
വീഡിയോ മീറ്റ് ആപ്ലിക്കേഷന്‍ സൂം മെച്ചപ്പെട്ട സുരക്ഷയും സ്വകാര്യതയും ഉള്‍ക്കൊള്ളുന്ന സൂം 5.0 അപ്ഡേറ്റ് പുറത്തിറക്കി. സുരക്ഷ, സ്വകാര്യത എന്നിവയുടെ അപര്യാപ്തതമൂലം വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്ന ആപ്ലിക്കേഷന്‍ ആണ് സൂം.
പുതിയ സൂം ആപ്പ് അപ്ഡേറ്റില്‍ മെച്ചപ്പെട്ട എഇഎസ് 256-ബിറ്റ് ജിസിഎം എന്‍ക്രിപ്ഷന്‍, ഡാറ്റ റൂട്ടിങ് കണ്ട്രോള്, മെച്ചപ്പെട്ട ഹോസ്റ്റ് നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള പരിഷ്കാരങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. എഇഎസ് 256-ബിറ്റ് ജിസിഎം എന്‍ക്രിപ്ഷന്‍ മെയ് 30 നാണ് പ്രാബല്യത്തില്‍ വരുത്തുക. സൂം മീറ്റിങുകളിലും സൂം റൂമുകളിലും ഇനി സൂം 5.0 പതിപ്പോ അതിന് ശേഷമോ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ.
മീറ്റിങ് ഹോസ്റ്റിനും, കോ-ഹോസ്റ്റുകള്‍ക്കും സൂം പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ സൂമിന്റെ ട്രസ്റ്റ് ആന്റ് സേഫ്റ്റി ടീം വിലയിരുത്തും. ചാറ്റ് സുരക്ഷിതമാണെന്ന് കാണിക്കുന്ന ഗ്രീന്‍ ഷീല്‍ഡ് സൂം മീറ്റിങ് വിന്‍ഡോയ്ക്ക് ഇടത് ഭാഗത്ത് മുകളിലായി അറിയിപ്പുണ്ടാവും.






