
കോവിഡ്കാലത്ത് ആരാധനാലയങ്ങള്‍ അടച്ചിട്ടെങ്കിലും അമൃതപ്രസാദിന്റെ മനംനിറയെ ദൈവികബിംബങ്ങളാണ്. മഹാമാരി പെയ്തൊഴിഞ്ഞ് ഉണര്‍വിന്റെ പ്രഭാതത്തിനായുള്ള പ്രാര്‍ഥനയാണ് അമൃതപ്രസാദിന് ചിത്രരചന. ചായകൂട്ടുകളില്‍ മിഴിതുറക്കുന്ന ദൈവികതയില്‍ സ്വയമര്‍പ്പിച്ച ലോക്ക്ഡൗണ്കാലമാണ് അമൃതപ്രസാദിന്റേത്.
ഷൊര്‍ണൂര്‍ വാടാനംകുറിശി സ്വദേശി അമൃതപ്രസാദിന് ലോക്ക്ഡൗണ്‍കാലത്തെ ചിത്രരചന അതുകൊണ്ടുതന്നെ ഹോബിയായിരുന്നില്ല; മഹത്തായ കര്മംതന്നെയായിരുന്നു. മനസില്‍ നിറഞ്ഞ ദൈവിക രൂപങ്ങള്‍ നിറങ്ങളില്‍ നിറഞ്ഞ് പ്രസാദിക്കവേ പിറന്നത് വിസ്മയമുണര്‍ത്തുന്ന ചേലുറ്റ ചിത്രങ്ങള്‍. ചുമര് ചിത്രകലാ മാതൃകയിലാണ് കാര്‍ബോഡ് പ്രതലത്തില്‍ അമൃതപ്രസാദ് മഹാദേവനെ കുടുംബസമേതം വരച്ചിട്ടത്. നിറഞ്ഞ ഭക്തിയില്‍ ചാലിച്ച് വരച്ചുതീര്‍ത്ത ചിത്രത്തില്‍ അതുകൊണ്ടുതന്നെ ദേവന്മാര്ക്കെല്ലാം അനുഗ്രഹഭാവം. ആറ് പ്ലസ് നാല് അടിയില്‍ തീര്‍ത്ത വലിയ ചിത്രത്തില്‍ ശിവനൊപ്പം പാര്‍വതിയും ഗണപതിയും മുരുകനുമുണ്ട്.
സാഹിത്യകാരനും ഗ്രാഫിക് ഡിസൈനറുമായ അമൃതപ്രസാദിന് ലോക്ക്ഡൗണ്‍ കാലത്തെ അതിജീവിക്കാനുള്ള മാര്‍ഗംകൂടിയായിരുന്നു ചിത്രരചന. ഇനാമല്‍ പെയിന്റിലാണ് ഇഷ്ട ദൈവങ്ങള്‍ക്ക് രൂപം പകര്‍ന്നത്. ദൈവിക ബിംബങ്ങള്‍ വരകളിലുണരാന് വെമ്പി ഇനിയുമേറെയുണ്ട് അമൃതപ്രസാദിന്റെ മനസില്‍. പലതിന്റേയും രചന തുടങ്ങിവച്ചിട്ടുമുണ്ട്. വരച്ചെടുത്ത സരസ്വതി ദേവിയെ ദേശ ക്ഷേത്രമായ തോട്ടേക്കോട്ട് ശിവക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചുകഴിഞ്ഞു.
വരകളില്‍ മാത്രമല്ല, കഥയെഴുത്തിലും അംഗീകാരം ഏറെ നേടിയിട്ടുണ്ട് അമൃതപ്രസാദ്. ഒട്ടേറെ അവാര്‍ഡുകളും ഇതിനകം തേടിയെത്തിയിട്ടുമുണ്ട്. അമൃതപ്രസാദ് സംവിധാനംചെയ്ത പണമരം എന്ന ഹൃസ്വചിത്രം യുട്യൂബില്‍ ഏറെ ശ്രദ്ധനേടി. ഭാര്യ: ചിഞ്ചുചന്ദ്ര. മക്കള്‍: ആശ്ചര്യ, അതിശയ്.






