
ലോകത്തെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധി കൊലയാളിരോഗമാണ് ക്ഷയം. ഓരോ ദിവസവും നാലായിരത്തിലധികം ആളുകള്‍ ക്ഷയരോഗം ബാധിച്ച് മരണത്തിന് കീഴടങ്ങുന്നു. ഏകദേശം മുപ്പതിനായിരം പേര്‍ക്ക് പുതുതായി രോഗം പിടിപെടുന്നു. ക്ഷയരോഗത്തെ നിയന്ത്രിക്കാനുള്ള ആഗോളതലത്തിലുള്ള ശ്രമങ്ങളുടെ ഫലമായി 2000 മുതല്‍ 58 ദശലക്ഷം ജീവനുകള്‍ രക്ഷിക്കാനായി. ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്.
ടി.ബി ഭൂമഖത്തുനിന്ന് തുടച്ചു നീക്കാനുള്ള ശ്രമങ്ങളില്‍ ബോധവല്‍ക്കരണത്തിനും ഏറെ പ്രാധാന്യമുണ്ട്. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറണം. 'ഇതാണ് പ്രവര്‍ത്തിക്കാനുള്ള സമയം' - എന്നതാണ് 2020 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ സന്ദേശം. ക്ഷയരോഗവുമായി ബന്ധപ്പെട്ട് സാധാരണ ഉയര്‍ന്നു കേള്‍ക്കുന്ന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
കേരളത്തില്‍ ടി.ബി നിയന്ത്രണവിധേയമല്ലേ? ഇനിയും ടി.ബിയെ ഭയപ്പെടേണ്ടതുണ്ടോ?
ലോകത്ത് ഒരിടത്തും ടി.ബി അഥവാ ക്ഷയരോഗം പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് പറയാനാവില്ല. കേരളത്തില്‍ ഓരോ ദിവസവും ക്ഷയരോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ക്ഷയരോഗം നിയന്ത്രണവിധേയമായി വരുന്നു എന്നു കാണാം. കഴിഞ്ഞ 10 - 12 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ക്ഷയരോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ക്ഷയരോഗത്തെ യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ല. മരണകാരണമായേക്കാമെങ്കിലും യഥാസമയം രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാനാകും.
ക്ഷയരോഗം ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. 2035 ആകുമ്പോള്‍ പത്തു ലക്ഷത്തില്‍ ഒരാള്‍ എന്ന നിലയിലേക്ക് ക്ഷയരോഗികളുടെ എണ്ണം കുറയ്ക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഒരു ലക്ഷം ആളുകളില്‍ അന്‍പത് പേര് കേരളത്തില്‍ ടി.ബി ബാധിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025 - ല്‍ ഇന്ത്യയില്‍ ക്ഷയരോഗം ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍ക്യുലോസിസ് കണ്ട്രോള് പ്രോഗ്രാം (ആര്.എന്‍.ടി.സി.പി) എന്ന പേരിലാണ് ഇതിനായുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്.
ഈ പദ്ധതി 2020 ജനുവരി 1 മുതല്‍ 'നാഷണല്‍ ട്യൂബര്‍ക്യുലോസിസ് എലിമിനേഷന് പ്രോഗ്രാം' (എന്‍.ടി.ഇ.പി) എന്ന് പുനര്‍നാമകരണം ചെയ്തു. ക്ഷയരോഗവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുകയും ബോധവല്‍ക്കരണം ഊര്‍ജിതമാക്കുകയും ചെയ്യുന്നതോടെ പദ്ധതി അനായാസം ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും.
ക്ഷയരോഗം ആരെയൊക്കെ ബാധിക്കാം? മോശം ജീവിത സാഹചര്യങ്ങളിലുള്ളവരെ മാത്രം ബാധിക്കുന്ന രോഗമാണ് ക്ഷയം എന്ന ധാരണ ശരിയാണോ?
ജാതിമത, വര്‍ണ, വര്‍ഗ, ലിംഗ, പ്രായഭേദം കൂടാതെ ക്ഷയരോഗം ആരെയും ബാധിക്കാം. സമൂഹത്തില്‍ താഴെത്തട്ടിലുള്ളവരെ മാത്രം ബാധിക്കുന്ന രോഗമാണിതെന്നായിരുന്നു പലരുടെയും ധാരണ. ഏതു ജീവിത സാഹചര്യത്തിലുള്ളവരിലും രോഗബാധയുണ്ടാകാം. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ചേരിപ്രദേശത്തെ ജീവിതം തുടങ്ങി മോശം ജീവിത സാഹചര്യങ്ങളിലുള്ളവര്‍ക്ക് രോഗസാധ്യത കൂടുതലാണെന്നു മാത്രം.
രോഗാണു ശരീരത്തിലെത്തിയതുകൊണ്ടുമാത്രം ഓരാള് രോഗിയാകണമെന്നില്ല. ശരീരത്തില്‍ സജീവമല്ലാതെ കഴിയാന്‍ ക്ഷയരോഗാണുവിന് കഴിവുണ്ട്. അണുക്കള്‍ ഉള്ളില്‍ പ്രവേശിക്കുന്ന ഒട്ടുമിക്ക ആളുകള്‍ക്കും രോഗം വരാറില്ല. രോഗികളുമായി അടുത്തിടപഴകുന്നവരുടെ ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിക്കാനിടയുണ്ട്. നഴ്സുമാര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍ ക്ഷയരോഗാണുക്കളുടെ സാന്നിധ്യം കൂടുതലാകാന്‍ സാധ്യതയുണ്ട്.
ഇങ്ങനെ രോഗികളില്‍ നിന്നും ശരീരത്തില്‍ കടന്നുകൂടുന്ന രോഗാണു രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യത്തില്‍ ഊര്‍ജസ്വലമാകുകയും രോഗമായി പരിണമിക്കുകയും ചെയ്യുന്നു. അതിനാല്‍ മോശം ജീവിത സാഹചര്യത്തിലുള്ളവരെ മാത്രമേ ക്ഷയരോഗം ബാധിക്കുകയുള്ളൂ എന്ന ധാരണ തികച്ചും തെറ്റാണ്.
ക്ഷയരോഗം എങ്ങനെ തിരിച്ചറിയാം? എപ്പോഴാണ് പരിശോധന ആവശ്യമായിവരുന്നത്?
ക്ഷയരോഗികളില്‍ വളരെ വ്യക്തമായ രോഗലക്ഷണങ്ങള്‍ പൊതുവേ പ്രകടമാണ്. അതുകൊണ്ടുതന്നെ രോഗം നേരത്തേ കണ്ടെത്താന്‍ സാധിക്കും. രണ്ടാഴ്ചയില്‍ കൂടുതല്‍ തുടരുന്ന ചുമ, ഇടയ്ക്കിടെയുള്ള പനി, ക്ഷീണം, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ, ഭാരം കുറയുക, നെഞ്ചുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാവരിലും രോഗലക്ഷണങ്ങള്‍ ഒരുപോലെ ആയിരിക്കണമെന്നില്ല.
കുട്ടികളില്‍ വിശപ്പില്ലായ്മയ്ക്കൊപ്പം തൂക്കം ക്രമാതീതമായി കുറയുന്നതായി കാണപ്പെടുന്നു. രോഗാണു ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. ശ്വാസകോശം, തലച്ചോര്‍, കരള്‍, വൃക്ക, സുഷുമ്നാ നാഡി, ഹൃദയം തുടങ്ങിയ ഭാഗങ്ങളെ രോഗാണു പിടികൂടാം. വൃക്കയില്‍ നീര്‍ക്കെട്ട്, ഹൃദയത്തില്‍ നീര്‍ക്കെട്ട് (പെരികാര്‍ഡിയല്‍ എഫ്യൂഷന്‍), തലച്ചോറില്‍ മുഴ, ശ്വാസകോശാവരണത്തെ ബാധിക്കുന്ന പ്ലൂറല്‍ എഫ്യൂഷന്‍ എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ക്ഷയം കാരണമാകാം. ക്ഷയം ചിലയവസരത്തില്‍ ലസികാഗ്രന്ഥികളെ അല്ലെങ്കില്‍ ലിംഫ്നോഡിനെ ബാധിക്കാറുണ്ട്.
കഴുത്തിലാണ് ഇതു കണ്ടുവരുന്നത്. പക്ഷേ, സാധാരണ ക്ഷയരോഗ ബാധയില്‍ കാണപ്പെടുന്നപോലെയുള്ള ലക്ഷണങ്ങളൊന്നും ഇവിടെ പ്രകടമായെന്ന് വരില്ല. ചിലരില്‍ പനി, ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. പലപ്പോഴും കഴുത്തിലെ ചെറിയ മുഴ മാത്രമായരിക്കും ലക്ഷണം. ലസികാഗ്രന്ഥി ടി.ബി കഫപരിശോധനയിലൂടെ കണ്ടെത്താനാവില്ല. കഴുത്തിലെ മുഴ കുത്തിയെടുത്തുവേണം പരിശോധന നടത്താന്‍. മുകളില്‍ പറഞ്ഞ ഏതെങ്കലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
ക്ഷയരോഗ സാന്നിധ്യം കണ്ടെത്താന്‍ ഏന്തെല്ലാം പരിശോധനകളാണ് നിലവിലുള്ളത്?
കഫപരിശോധനയിലൂടെയാണ് പ്രധാനമായും ക്ഷയരോഗം കണ്ടെത്തുന്നത്. രണ്ട് സാമ്പിള്‍ പരിശോധനയിലൂടെയാണ് രോഗനിര്‍ണയം സാധ്യമാകുന്നത്. ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ പരിശോധനയും ഇപ്പോള്‍ ക്ഷയരോഗ നിര്‍ണയത്തിന് വ്യാപകമായി നടത്തിവരുന്നുണ്ട്. ക്ഷയരോഗ ചികത്സയിലെ പ്രധാന മരുന്നുകളിലൊന്നായ റിഫാംപിസിന്‍ രോഗാണുവിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കുന്നു എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കഫ പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്. പൂര്‍ണമായും സൗജന്യമാണ് ഈ പരിശോധന. ലളിതവും ചെലവുകുറഞ്ഞതുമായ പരിശോധ ഉപാധിയാണിത്.
എന്നാല്‍ ചിലരോഗികളുടെ കഫത്തില്‍ രോഗാണുക്കളുടെ എണ്ണം കുറവായിരിക്കും. ഈ സാഹചര്യത്തില്‍ രോഗനിര്‍ണയത്തിന് എക്സ്റേ, കള്‍ച്ചര്‍ തുടങ്ങിയ പരിശോധനകള്‍ വേണ്ടിവരും. പോളിമറേസ് ചെയിന്‍ റിയാക്ഷന്, ബാക്ടെക്, പ്ലൂറല്‍ ടാപ്പിംഗ്, ലംബാര്‍ പംക്ചര് തുടങ്ങിയ പരിശോധനകളും ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുണ്ട്.
രോഗം പിടിപെട്ടാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമോ? എത്രകാലം മരുന്നുകള്‍ കഴിക്കേണ്ടിവരും? സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ എത്രകാലമെടുക്കും?
ശരിയായ ചികിത്സ, ശരിയായ സമയത്ത് നല്കിയാല് ക്ഷയരോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. ചികിത്സ തുടങ്ങി രണ്ടാഴ്ചക്കുള്ളില്‍ തന്നെ രോഗശമനം കണ്ടുതുടങ്ങും. എന്നാല്‍ പൂര്‍ണമായും രോഗം ഭേദമാകാന്‍ ആറുമാസം മുതല്‍ എട്ടുമാസം വരെ തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടിവരും.
ഇതിനിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം അല്ലാതെ മരുന്നിന്റെ അളവിലോ കഴിക്കേണ്ട സമയക്രമത്തിലോ യാതൊരു കാരണവശാലും മാറ്റം വരുത്താതിരിക്കുകയും വേണം. ഐസോനിയാസിഡ്, റിഫാംപിസിന്‍, പൈറാസിനാമൈഡ്, എത്താംബൂട്ടോള് എന്നിവയാണ് ക്ഷയരോഗത്തിന് സാധാരണ നല്‍കിവരുന്നത്. മരുന്നു കഴിക്കാന്‍ ആരംഭിച്ച്, ആറുമുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറി ആരോഗ്യം പഴയപോലെയാകും.
ഡോക്ടറുടെ നിര്‍ദേപ്രകാരം അല്ലാതെ മരുന്നുകള്‍ നിര്‍ത്തുന്നത് അപകടകരമാണ്. ഇത് ഗുരുതരമായ ക്ഷയരോഗത്തിനും മരുന്നുകളെ അതിജീവിക്കാന്‍ രോഗാണുക്കള്‍ക്ക് ശേഷി നല്‍കുകയും ചെയ്യും. ഇതിന്റെ ഫലമായി രോഗം കൂടുതല്‍ സങ്കീര്‍ണമാകും. ശരിയായ ചികിത്സ പൂര്‍ത്തിയാകുന്നതോടെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാം. പഴയതുപോലെ ആരോഗ്യകരമായ ജീവിതം നയിക്കാനുമാകും.
കൈള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുക. ക്ഷയരോഗബാധയുള്ളവര്‍ ഉപയോഗിച്ച തോര്‍ത്ത്, തൂവാല തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. രോഗി മാസ്ക് ധരിക്കുന്നതും ഉചിതമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും 'ചുമ മര്യാദ' പാലിക്കുക. തൂവാലകൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ചോ, കൈ മുട്ട് മടക്കി മുഖത്തോട് ചേര്‍ത്തുവച്ച് മൂക്കും വായും മറച്ച് തുമ്മുന്നതാണ് രോഗാണു പകരാതിരിക്കാന്‍ ഉചിതം.
മറ്റ് ശ്വാസകോശ രോഗങ്ങളുള്ളവരില്‍ ടി.ബി പിടിപെടാന്‍ സാധ്യത കൂടുതലാണോ?
ശ്വാകോശ അണുബാധ, ബ്രോങ്കൈറ്റിസ്, സി.ഓ.പി.ഡി തുടങ്ങിയ ശ്വാസകോശ രോഗമുള്ളവരില്‍ ക്ഷയരോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഈ രോഗങ്ങളുള്ളവരില്‍ രോഗപ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് കാരണം. പ്രമേഹമുള്ളവരിലും എച്ച്.ഐ.വി ബാധിതരിലും ക്ഷയരോഗം കൂടുതലായി കണ്ടുവരുന്നു.
മരുന്നുകളെ അതിജീവിക്കുന്ന ക്ഷയരോഗാണുക്കളെകുറിച്ച് കേള്‍ക്കുന്നു. ഇവയെ എങ്ങനെ തുരത്താന്‍ സാധിക്കും?
ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മരുന്നുകളെ അതിജീവിക്കുന്ന ക്ഷയരോഗാണുക്കള്‍ അഥവാ എം.ഡി.ആര്.ടി.ബി(മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍ക്യുലോസിസ്). ക്ഷയരോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാഥമികതല മരുന്നുകള്‍ക്കെതിരേ രോഗാണുക്കള്‍ അതിജീവനശേഷി നേടുന്ന ഗുരുതരാവസ്ഥയാണിത്. 1950 - കളിലാണ് ക്ഷയരോഗത്തിനുള്ള മരുന്ന് കണ്ടുപിടിച്ചത്. ഏതാണ്ട് അതേസമയംതന്നെ അതിജീവിന ശേഷിയുള്ള ക്ഷയരോഗണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കുക, ശരിയായ സമയം ചികിത്സ തേടാതിതരിക്കുക, മരുന്നുകളുടെ ക്രമരഹിതമായ ഉപയോഗം, ശരിയായ അളവില്‍ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക, അളവില്‍ കുറഞ്ഞ മരുന്ന് ഉപയോഗിക്കുക, മരുന്നുപയോഗം പാതിവഴിയില്‍ നിര്‍ത്തുക തുടങ്ങിയവയൊക്കെ രോഗാണുക്കള്‍ക്ക് അതിജീവിനശേഷി ലഭിക്കുവാന്‍ കാരണമാകുന്നു.
സാധാരണ ക്ഷയരോഗ ചികിത്സ നൂറുശതമാനം വിജയമാണെങ്കില്‍ എം.ഡി.ആര്.ടി.ബിയുള്ളവരില് ഇത് 60 മുതല്‍ 80 ശതമാനം വരെ മാത്രമാണ്. ഇതുകൂടാതെ എക്സ്.ഡി.ആര്.ടി.ബി എന്നൊരു വിഭാഗം കൂടിയുണ്ട്. വളരെ ഗുരുതരമായ രോഗാവസ്ഥയാണിത്. ക്ഷയരോഗചികിത്സയ്ക്ക് ഇന്നുപയോഗിക്കുന്ന ഒട്ടുമിക്ക മരുന്നുകള്ക്കെതിരേയും പ്രതിരോധശേഷി ആര്‍ജിച്ച രോഗാണുക്കളാണ് ഈ സ്ഥിതിക്ക് കാരണം. ഇത് ഭേദമാകാനുള്ള സാധ്യത വളരെ കുറവാണ്.
ക്ഷയരോഗം മരണകാരണമാകുന്നത് എങ്ങനെയാണ്? മരുന്നുകള്‍ ഫലിക്കാതെ വരുന്നത് എപ്പോഴാണ്?
ശ്വാസകോശത്തില്‍ പ്രവേശിക്കുന്ന ക്ഷയരോഗാണുവിന്റെ പ്രവര്‍ത്തനം മൂലം ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിച്ച് ശ്വാസകോശപരാജയം ഉണ്ടാകുന്നതാണ് മരണകാരണമാകുന്നത്. രക്തം ചുമച്ചു തുപ്പുന്നതും അപകടത്തിന് വഴിതെളിക്കുന്നു. കൂടാതെ തലച്ചോര്‍, ഹൃദയം തുടങ്ങിയ ഭാഗങ്ങളില്‍ രോഗം ബാധിക്കുന്നതും മരണകാരണമാകും. മരുന്നകള്‍ക്കെതിരെ രോഗാണുക്കള്‍ ആര്‍ജിക്കുന്ന അതിജീവനശേഷിയാണ് ചികിത്സയിലെ പരാജയകാരണം. ചികിത്സയുടെ ഭാഗമായി രോഗി വരുത്തിവയ്ക്കുന്ന വീഴ്ചകളും മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
രോഗം മാറിയവരില്‍ വീണ്ടും രോഗം കടന്നുവരാനുള്ള സാധ്യതയുണ്ടോ? ഇതു തടയാന്‍ എന്തെല്ലാം കരുതലുകള്‍ സ്വീകരിക്കണം? ഭക്ഷണത്തിലും ജീവിതശൈലിയിലും എന്തെല്ലാം ശ്രദ്ധിക്കണം?
ക്ഷയരോഗം മരുന്നുകഴിച്ച് പൂര്‍ണമായും മാറിയാലും വീണ്ടും വരാനുള്ള ചെറിയ സാധ്യതയുണ്ട്. സാധാരണപോലെ രോഗാണു ഉള്ളില്‍ പ്രവേശിച്ചാല്‍, ശരീരത്തില്‍ നിര്‍ജീവമായി തുടരുന്ന ചെറിയ അളവിലുള്ള രോഗാണു സജീവമായെന്നും വരാം. അതിനാല്‍ ചികിത്സ കഴിഞ്ഞാലും കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്.
ക്ഷയരോഗം പകരാതിരിക്കാന്‍ എടുത്ത എല്ലാ മുന്‍കരുതലുകളും ശ്രദ്ധയും തുടര്‍ന്നും സ്വീകരിച്ചാല്‍ രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. എന്നാല്‍ വ്യക്തിശുചിത്വം പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നത്തുക.
ക്ഷയം പിടിപെടാതിരിക്കുവാനുള്ള പ്രതിരോധ കുത്തിവയ്പ്പുകളുണ്ടോ? ഇത് ഏതുപ്രായത്തിലാണ് എടുക്കേണ്ടത്?
ക്ഷയരോഗത്തിനെതിരെ ഇന്നു ലഭ്യമായ ഏറ്റവും ഫലപ്രദമായ വക്സിനാണ് ബി.സി.ജി. പ്രതിരോധ കുത്തിവയ്പ്പുകളുടെ കൂട്ടത്തില്‍ നിലവില്‍ എല്ലാ കുട്ടികള്‍ക്കും ബി.സി.ജി നല്‍കുന്നുണ്ട്. കുഞ്ഞ് ജനിച്ച് ഉടനെ ബി.സി.ജി വാക്സിന് നല്കുന്നു. എന്നാല്‍ ബി.സി.ജി വാക്സിന് നൂറുശതമാനവും ക്ഷയരോഗത്തെ തടയുമെന്ന് പറയാനാവില്ല. വായുവിലൂടെ അണുക്കള്‍ ശരീരത്തിലെത്തുന്നത് തടയാന്‍ വാക്സിനുകള്ക്കാവില്ല എന്നതാണ് പ്രധാന പോരായ്മ. എന്നാല്‍ ശ്വാസകോശത്തിലെത്തുന്ന ടി.ബി അണുക്കള്‍ പെരുകുന്നതും മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്നതും തടയാന്‍ ഒരുപരിധിവരെ ബി.സി.ജി വാക്സിന് സാധിക്കും. തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന ക്ഷയം, വിവിധ അവയവങ്ങളെ ഒന്നിച്ചു ബാധിക്കുന്ന മിലിയറി ടി.ബി തുടങ്ങിയ ക്ഷയരോഗത്തിന്റെ രോഗാണുക്കള്‍ ശരീരത്തിലെത്തി ഒരുവര്‍ഷത്തിനുള്ളിലാണ് രോഗമായി മാറുക. ഇത്തരം അവസ്ഥകള്‍ ചെറുക്കാന്‍ ബി.സി.ജി വാക്സിന് എടുക്കുന്നതിലൂടെ സാധിക്കും.