തൃശൂര്‍: ചിരിയുടെ മറുവാക്കായി അറിയപ്പെട്ടയാളാണ് ഡോ.ഏദന്വാല. മുറിച്ചുണ്ട് ശസ്ത്രക്രിയയില്‍ ലോകറെക്കോഡിട്ട അദ്ദേഹം രോഗികളോടു എന്നും കരുണയോടെ ഇടപെട്ടു. മുഖസൗന്ദര്യത്തിനു വിഘാതമാകുന്ന മുറിച്ചുണ്ടിനെ ക്രമീകരിച്ചു സൗന്ദര്യം വീണ്ടെടുക്കുന്നതില്‍ ഡോ.ഏദന്വാല വഹിച്ച പങ്ക് വലുതാണ്. കുട്ടികള്‍ അടക്കം അനേകര്‍ക്കു ജീവിതത്തെ നോക്കി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനായത് ഡോ. ഏദന്വാലയുടെ കാരുണ്യസ്പര്ശത്തോടെയാണ്. കാല്‍ലക്ഷത്തിലധികം പേരെയാണ് അദ്ദേഹം ജീവിതത്തിന്റെ പുത്തന്തുരുത്തിലേക്കു കൊണ്ടുവന്നത്.
തൃശൂര്‍ ജൂബിലി മെഡി.മിഷന് ആശുപത്രിക്കു രൂപം നല്കിയപ്പോള് മുതല്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. പ്രതിസന്ധികള്‍ വന്നപ്പോള്‍ ഉറച്ചുനിന്നു വികസന പാതയിലേക്കു കൊണ്ടുവന്നു. 61 വര്‍ഷത്തോളം ജൂബിലി മിഷന്റെ ചരിത്രത്തില്‍ ഒളിമങ്ങാത്ത കൈയൊപ്പ് ചാര്‍ത്തിയ ചിരിയുടെ പിതാവ് എന്ന വിശേഷണമുള്ള ഏഡന്‍വാല അരങ്ങൊഴിയുമ്പോള്‍ ചികിത്സിച്ച പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കു നഷ്ടബോധമാണ്.
60 വര്‍ഷം മുമ്പ് ചീഫ് മെഡിക്കല്‍ ഓഫീസറായാണ് മിഷന് ആശുപത്രിയില്‍ ചുമതലയേറ്റത്. ഒരായുസ് മുഴുവനും കൊണ്ട് അദ്ദേഹം രചിച്ചത് സ്നേഹസേവനത്തിന്റെ പുത്തന്പുസ്തകമാണ്. ഒരേ ആശുപത്രിയില്‍ അറുപത് വര്‍ഷത്തിലേറെ തുടര്‍ച്ചയായി ശസ്ത്രക്രിയാവിദഗ്ദ്ധന് എന്ന നിലയില്‍ സേവനമനുഷ്ഠിച്ച മറ്റൊരു ഡോക്ടര്‍ ഉണ്ടോ എന്നതു സംശയമാണ്. 1930 ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ജനിച്ച ഏഡന്‍വാല 1959 ആഗസ്റ്റ് 10 നാണ് ജൂബിലിയില്‍ സേവനം ആരംഭിച്ചത്.
മോണ്‍. മാത്യു മുരിങ്ങാത്തേരി അച്ചന്റെ നേതൃത്വത്തില്‍ 20 ബെഡ്ഡുകളോടെ ആരംഭിച്ച ആശുപത്രി മെല്ലെ മെല്ലെ മധ്യകേരളത്തിലെ അറിയപ്പെടുന്ന മുന്‍നിര ആശുപത്രികളില്‍ ഒന്നായി. ഇതിനു ഏഡന്‍വാല ഡോക്ടര്‍ വഹിച്ച പങ്ക് വലുതാണ്. ശസ്ത്രക്രിയകളിലൂടെയാണ് ആതുരസേവനവിപ്ലവത്തിന് അദ്ദേഹം നാന്ദി കുറിച്ചത്. പിന്നീട് മുറിച്ചുണ്ട് ശസ്ത്രക്രിയകളില്‍ ശ്രദ്ധചെലുത്തി. 18,000 ത്തോളം കുഞ്ഞുങ്ങള്‍ക്കാണ് നിഷ്കളങ്കമായ പുഞ്ചിരി അദ്ദേഹം തിരിച്ചുനല്‍കിയത്. മുതിര്‍ന്നവര്‍ക്കു വേറെ. ന്യൂയോര്‍ക്കിലെ സ്മൈല്‍ ട്രെയിന്‍ പ്രസ്ഥാനവുമായി സഹകരിച്ച് 1999 മുതല്‍ 8500 നടുത്ത് സൗജന്യ ശസ്ത്രക്രിയകള്‍ നടത്തി. 2013-ല്‍ ജൂബിലിയിലെ തിരക്കേറിയ ഔദ്യാഗിക ജീവിതത്തില്‍ നിന്നും മാറിയെങ്കിലും പ്രതിമാസം 15 ദിവസങ്ങളോളം അവിടെയെത്തി ശുശ്രൂഷ തുടര്‍ന്നു. വിശ്രമം സേവനത്തിന് എന്ന മാര്‍. കുണ്ടുകുളം പിതാവിന്റെ ആപ്തവാക്യം ശിരസേറ്റിയ മനുഷ്യന് കൂടിയാണ്.






