
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ രണ്ട് പതിറ്റാണ്ട് മുമ്പ് കിട്ടിയിരുന്നെങ്കില്‍ അച്ഛനെ കൊതി തീരെ അടുത്ത് കാണാമായിരുന്നെന്ന് ഓര്‍ക്കുകയാണ് കരമന ജനാര്ദ്ദനന് നായരുടെ മകനും നടനുമായ സുധീര്‍ കരമന. ജീവിത്തിലും അഭിനയത്തിലും തിരക്കായിരുന്ന അച്ഛനെ ഒരിക്കലും തിരക്ക് ഒഴിഞ്ഞ് കണ്ടിട്ടില്ലെന്ന് സുധീര്‍ ഓര്‍ക്കുന്നു. മുഖ്യധാരാ സിനിമയിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ വേഷമിടുകയും പ്രേക്ഷകരുടെയും പ്രമുഖ സംവിധായകരുടെയും പ്രിയ നടനാവുകയും ചെയ്ത കരമന വിട പറഞ്ഞിട്ട് ഇന്നലെ രണ്ടു പതിറ്റാണ്ടു തികഞ്ഞു.
ജനാര്ദ്ദനന് നായര്‍ പ്രൊവിഡന്റ് ഫണ്ട് വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്നു. തമിഴ്നാട്ടിലും വടക്കന്‍ സംസ്ഥാനങ്ങളിലും ആയിരുന്നു കൂടുതലായി ജോലി ചെയ്തത്. ഇതിനിടയില്‍ ലഭിക്കുന്ന സമയത്തായിരുന്നു സിനിമ അഭിനയവും നാടകജീവിതവും മുന്നോട്ട് കൊണ്ട് പോയത്. ഒരാഴ്ചായാണ് പരമാവധി തിരക്കുകള്‍ ഒഴിഞ്ഞ് വീട്ടില്‍ വിശ്രമം. ഈ സമയത്ത് മാത്രമാണ് മക്കള്‍ക്ക് ഇദ്ദേഹത്തെ അടുത്ത് കിട്ടുക.
2000 ഏപ്രില്‍ 24 ന് വൈകിട്ട് നാലിനായിരുന്നു അദ്ദേഹം വിടപറഞ്ഞത്. ഇന്നലെ പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വീട്ടില്‍ മക്കളെല്ലാവരും എത്തി. ഏറെ നേരും അമ്മയുമൊത്തു ചെലവഴിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ ഷൂട്ടിംങ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് സുധീര്‍.






