
വൺപ്ലസിന്റെ ഏറ്റവും പുതിയ വയർലസ് ചാർജറായ വാർപ്പ് 30 വയർലസ് ചാർജറിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. റിപ്പോർട്ട് പ്രകാരം ചാർജറിന് 3,990 രൂപയാണ് ഇന്ത്യയിൽ വില. ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരിസായ വൺപ്ലസ് 8, വൺപ്ലസ് 8 പ്രൊ എന്നീ ഫോണുകൾക്കൊപ്പം ആണ് ഇത് ലോഞ്ച് ചെയ്തത്.
ഈ ചാർജർ വൺപ്ലസ് 8 പ്രൊ ഫോണിൽ 30W വയർലസ് ചാർജിങ് സൗകര്യം ആണ് നൽകുക. മറ്റു ഫോണുകളും ഈ ചാർജർ ഉപയോഗിച്ച് 10W വരെ ചാർജിങ് സ്പീഡിൽ ചാർജ് ചെയ്യാനാവും. വൺപ്ലസ് 8 സീരിസിനെപ്പോലെ യുഎസിലേതിനേക്കാൾ കുറഞ്ഞ വിലയിലാണ് ഇന്ത്യയിൽ വയർലസ് ചാർജർ ലോഞ്ച് ചെയ്യുന്നത്. $69.95 ആണ് ചാർജറിന്റെ യുഎസിലെ വില എന്നാണ് സൂചന. ഏകദേശം 5,300 ഇന്ത്യൻ രൂപ വരുമിത്.
ബെഡ്ടൈം മോഡ് ഓട്ടോമാറ്റിക്കായി സ്വിച്ച് ഓഫ് ചെയ്യുന്ന സ്മാർട്ട് ഡിറ്റക്ഷൻ പോലെയുള്ള ഫീച്ചറുകളെല്ലാം ഈ ചാർജറിൽ നൽകിയിട്ടുണ്ട്. കൂടാതെ, ഫോറിൻ ഒബ്ജക്റ്റ് ഡിറ്റക്ഷൻ, ബിൽഡ് ഇൻ ഓവർ ഹീറ്റിംഗ് ഡിറ്റക്ഷൻ, ഓവർ കറന്റ് & ഓവർ വോൾട്ടേജ് പ്രൊട്ടക്ഷൻ എന്നിവയെല്ലാം ചാർജറിൽ ഉണ്ട്.






