
''നീകുമ്മാട്ടി കണ്ടിട്ടുണ്ടോ? തൃശ്ശൂരെ കുമ്മാട്ടിയല്ല, മുണ്ടൂരെ കുമ്മാട്ടി?''
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഘര്‍ഷം മുറ്റിനില്ക്കുന്ന ഒരു രംഗത്ത്, അനില്‍ നെടുമങ്ങാടിന്റെ സി.ഐ.സതീഷ് എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കോശിയോട് ചോദിക്കുന്ന ചോദ്യമാണിത്. അതുവരെയും കോശിയുടെ മസ്കുലാനിറ്റിയില് അയാള്‍ക്കോ കാണികള്‍ക്കോ സംശയമില്ല.
ഒരു ദ്വന്ദ്വയുദ്ധത്തില്‍ കോശിയേ ജയിക്കൂ എന്ന് സമകാലിക മലയാള സിനിമയുടെ നടപ്പു ശീലങ്ങള്‍ വെച്ച് കാണികള്‍ ചിന്തിച്ചുവെങ്കില്‍ അവരെ കുറ്റം പറയാനും വയ്യ. അത്രയും വിഷമം പിടിച്ച ഒരു ഘട്ടത്തിലാണ് കോശിക്കൊരിക്കലും അയ്യപ്പന് നായരെ അയാളുദ്ദേശിക്കുന്ന രീതിയില്‍ ജയിക്കാന്‍ പറ്റില്ലെന്ന ഉറച്ച ബോധ്യം ആ സി.ഐയ്ക്ക് കാണികളില്‍ ഉണ്ടാക്കേണ്ടത്. ആ ഒരൊറ്റ ഡയലോഗ് കൊണ്ടാണ് കോശിയില്‍ ആദ്യമായി ഭീതി അതിന്റെ സമസ്ത ഭാവത്തോടെയും ജനിക്കുന്നത്.
ആ അര്‍ത്ഥത്തില്‍ ചിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ ഘടകമായ അഡ്രിനാലിന്‍ റഷിലേക്കുള്ള ആദ്യ പമ്പിംഗ് കൂടിയാണ് ആ ഡയലോഗ്.
ഒരു തരത്തിലും പരസ്പരം വിട്ടു കൊടുക്കാത്ത, തുല്യ പ്രാധാന്യമുള്ള രണ്ട് നായക കഥാപാത്രങ്ങളുടെ ഇടയില്‍ അവരുടെ ആരുടെയെങ്കിലും സന്തത സഹചാരിയായിട്ടല്ലാതെയുള്ള ഒരു ക്യാരക്ടര്‍ മലയാളിക്ക് അത്രയ്ക്ക് പരിചയമുള്ളതല്ല.
അയ്യപ്പനും കോശിയും തിരശ്ശീലയെ അത്ര മേല്‍ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നിറഞ്ഞാടുമ്പോള്‍ അവര്‍ക്കൊപ്പം കൈയടി വാങ്ങുകയാണ് സി.ഐ.സതീഷിലൂടെ അനില്‍ നെടുമങ്ങാടും. പൂര്‍വ്വമാതൃകകള്‍ അധികമില്ലാത്ത ഒരു പാത്ര നിര്‍മ്മിതിയായിരുന്നു അയാളുടേത്. അയ്യപ്പന് നായരുടെ മേലധികാരിയാണെങ്കിലും ഒരു പരിധിക്കപ്പുറം ഇന്‍ക്ലിനേഷന്‍ അയാള്‍ അയ്യപ്പന് നായരോടും കാണിക്കുന്നില്ല.
സതീഷിന്റെ ലക്ഷ്യം ക്രമസമാധാനം മാത്രമാണ്. അതേ സമയം തന്നെ അയാള്‍ തനിക്കു താഴെയുള്ളവരെ കൂടെ നിര്‍ത്തുകയും അവര്‍ക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവനുമാണ്.
സസ്പെന്‍ഷനിലാകുന്ന വനിതാ കോണ്‍സ്റ്റബിളിന് പോകാന്‍ നേരം കാശു കൊടുക്കുന്ന അയാള്‍ അയ്യപ്പന് നായര്‍ക്കു വേണ്ടി ആകാവുന്നിടത്തൊക്കെ സംസാരിക്കുന്നുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും ചിത്രത്തിലെ മൂന്നാമന് സതീഷാണ്.
അനിലിനെപ്പോലെ താരതമ്യേന ജൂനിയറായ ഒരു നടന് 90കളിലാണെങ്കില്‍ മുരളിയോ, തിലകനോ ചെയ്യുമായിരുന്ന ശക്തിയേറിയ ഒരു കഥാപാത്രത്തെ അനായാസമായി തിരശ്ശീലയിലേക്ക് പകര്‍ത്തുന്നത് ഈ സിനിമയിലെ ഏറ്റവും സുന്ദരമായ ദൃശ്യങ്ങളിലൊന്നാണ്.
തുടക്കത്തില്‍ പറഞ്ഞ സംഭാഷണത്തിന്റെ ടോണ്‍ തന്നെ അന്യാദൃശമാണ്. മുന്നറിയിപ്പിന്റെ കരിനിഴല്‍ വീണു കിടക്കുമ്പോഴും ടോണില്‍ അതൊരിക്കലും മുന്നിട്ടു നില്ക്കുന്നില്ല. നടന്റെ മുഖത്തു വരുന്ന ഭാവമാണ് ആ സംഭാഷണത്തെ പൂരിപ്പിക്കുന്നത്. മുണ്ടൂര്‍ മാടന്റെ ഭൂതകാലത്തെപ്പറ്റിയുള്ള അയാളുടെ വാചകങ്ങളോരോന്നും തന്നെ ചിത്രത്തിന്റെ ഓപ്പണിംഗ് ഫ്രെയിമിലെ രൗദ്രതയ്ക്കൊപ്പം നില്ക്കുന്നവയാണ്. 'കമ്മട്ടിപ്പാട'ത്തില്‍ ചെറിയൊരു സ്പേസിലെ ശ്രദ്ധേയമായ പ്രകടനമായിരുന്നു അനിലിന്റേതെങ്കില് 'അയ്യപ്പനും കോശി'യിലും അത് കരിയര്‍ ബ്രേക്കിന് സാധ്യതയുള്ള ടോപ് ക്ലാസ് പെര്ഫോമന്സാകുന്നു.
അനില്‍ നെടുമങ്ങാടിനെ പോലെയുള്ള നടന്മാര് മുഖ്യധാരയിലേക്കു കടന്നു വരുന്നത് വളരെ ആഹ്ലാദകരമായ കാഴ്ചയായി മാറുന്നത് അവ സാമ്പ്രദായികമായ കാഴ്ചാ ശീലങ്ങളോടും അഭിനയ സങ്കേതങ്ങളോടും കാണിക്കുന്ന തര്‍ക്കസ്വഭാവം കൊണ്ടാണ്.
അത്തരം കഥാപാത്രങ്ങള്‍ക്ക് കിട്ടുന്ന കയ്യടി ഇത്തരം മാറ്റങ്ങള്‍ക്ക് പ്രേക്ഷകന് എത്രത്തോളം ദാഹിക്കുന്നുണ്ടായിരുന്നു എന്നുള്ളതിനുള്ള തെളിവ് കൂടിയാണ്. സിനിമയിലൊരിടത്ത് തന്നെ വെല്ലുവിളിക്കുന്ന, രഞ്ജിത്ത് അവതരിപ്പിക്കുന്ന കോശിയുടെ അച്ഛന് കഥാപാത്രത്തോട് സി.ഐ.സതീഷ് ഇങ്ങനെ പറയുന്നുണ്ട്:
''ഈ അയ്യപ്പനും കോശിയും സീസണൊന്ന് കഴിഞ്ഞോട്ടെ, എന്നിട്ടാകാം നമുക്ക്.''
ഒരു മുന്‍നിര നായക കഥാപാത്രത്തിന്റെ സ്വരവും ഭാവവുമായിരുന്നു അതിന്.
അതെ, അയ്യപ്പനും കോശിയും എന്ന സിനിമ ഏറ്റവും വലിയ ടേണിംഗ് പോയന്റാകുന്നത് ഈ നടന്റെ കരിയറിനായിരിക്കും, ഉറപ്പ്. അതിനൊപ്പം തന്നെ ഓര്‍ക്കേണ്ട ഒരു പേരാണ് ഇത്തരം ഒരു ഹെവി വെയ്റ്റ് കഥാപാത്രത്തെ അനിലിനെ വിശ്വസിപ്പിച്ചേല്പിച്ച സച്ചിയുടേത്.
മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലൂടെ മുഖ്യധാരാ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച അനില്‍ 'കമ്മട്ടിപ്പാട'ത്തില്‍ ഞെട്ടിക്കുമ്പോള്‍ എന്തുകൊണ്ടാണ് തന്റെ നാടകപാരമ്പര്യം ബിഗ് സ്ക്രീനില്‍ ഒരു മുതല്ക്കൂട്ടാകുന്നതെന്ന് തെളിയിക്കുകയായിരുന്നു. രഞ്ജിത്തിനെ പോലെയുള്ളവര്‍ പഠിച്ചിറങ്ങിയ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ പ്രൊഡക്ടിന് അല്ലെങ്കിലും മോശമാകാന്‍ കഴിയില്ലല്ലോ. അഭിനന്ദനങ്ങള്‍ക്കൊപ്പം ആശംസകളും. അനില്‍, നാളെകള്‍ താങ്കളുടെതാണ്.