
ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. എന്നാല്‍ ആര്‍ത്തവത്തെ കുറിച്ച് പല തെറ്റായ ധാരണകളും നമ്മുടെ ഇടയില്‍ ഉണ്ട്. രാജ്യത്തെ 23 ശതമാനം പെണ്‍കുട്ടികള്‍ കൗമാരത്തില്‍ തന്നെ അധ്യയനം ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതും ആര്‍ത്തവത്തിന്റെ പേരിലുള്ള തെറ്റിധാരണകളാണ്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുന്നത് ഉത്തര്‍പ്രദേശിലെ ഹരോദി ജില്ലയില്‍ നിന്നുള്ള 16 വയസ്സുകാരിയായ ഷിക്കോഹ് സൈദിയുടെ പോരാട്ടമാണ്.
ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഒഴിവാക്കി ശരിയായ ആരോഗ്യ ശീലങ്ങള്‍ സൃഷ്ടിക്കുക, സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങള്‍ സാധ്യമാക്കാനാണ് ഒരു കര്‍ഷകന്റെ മകള്‍ കൂടിയായ ഷിക്കോഹ് സൈദി മുന്നോട്ട് വന്നത്. കുവര്‍പ്പര്‍ ഭഗര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന സൈദി ആദ്യം തന്റെ ഗ്രാമീണരെ തന്നെയാണ് ബോധവത്ക്കരിക്കാന്‍ മുന്നോട്ട് വന്നത്. തന്റെ വിഡിയോകളിലൂടെ ആര്‍ത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചാണ് സൈദി ആദ്യം പ്രചാരണം തുടങ്ങിയത്.
തന്റെ ഒരു കൂട്ടുകാരി ആര്‍ത്തവ സമയത്ത് തുണി ഉപയോഗിക്കുകയും അതിനെത്തുടര്‍ന്ന് ശരീരത്തില്‍ പാടുകള്‍ ഉണ്ടാകുകയും ചെയ്തതോടെയാണ് പ്രശ്നത്തില്‍ ഇടപെടാന്‍ സൈദി തീരുമാനിക്കുന്നത്. യൂട്യൂബിലെ ആനിമേറ്റഡ് വിഡിയോകളുടെ സഹായത്തോടെയാണ് സൈദി ബോധവല്‍ക്കരണം തുടങ്ങിയത്. സമ്മര്‍ പ്രോജക്ടായി സൈദി തിരഞ്ഞെടുത്തത് ആര്‍ത്തവ ബോധവല്‍ക്കരണമായിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ പേടിച്ചു. എന്നാല്‍ അച്ഛന് ധൈര്യം നല്കി. അതോടെ സൈദി മുന്നിട്ടിറങ്ങി.
'' വീട്ടില്‍ അമ്മയും സഹോദരിമാരുമൊക്കെ തുണി തന്നെയാണ് ഉപയോഗിക്കുന്നത്. നഗരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി പോയതോടെയാണ് സാനിറ്ററി പാഡുകളുടെ പ്രാധാന്യം അവര്‍ മനസ്സിലാക്കിയതുതന്നെ. ഗ്രാമത്തില്‍ ഭൂരിപക്ഷം സ്ത്രീകളും ഇപ്പോഴും പാഡിനു പകരം തുണിയാണ് ഉപയോഗിക്കുന്നത്. 9-ാം ക്ലാസ്സില്‍ വച്ചുതന്നെ ഞാനും സഹപാഠികളും അധ്യാപകരും പ്രത്യുല്പാദന അവയവങ്ങളെക്കുറിച്ചൊക്കെ പഠിക്കാനും ആരോഗ്യകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും തുടങ്ങി. എന്നാല്‍ ഗ്രാമത്തില്‍ അതായിരുന്നില്ല അവസ്ഥ-സൈദി പറയുന്നു.






