
ദുബായ്: കോവിഡ് മരണങ്ങള് കൂടിയതോടെ സംസ്കാരം നടത്തുന്നതിന് പലരാജ്യങ്ങളും പ്രതിസന്ധി നേരിടുകയാണ്. യുഎഇയിലെ ശ്മശാനങ്ങളില്‍ മൂന്നാഴ്ച വരെ കാത്തിരുന്നാലാണ് സംസ്കാരം നടത്താന്‍ സാധിക്കുക. മറ്റു പല രാജ്യങ്ങളിലും കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവുചെയ്യുന്ന രീതിയും ഉണ്ടായിരുന്നു. 86 മലയാളികളടക്കം 264 പേരാണു ഇതുവരെ യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.
കോവിഡ് ബാധിച്ചു കഴിഞ്ഞ മാസം 11 നു മരിച്ച ചേര്‍ത്തല സ്വദേശി സാബു ചെല്ലപ്പന്റെ സംസ്കാരം ഒരു മാസത്തോളം വൈകി അടുത്ത ഏഴിനാണു നിശ്ചയിച്ചിട്ടുള്ളത്. ഇതിനു ശേഷം നാട്ടില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തുമെന്നു ബന്ധുക്കള്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ശ്മശാനത്തില്‍ ഈ മാസം 26 വരെ ഒഴിവില്ല. ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളിലെ സ്വകാര്യ വൈദ്യുത ശ്മശാനങ്ങളിലും രണ്ടാഴ്ച കഴിഞ്ഞു മാത്രമേ ഒഴിവുള്ളൂ.
ദുബായ് ജബല്‍ അലിയില്‍ ഹിന്ദു ക്രിമേഷന്‍ ഗ്രൗണ്ട് കമ്മിറ്റിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ശ്മശാനത്തില്‍ മാസം 30 മൃതദേഹങ്ങള്‍ എത്തിയിരുന്നത് നൂറിലധികമായി വര്‍ധിച്ചു. കഴിഞ്ഞ മാസം 113 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. ജീവനക്കാരുടെ ഷിഫ്റ്റ് വര്‍ധിപ്പിച്ച് 12 മൃതദേഹങ്ങള്‍ വരെ സംസ്കരിക്കുന്നുണ്ടെന്നു ചുമതലക്കാര്‍ പറഞ്ഞു. ഷാര്‍ജയില്‍ ദിവസേന 2 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ. വിമാന സര്‍വീസ് ആരംഭിച്ചതിനു ശേഷം ഇതുവരെ 42 മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.






