
ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍, കിഴക്കന്‍ ഡല്‍ഹിയിലെ ക്യാമ്പില്‍ 68 സിആര്‍പിഎഫ് ജവാന്മാര്ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മയൂര്‍ വിഹാര്‍ ഫേസ് 3 ഖോഡ കോളനിയിലെ 31-ാം ബറ്റാലിയനിലെ ജവാന്മാര്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബറ്റാലിയനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 122 ആയി. ഏപ്രില്‍ 24ന് ഒമ്പതു പേര്‍ക്കും 25ന് 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 12 ജവാന്മാര്ക്കും ബുധനാഴ്ച 45 ജവാന്മാര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സിആര്‍പിഎഫിലെ മൊത്തം കൊറോണ രോഗബാധിതരുടെ എണ്ണം 126 ആണ്. ഇവിടെ 55കാരനായ ഒരു ജവാന് കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്. അസം സ്വദേശിയായ ഇയാള്‍ക്ക് പ്രമേഹമടക്കമുള്ള രോഗമുണ്ടായിരുന്നു. രോഗം ബാധിച്ചവരെല്ലാം മണ്ടാവലിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലാണുള്ളത്. സംഘത്തിലെ 100 പേരുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സിആര്‍പിഎഫിന്റെ പാരാമെഡിക് യൂണിറ്റില്‍ നഴ്സിങ് അസിസ്റ്റന്റായിരുന്ന ജവാനാണ് ബറ്റാലിയനില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 17 മുതല്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ഡല്‍ഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ ഡ്യൂട്ടി വാഹനങ്ങളില്‍ സാനിറ്റൈസര്‍ മെഷിനുകള്‍ സ്ഥാപിക്കുന്നത് എല്ലാ കമ്പനികളും ഉറപ്പാക്കണമെന്ന് സിആര്‍പിഎഫ് നിര്‍ദേശിച്ചു.






