''ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ ചില ഗര്‍ഭിണികളില്‍ ഇത്തരത്തില്‍ രക്തക്കറ കാണാറുണ്ട്. ഇതിനെ സബ് കോറിയോണിക് ബ്ലീഡ് എന്നു പറയുന്നു."
രണ്ടാം മാസം രക്തസ്രാവം
എനിക്ക് 30 വയസ്. വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമായി. ഇപ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്ത് അടിവസ്ത്രത്തില്‍ ചെറിയതോതില്‍ രക്തക്കറ കണ്ടിരുന്നു. ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും കുറച്ചു ദിവസം വിശ്രമം ആവശ്യമാണെന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ രക്തക്കറ കാണുന്നത്. ഇത് ഗര്‍ഭസ്ഥശിശുവിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ?
---- റിയ വര്‍ഗീസ് , മാഹി
ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ ചില ഗര്‍ഭിണികളില്‍ ഇത്തരത്തില്‍ രക്തക്കറ കാണാറുണ്ട്. ഇതിനെ സബ് കോറിയോണിക് ബ്ലീഡ് എന്നു പറയുന്നു. ഈ അവസ്ഥ ഭയപ്പെടേണ്ടതില്ലെങ്കിലും ഡോക്ടറെ കണ്ട് സ്‌കാന്‍ ചെയ്ത് തകരാറൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. മരുന്നുകളും പൂര്‍ണ വിശ്രമവും രക്തസ്രാവം വര്‍ധിക്കാതിരിക്കാന്‍ ആവശ്യമാണ്.
അണ്ഡവാഹിനിക്കുഴലിലെ ഗര്‍ഭധാരണം
28 വയസ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. ആറുമാസം മുമ്പ് ഗര്‍ഭിണിയായെങ്കിലും ബ്ലീഡിംഗ് ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഗര്‍ഭധാരണം അണ്ഡവാഹിനിക്കുഴലിലാണ് നടന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതിനാല്‍ അബോര്‍ഷന്‍ ചെയ്യേണ്ടി വന്നു. എന്തുകൊണ്ടാണ് ഗര്‍ഭപാത്രത്തിനു പുറത്ത് ഗര്‍ഭം ധരിക്കുന്നത്. വീണ്ടും ഗര്‍ഭിണിയായാല്‍ ഇങ്ങനെ സംഭവിക്കാനിടയുണ്ടോ?
----- നീതു രാജന്‍ , മാവേലിക്കര
അണ്ഡവാഹിനിക്കുഴലില്‍ അണുബാധപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു കാരണമാണ് ഭ്രൂണം അവിടെ പറ്റിപ്പിടിച്ചു വളരാന്‍ കാരണം. വീണ്ടും ഗര്‍ഭം ധരിക്കുമ്പോള്‍ ഇതേ പ്രശ്‌നം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭധാരണത്തിനു മുമ്പ് നിര്‍ബന്ധമായും ഡോക്ടറെ കണ്ട് പരിശോധന നടത്തി അപകടകസാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം. ഡോക്ടറുടെ നിര്‍ദേശം പൂര്‍ണമായും പാലിക്കുകയും ഇടവിട്ടുള്ള പരിശോധന നടത്തുകയും വേണം.
ലൈംഗിക ബന്ധം സാധ്യമാണോ?
22 വയസ്. എട്ട് മാസം ഗര്‍ഭിണിയാണ്. സാധാരണ പ്രസവമായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പ്രസവശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇടവേള ആവശ്യമാണോ. ഈ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വീണ്ടും ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടോ?
---- ജെ.ജെ , മണ്ണാര്‍കാട്
പ്രസവശേഷം ആര്‍ത്തവം ഉണ്ടാകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ മാസമുറ ഇല്ലെങ്കിലും അണ്ഡോല്‍പാദനം നടക്കും. അതിനാല്‍ ഈ സമയം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുക്ഷാമാര്‍ഗങ്ങള്‍ക്ക് ഡോക്ടറെ കണ്ട് ഉപദേശം തേടണം.
ഡോ. ഉമ രാധേഷ്
സീനിയര്‍ സ്‌പെഷലിസ്റ്റ്
ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി
ആസ്റ്റര്‍ മിംസ്, കോഴിക്കോട്






