊളുത്താന്‍ പോയപ്പോള്‍ വിഷം തീണ്ടി. ശ്രീധരനമ്മാമ്മയുടെ മടിയില്‍ കിടന്നാണ് അവര്‍ മരിക്കുന്നത്. ആ മരണമാണ് അദ്ദേഹത്തിന്റെ മനസ്സിന്റെ സമനില തെറ്റിക്കുന്നത്. ഭൂതകാലത്ത് പ്രണയപര്വ്വങ്ങളില് സ്വയം മറന്നൊഴുകി നടക്കുന്ന സോപാനഗായകനാണ് ശ്രീധരനമ്മാമ ആ ജീവിതത്തെ ഇരുട്ടിന് എറിഞ്ഞു കൊടുത്തുകൊണ്ട് പ്രണയിനി ഇരുട്ടിലേക്ക് നടന്നു മറയുമ്പോള്‍ ഒരു നിമിഷം മരണത്തെ നമ്മള് വല്ലാതെ വെറുത്തു പോകും. പിറ്റേ ദിവസം രാവിലെ കുളത്തില്‍ ശ്രീധരന് അമ്മാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു. അത്ര അകലെയല്ലാതെ ആ ഇടയ്ക്കയും. വെളിച്ചത്തിന്റെ ഒരു തരി പോലും ആ ജീവിതത്തിലേക്ക് പകരാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം കൊണ്ടാവാം തലയ്ക്കല്‍ കത്തിച്ചു വച്ചിരുന്ന ആ ദീപം വല്ലാതെ മങ്ങിപ്പോയിരുന്നു.
പട്ടടയിലേക്ക് പോകുമ്പോള്‍ തീരാവേദന നല്കിയ തന്റെ പ്രണയത്തോട് ആ ആത്മാവ് പറഞ്ഞതെന്താവും.'നീയില്ലാത്ത ഇടത്തിനെ മരണമെന്നല്ലാതെ മറ്റെന്ത് പേര് വിളിക്കും, അങ്ങനെയെങ്കില്‍ എന്നേ മരിച്ചവനാണ് ഞാന്‍ '...






