
റിയല്‍മിയുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി സ്മാര്‍ട്ട് ടിവി എന്ന പേരില്‍ 32 ഇഞ്ച്, 43 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ടിവികളാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 32 ഇഞ്ച് മോഡലിന് 12,999 രൂപയും 43 ഇഞ്ച് ടിവിയ്ക്ക് 21,999 രൂപയും ആണ് വില.
32 ഇഞ്ച് ടിവിയ്ക്ക് 1366 x 768 പിക്സല്‍ റസലൂഷനുണ്ട്. റിയല്‍മി സ്മാര്‍ട്ട് ടിവിയുടെ പ്രവര്‍ത്തനം ആന്‍ഡ്രോയിഡ് 9.0 ഓഎസിലാണ്. 43 ഇഞ്ച് പതിപ്പിന് 1920 x 1080 പിക്സല്‍ റസലൂഷനുമുണ്ട്. ടിവി സ്റ്റാന്‍ഡ്, റിമോട്ട്, കണക്ഷന് കേബിളുകള്‍ എന്നിവ ഒപ്പം ലഭിക്കും. ജൂണ്‍ രണ്ട് മുതല്‍ ഫ്ളിപ്കാര്‍ട്ടിലും റിയല്‍മി.കോമിലുമാണ് ടിവിയുടെ വില്പന ആരംഭിക്കുക. ഓഫ്ലൈന് സ്റ്റോറുകളിലും ടിവി വില്പനയ്ക്കെത്തുമെന്നാണ് സൂചന.
മികച്ച ദൃശ്യമേന്മയ്ക്കായി ക്രോമ ബൂസ്റ്റ് സാങ്കേതിക വിദ്യ ടിവികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ടിവി സ്ക്രീനിലെ ബ്രൈറ്റ്നെസ്, കോണ്ട്രാസ്റ്റ്, കളര്‍, വ്യക്തത എന്നിവ മെച്ചപ്പെടുത്തും. ഇന്‍ബില്‍റ്റ് ക്രോംകാസ്റ്റ് സൗകര്യവും ഗൂഗിള്‍ അസിസ്റ്റന്റ് സൗകര്യവും ഉണ്ട്. 24 വാട്ടിന്റെ നാല് സ്റ്റീരിയോ സ്പീക്കറുകളാണ് റിയല്‍മി ടിവികള്‍ക്കുള്ളത്. യൂട്യൂബ്, നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്ക് വേണ്ട ക്വിക്ക് ബട്ടനുകളുംസ്മാര്ട് ടിവി റിമോട്ടില്‍ ഉണ്ടാവും.






