
''ഓര്‍മ്മവച്ചകാലം മുതല്‍ പരസ്പരം വഴക്കടിക്കുന്ന മാതാപിതാക്കളെ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ഒരിക്കലും യോജിച്ചു പോകാന്‍ കഴിയാത്ത വിധം ഇരുവശത്തേക്ക് തുഴയുന്ന രണ്ട് വഞ്ചികളിലെ യാത്രക്കാരായിരുന്നു അവര്‍. പക്ഷെ അമ്മയായിരുന്നില്ല തെറ്റുകാരി. സമൂഹത്തെ ഭയന്ന് എല്ലാം സഹിക്കുകയായിരുന്നു അമ്മ. എനിക്ക് 12 വയസുളളപ്പോള്‍ ഒരു ദിവസം സഹികെട്ട് ഞാന്‍ ചോദിച്ചു.
''സ്നേഹമില്ലാത്ത അച്ഛനില്‍ നിന്ന് അമ്മ എന്തുകൊണ്ട് വിവാഹമോചനം നേടുന്നില്ല?''
അന്ന് അമ്മയെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. കാരണമറിയാതെ ഞാനും കരഞ്ഞു.
എന്നിട്ട് എപ്പോഴോ അവര്‍ വഴിപിരിഞ്ഞു. അതോടെ കുടുംബത്തിലെ വരുമാനം നിലച്ചു. അമ്മയുടെ സംഗീതക്കച്ചേരി കൊണ്ടാണ് പിന്നീട് ഞങ്ങള്‍ ജീവിച്ചത്.
വരവ് നോക്കാതെ ചെലവ് ചെയ്യുന്ന കൂട്ടത്തിലായിരുന്നു അമ്മ. ആര് സഹായം ചോദിച്ചാലും കൈനിറച്ച് നല്‍കും. സമ്പാദിച്ച പണമത്രയും പലവഴിക്ക് ചെലവായി. അന്ന് ഞാന്‍ നൃത്തവും സംഗീതവും പഠിക്കുന്നുണ്ട്. ശിവാജി ഗണേശന്റെയൊപ്പം തിരുവവുള് ശെല്‍വനില്‍ അവസരം കിട്ടിയപ്പോള്‍ നിധി കിട്ടിയതു പോലെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ കടുത്ത ആരാധികയായിരുന്നു ഞാന്‍.
പിന്നീട് അഭിനയം ജീവതമാര്ഗമാക്കേണ്ടി വന്നു. വീട്ടിലെ സാഹചര്യമായിരുന്നു കാരണം. തുടക്കം തമിഴിലായിരുന്നെങ്കിലും എനിക്ക് നല്ല കഥാപാത്രങ്ങളും അംഗീകാരണങ്ങളും ലഭിച്ചത് മലയാളത്തില്‍ നിന്നാണ്. കുമാരസംഭവം എന്ന സിനിമയിലെ നൃത്തരംഗത്തിലാണ് ആദ്യം അഭിനയിച്ചത്. നായികയായി അരങ്ങേറിയത് ചട്ടമ്പിക്കവലയിലും. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എല്ലാം ഭാഷകളിലും കൂടി 800 ലധികം ചിത്രങ്ങള്‍.
സിനിമ കണ്ട് ഇഷ്ടപ്പെട്ട് അമേരിക്കയിലുള്ള ഒരു ശാസ്ത്രജ്ഞന് വിവാഹാലോചനയുമായി വന്നു. അമ്മയാണ് എതിര്‍ത്തത്. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. ഇപ്പോള്‍ സിനിമ വിടരുത്. രണ്ട് വര്‍ഷം കൂടി അഭിനയിച്ചാലേ നമുക്ക് പിടിച്ചു നില്‍ക്കാനാവൂ എന്ന് അമ്മ പറഞ്ഞു. അമ്മയുടെ അപേക്ഷ തളളിക്കളയാന്‍ എനിക്കായില്ല.
അന്ന് ആ വിവാഹം നടന്നിരുന്നെങ്കില്‍ ഒരുപക്ഷെ എന്റെ വിധി മറ്റൊന്നാവുമായിരുന്നു. അമ്മയെ കുറ്റപ്പെടുത്തുകയല്ല. ഞങ്ങളുടെ സാഹചര്യം അതായിരുന്നു.
അക്കാലത്ത് പ്രണയം ഭാവിച്ച് അടുത്തുകൂടിയ ഒട്ടേറെപ്പേരുണ്ട്. പലരുടെയും ഉദ്ദേശ്യം മറ്റൊന്നായിരുന്നു. അത് തിരിച്ചറിയാന്‍ എന്റെ ശുദ്ധമനസിന് കഴിഞ്ഞില്ല. അക്കൂട്ടത്തില്‍ ഞാന്‍ ഗാഢമായി സ്നേഹിച്ചത് കമലിനെ (കമലഹാസന്) മാത്രമായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഞാന്‍ സ്നേഹിച്ച അതേ തീവ്രതയോടെയും ആത്മാര്‍ത്ഥതയോടെയും കമലും സ്നേഹിച്ചിരുന്നു എന്ന് തെറ്റിദ്ധരിച്ച ഞാന്‍ വിഢിയായി.
ആ ബന്ധം വേണ്ടെന്നു വച്ചത് കമലാണ്. ഒരു ദിവസം എന്നെ വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്ന് കമല്‍ തീര്‍ത്ത് പറഞ്ഞു.അതിന് കാരണക്കാരി മറ്റൊരു നായികനടിയാണെന്ന് പലരും പറഞ്ഞ് ഞാനറിഞ്ഞു. മറ്റൊരു സ്ത്രീയെ കുറ്റപ്പെടുത്താന്‍ താത്പര്യമില്ലാത്തതു കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. എന്തായാലും അവര്‍ തമ്മിലുളള വിവാഹവും നടന്നില്ല.
പക്ഷെ പിന്നീട് കമല്‍ മറ്റൊരാളെ വിവാഹം കഴിച്ചത് എനിക്ക് ആഘാതമായി. ആ വാശിക്ക് മറ്റൊന്നും ആലോചിക്കാതെ ഞാനും വിവാഹിതയായി. പക്ഷെ എന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചു.
എന്നെ വേണ്ടെന്ന് കമല്‍ പറഞ്ഞ ദിവസം ഹൃദയം നൂറ് കഷണങ്ങളായി നുറുങ്ങൂന്ന വേദന ഞാന്‍ അനുഭവിച്ചു. അത്ര നിസാരമായി വേണ്ടെന്ന് വയ്ക്കാന്‍ മാത്രം മോശപ്പെട്ടവളാണോ ഞാന്‍ എന്ന ചിന്ത ഏറെക്കാലം മനസിനെ നോവിച്ചു. വല്ലാത്ത ആത്മനിന്ദ തോന്നിയ കാലഘട്ടമായിരുന്നു അത്. അന്നും ഇന്നും എല്ലാം മറക്കാനുളള മരുന്നായിരുന്നു എനിക്ക് അഭിനയം.
കമല്‍ നിരാകരിച്ചതിന്റെ വേദന മറക്കാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് സ്നേഹത്തിന്റെ കുരുക്കുമായി തന്ത്രപുര്‍വം ജോര്‍ജ് എത്തുന്നത്. ആ സമയത്ത് ഞാന്‍ തീക്കനല്‍ എന്ന പടത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സഹനിര്‍മ്മാതാവായിരുന്നു ജോര്‍ജ്.
എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മൂന്‍കൂട്ടി മനസിലാക്കി അതേ താത്പര്യങ്ങളാണ് തനിക്കുളളതെന്ന് വരുത്തി തീര്‍ത്ത് ബോധപുര്‍വം എന്റെ മനസ് കവരുകയായിരുന്നു ജോര്‍ജ്.
എനിക്ക് താത്പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കാനും ഇഷ്ടപ്പെട്ട നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചു വരാനും വരെ അയാള്‍ ശ്രദ്ധിച്ചു. ശുദ്ധഗതിക്കാരിയായ എനിക്ക് ആ കെണി തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
കമല്‍ അടക്കം എന്നെ ചതിച്ച പലരോടുമുള്ള പകവീട്ടല്‍ പോലെയാണ് ഞാനയാളോട് അടുത്തത്. പ്രണയം എന്നതിലുപരി ചുട്ടുപൊളളുന്ന മനസിന് സാന്ത്വനം തന്ന ഒരാളോടുള്ള ഇഷ്ടമായിരുന്നു അത്. ആ മനുഷ്യനെ ഞാന്‍ അന്ധമായി വിശ്വസിച്ചു.
എല്ലാ ദുഖങ്ങള്‍ക്കും അറുതി വന്നതായി ആശ്വസിച്ചു.
അരുതേയെന്ന് കാലുപിടിച്ച് അപേക്ഷിച്ചതാണ് അമ്മ. അപക്വമായ എന്റെ മനസ് അതൊന്നും ചെവിക്കൊണ്ടില്ല. എന്നെ ചതിച്ചവരെ തോല്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. ഒരമ്മയുടെ മനസ് ഉള്‍ക്കൊളളാന്‍ തക്ക മനോവികാസമൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.
അമ്മയുടെ എതിര്‍പ്പ് വകവയ്ക്കാതെ മതംമാറി മാമ്മോദീസ മുങ്ങി ഞാന്‍ ജോര്‍ജിന്റെ ഭാര്യയായി. ആ ബന്ധം സിനിമയുടെ പേര് പോലെ ഒരു 'തീക്കനല്‍' ആയി മാറുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.
എന്റെ പണം മാത്രമായിരുന്നു അയാള്‍ക്ക് ആവശ്യം. അമ്മയാകാനുളള ഒരു സ്ത്രീയുടെ അടിസ്ഥാനമോഹം പോലും അയാള്‍ തച്ചുടച്ചു. പലതവണ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു.
കുഞ്ഞുണ്ടായാല്‍ ബാധ്യതയാവുമെന്നും എന്റെ സ്വത്തുക്കള്‍ക്ക് മറ്റൊരു അവകാശിയുണ്ടാവുമെന്നും അയാള്‍ കണക്ക് കൂട്ടി. അത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. സ്വത്തുക്കള്‍ തന്ത്രപുര്‍വം അയാളൂടെ പേരിലാക്കി. മറ്റൊരു നടിയുമായി ബന്ധം ആരംഭിച്ചു. വിവരമറിഞ്ഞ് ഞാനാകെ തകര്‍ന്നു.
സ്വന്തം പണം കൊണ്ട് ഉണ്ടാക്കിയ വീട്ടില്‍ നിന്ന് അന്യയെപ്പോലെ ഇറങ്ങിപ്പോരേണ്ടി വന്നു. ആത്മഹത്യയെ പറ്റി പോലും, ചിന്തിച്ച നാളുകളായിരുന്നു അത്. പണം നഷ്ടമായതിലല്ല, വിശ്വസിച്ച പുരുഷനില്‍ നിന്നേല്ക്കുന്ന തിരിച്ചടി ഒരു സ്ത്രീക്ക് താങ്ങാവുന്നതിനുമപ്പുറത്താണ്.
ആ പ്രതിസന്ധി ഘട്ടത്തില്‍ സാന്ത്വനമായത് അമ്മയാണ്. പഴയകാലം തിരികെ കിട്ടിയ സന്തോഷമായിരുന്നു ഞങ്ങള്‍ക്ക്. ഒരു കുഞ്ഞിനെ പോലെ അമ്മയെന്നെ ഊട്ടിയുറക്കി. മനസുകൊണ്ട് ബാല്യത്തിലേക്ക് മടങ്ങുന്നതായി പലപ്പോഴും എനിക്ക് തോന്നി. ജീവിതത്തില്‍ അല്‍പ്പമെങ്കിലും സന്തോഷിച്ചത് ആ 4 വര്‍ഷം മാത്രമാണ്.
പക്ഷെ വിധി അവിടെയും എന്നെ തോല്‍പ്പിച്ച് കളഞ്ഞു. അമ്മയ്ക്ക് ക്യാന്‍സറാണെന്ന് ഡോക്ടര്‍ കണ്‍ഫേം ചെയ്തു. പക്ഷെ മകള്‍ വിഷമിക്കേണ്ടെന്നു കരുതി അമ്മ രോഗവിവ ഏരം മറച്ചു വച്ചു.അമ്മയ്ക്ക് കരളില്‍ കാന്‍സറാണെന്ന് ഞാനറിയുന്നത് മരിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പാണ്. 1990 ല്‍ അമ്മ മരിച്ചു. വീണ്ടും ഒറ്റപ്പെടലിന്റെ നാളുകള്‍. ആ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ അഭിനയത്തെ കൂട്ടുപിടിച്ചു.
ഇതിനിടയില്‍ ജോര്‍ജ് കയ്യടക്കിയ സ്വത്തുക്കള്‍ തിരിച്ചു കിട്ടാനുള്ള നിയമയുദ്ധവും അതിന്റെ സംഘര്‍ഷങ്ങളും ഒരു വശത്ത്. മറുവശത്ത് ബന്ധുക്കള്‍ പോലും കുടുംബത്തിലെ പ്രധാന ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുന്ന സ്ത്രീ. ഭര്‍ത്താവില്ലാത്ത സ്ത്രീ എന്നതായിരുന്നു അവര്‍ എന്നില്‍ കണ്ട ഏറ്റവും വലിയ കുറ്റം.
പലരും എന്നോട് ചോദിച്ചു. ആദ്യവിവാഹം പരാജയപ്പെട്ട എത്രയോ പേര് രണ്ടാംവിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.
ഞാനും കുറെക്കാലം അങ്ങനെയൊരാഗ്രഹം മനസില്‍ കൊണ്ടുനടന്നിരുന്നു. ഒരു ബന്ധത്തിന് വേണ്ടി ശ്രമിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഇങ്ങോട്ട് വരുന്നെങ്കില്‍ വരട്ടെയെന്ന് കരുതി. എന്റെ ജീവിതത്തിന് വേണ്ടി ശ്രമിക്കാന്‍ ബാധ്യസ്ഥരായ അച്ഛനും അമ്മയും എന്നെ വിട്ടുപോയി. പിന്നെയുള്ളത് ബന്ധുക്കള്‍. അവരാരും ഒരു കാലത്തും എന്നെക്കുറിച്ച് കരുതലുളളവരായിരുന്നില്ല. സത്യത്തില്‍ അത് അവരുടെയും കുറ്റമായിരുന്നില്ല. ഞങ്ങള്‍ തമിഴ് ബ്രാഹ്മണരുടെ സമ്പ്രദായം അനുസരിച്ച് വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെ വിട്ട് താമസിക്കുന്ന സ്ത്രീയോട് ആര്‍ക്കും മതിപ്പില്ല.അതിന്റെ സാഹചര്യം മറ്റുളളവര്‍ക്ക് മനസിലാവണമെന്നില്ല.
ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷം നഷ്ടമായ സ്വത്തുക്കള്‍ മടക്കി കിട്ടി. പക്ഷെ പണം സന്തോഷം തരുമെന്ന വിശ്വാസം എനിക്കില്ല. എനിക്ക് നഷ്ടമായ ജീവിതം തിരിച്ചുതരാന്‍ ഒരു സ്വത്തിനും സാധിക്കില്ല.
ഏതൊരു സാധാരണസ്ത്രീയെയും പോലെ ഒരമ്മയാവാന്‍ ഒരുപാട് മോഹിച്ചവളാണ് ഞാന്‍. അതിനുളള യോഗം ഇല്ലെന്ന് വന്നപ്പോള്‍ ചങ്ക് പറിക്കുന്ന വേദനയോടെ ആഗ്രഹം മാറ്റി വച്ചു. പക്ഷെ ഇന്നും ഏത് കൈക്കുഞ്ഞിനെ കണ്ടാലും കൈയിലെടുത്ത് ലാളിക്കും. ഉമ്മ വയ്ക്കും. സ്നേഹം കൊടുക്കും. അതിനാരും നമ്മെ തടയില്ലല്ലോ? ''
(അഭിമുഖം നടന്ന് അധികകാലം കഴിയും മുന്‍പ് അവര്‍ക്ക് അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടു. രൂപഭംഗിയുടെ എക്കാലത്തെയും അവസാനവാക്കായിരുന്ന അവര്‍ മുടികൊഴിഞ്ഞ് ഓജസ് നഷ്ടപ്പെട്ട കണ്ടാല്‍ തിരിച്ചറിയാത്ത അവസ്ഥയിലായെന്ന് പലരും പറഞ്ഞ് അറിഞ്ഞു. ആ രൂപം സങ്കല്പ്പിക്കാന് പോലും ധൈര്യം വന്നില്ല. ആ തിളങ്ങുന്ന കണ്ണുകളും കാന്തികമായ മുഖവും സ്വപ്നം കണ്ട് ഉണര്‍ന്ന മലയാളി മനസില്‍ നിന്നും നമുക്ക് എങ്ങനെ മാറ്റിവരയ്ക്കാനാവും. അതെന്നും അങ്ങനെ തന്നെ നിലനില്ക്കട്ടെ )
തയാറാക്കിയത് : സജില്‍ ശ്രീധര്‍