
നടി ശ്രീദേവിയുടെ പാത പിന്തുടരുകയാണ് മക്കളായ ജാന്‍വി കപൂറും, ഖുഷി കപൂറും. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ആരാധകരുടെ കണ്ണിലുണ്ണിയാകാന്‍ ജാന്‍വിയ്ക്ക് കഴിഞ്ഞു. 2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിലേക്ക് കാലുവെയ്ക്കും മുന്‍പ് സിനിമയെ ഗൗരവമായി പഠിക്കാന്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ചേര്‍ന്നിരിക്കുകയാണ് ഖുഷി.
സിനിമയിലെത്തും മുമ്പെ തനിക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും നെഗറ്റീവ് കമന്റുകളെക്കുറിച്ചുമൊക്കെ പ്രതികരിക്കുകയാണ് ഖുഷി. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ക്വാറന്റൈന് ടേപ്സ് എന്ന വീഡിയോയിലൂടെയാണ് ഖുഷി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. '' പത്തൊമ്പതു വയസ്സുള്ള സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. ഞാനൊന്നും ചെയ്യാതിരുന്നിട്ടും ജനങ്ങളുടെ സ്വീകാര്യത കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ അലോസരപ്പെടുത്താറുണ്ട്.
ചെറിയ പ്രായത്തില്‍ തന്നെ ആളുകളുടെ വിമര്‍ശനം കേള്‍ക്കുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കി. അല്പം നാണംകുണുങ്ങിയായ വിമുഖതയുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ചിലപ്പോഴൊക്കെ ആളുകളുടെ വെറുപ്പാണ് ലഭിക്കുന്നത്. ഇതാണ് ഞാന്‍ എന്ന് ജനങ്ങള്‍ അറിയണമെന്നുണ്ട്. പക്ഷേ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല. അതില്‍ നിന്ന് എന്റെ അരക്ഷിതാവസ്ഥയും ആത്മാഭിമാന പ്രശ്നങ്ങളും ഉടലെടുക്കും.
ഞാന്‍ എന്റെ അമ്മയെപ്പോലെയോ ചേച്ചിയേപ്പോലെയോ അല്ല കാണാന്‍. അതുകൊണ്ട് ചിലപ്പോഴൊക്കെ ആളുകള്‍ എന്നെ കളിയാക്കുന്നതു കാണാം. ജീവിതം നീട്ടിയ വെല്ലുവിളികളോട് പൊരുതുന്ന ആളുകളെ ചിരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് താന്‍. അവനവനില്‍ ആത്മാര്‍ഥമായി ഇരിക്കുക, നമ്മളായി തന്നെ ഇരിക്കുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത് '' - ഖുഷി പറയുന്നു.






