ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയെ ഖേല്‍ രത്ന പുരസ്കാരത്തിന് ശിപാര്‍ശ ചെയ്ത് ബി.സി.സി.ഐ. ഇഷാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്, ദീപ്തി ശര്‍മ്മ എന്നിവരെ അര്‍ജുന പുരസ്കാരത്തിനും ബി.സി.സി.ഐ ശിപാര്‍ശ ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് ഖേല്‍ രത്ന, അര്‍ജുന പുരസ്കാരങ്ങള്‍ക്ക് നോമിനേഷന് ക്ഷണിച്ചിരുന്നു.
ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ്മ. 2019ലെ ഐ.സി.ഐ.സി.ഐ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാര ജേതാവ് കൂടിയാണ് രോഹിത് ശര്‍മ്മ. ലോക കപ്പിന്റെ ഒരു പതിപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ ഏക താരമെന്ന റെക്കോര്‍ഡും രോഹിത് ശര്‍മ്മയുടെ പേരിലാണ്.
അരങ്ങേറ്റത്തില്‍ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് ശിഖര്‍ ധവാന്. ഏകദിനത്തില്‍ 2000, 3000, 4000, 5000 റണ്‍സുകള്‍ ഏറ്റവും വേഗത്തില്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ധവാന്റെ പേരിലാണ്.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് ഇഷാന്ത് ശര്‍മ്മ. ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ മുഖമായ ഇഷാന്ത്, ഏഷ്യയ്ക്ക് പുറത്ത് ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമെന്ന വിശേഷണത്തിന് അര്‍ഹനാണ്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്െ്റ ഉടമയാണ് ദീപ്തി ശര്‍മ്മ.






