
ബെര്‍ലിന്‍: ഗോളടിയന്ത്രമെന്ന അപരനാമം അന്വര്‍ഥമാക്കി ബയേണ്‍ മ്യൂണിക് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ബുണ്ടസ് ലിഗായിലെ ടീമിന്റെ ആദ്യമത്സരത്തില്‍ത്തന്നെ ഗോളടിച്ച് പോളണ്ട് താരം. ഞായറാഴ്ച യൂണിയന് ബെര്ലിനെതിരേ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ലെവന്‍ഡോവ്സ്കി കുറിച്ചത് സീസണിലെ നാല്‍പ്പതാം ഗോള്‍. തുടര്‍ച്ചയായ അഞ്ചാം സീസണിലും ബയേണിനായി 40 വട്ടം ലക്ഷ്യം കണ്ട താരമെന്ന ഖ്യാതിയും ലെവന്‍ഡോവ്സ്കിക്കു സ്വന്തം.
കോവിഡ് രോഗബാധ മറ്റു ടൂര്ണമെന്റുകള്ക്കെന്നപോലെ ബുണ്ടസ് ലിഗായ്ക്കും താല്‍ക്കാലിക ഇടവേള സമ്മാനിച്ചപ്പോള്‍ ആശ്വസിച്ചത് ബയേണും ലെവന്ഡോവ്സ്കിയുമായിരുന്നു. മാര്‍ച്ച് അവസാന ആഴ്ചയില്‍ ലീഗ് പാതിവഴിയില്‍ നിര്‍ത്തിവച്ചപ്പോള്‍ പരുക്കിന്റെ പിടിയിലായിരുന്നു താരം. കാല്‍മുട്ടിനേറ്റ പരുക്കിനു ചികിത്സയിലായിരുന്നു ഗോളടിയന്ത്രം. രണ്ടരമാസത്തോളം നീണ്ട ഇടവേള ലെവന്‍ഡോവ്സ്കിക്കും ബയേണിനും അക്ഷരാര്‍ഥത്തില്‍ ഉര്വശീശാപത്തിനു സമാനം. ഞായറാഴ്ച യൂണിയന് ബെര്‍ലിനെതിരായ പോരാട്ടത്തില്‍ ലെവന്‍ഡോവ്സ്കി കളത്തിലിറങ്ങിയതു വര്‍ധിതവീര്യത്തോടെ. മത്സരത്തിന്റെ 40-ാം മിനിട്ടില്‍ ടീമിനു ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് 'ലെവന്' കൈകള്‍കൊണ്ട് നടത്തിയ 'സ്നേഹ'പ്രകടനം ടെലിവിഷനിലൂടെ കളികണ്ട ആരാധകലക്ഷങ്ങളെ ത്രസിപ്പിച്ചെന്നുറപ്പ്. 2019-20 സീസണില്‍ 34 മത്സരങ്ങളില്‍നിന്നാണു ടീമിനായി പോളിഷ് സൂപ്പര്‍സ്റ്റാറിന്റെ 40-ാം ഗോള്‍വേട്ട.
2014-15 സീസണിലാണ് ലെവന്‍ഡോവ്സ്കി ബയേണിനായി ബുണ്ടസ് ലീഗായില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ സീസണില്‍ ടീമിനായി 25 ഗോള്‍ മാത്രമാണു താരം നേടിയതെങ്കിലും ഗോള്‍മഴയ്ക്കു മുമ്പുള്ള ചാറ്റല്‍ മാത്രമായിരുന്നു അതെന്നു പിന്നീടുള്ള വര്‍ഷങ്ങളിലെ പ്രകടനംതന്നെ തെളിവ്.
അടുത്ത സീസണുകളില്‍ ലെവന്‍ഡോവ്സ്കിയുടെ ഗോള്‍വേട്ട ഇങ്ങനെ; 42, 43, 41, 40. ബുണ്ടസ് ലിഗായില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ലെവന്റെ ബൂട്ടുകളും തലയും ഇനിയും എതിരാളികളുടെ വല തുളയ്ക്കുന്നതിനു കാത്തിരിക്കുകയാണ് ആരാധകര്‍. 2016-17 സീസണിലെ 43 ഗോളെന്ന നേട്ടം താരം മറികടക്കാനുള്ള സാധ്യതയുമേറെ.






