
തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും ഒന്നിക്കുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആറു മായി ബന്ധപ്പെട്ട് ബോളിവുഡ് നടി മീരാചോപ്രായ്ക്ക് ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണി. ജൂനിയര്‍ എന്ടിആറിനേക്കാള് തനിക്ക് കൂടുതല്‍ ഇഷ്ടം മഹേഷ്ബാബുവിനെ ആണെന്ന് പ്രതികരിച്ചതിനാണ് ഭീഷണി. തുടര്‍ന്ന് തനിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ഭീഷണി താരം മറു ട്വീറ്റിലൂടെ ജൂനിയര്‍ എന്‍ടിആറിന്റെ ശ്രദ്ധയില്‍ പെടുത്തി.
ട്വിറ്ററിലെ ആസ്ക്ക് മീര എന്ന സെഷനിലാണ് തന്റെ ഇഷ്ടം താരം പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ഭീഷണി വന്നതും. തുടര്‍ന്ന് ഈ വിവരം താരം തന്നെ ട്വീറ്റിലൂടെ ജൂനിയര്‍ എന്‍ടിആറിന്റെ ശ്രദ്ധയിലേക്ക് വിട്ടു. ''മഹേഷ്ബാബുവിനെ താങ്കളേക്കാള്‍ കൂടുതല്‍ ഇഷ്ടമാണെന്ന് പറഞ്ഞതിന് പോണ് താരമെന്നോ, കൊടിച്ചിപ്പട്ടിയെന്നോ വിളിക്കപ്പെടാമോ എന്നറിയില്ല. എന്നാല്‍ താങ്കളുടെ ആരാധകര്‍ ഇത്തരം കാര്യങ്ങള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയയ്ക്കുന്നുണ്ട്. ഇത്തരം ആരാധകര്‍ ആശ്വാസ്യമാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? എന്റെ ട്വീറ്റ് അവഗണിക്കില്ലെന്ന് കരുതുന്നു. എന്നാണ് താരത്തിന്റെ ആദ്യ ട്വീറ്റ്.
ഒരാളുടെ ആരാധികയായില്ല എന്നത് ഒരു കുറ്റമാണോ എന്നറിയല്ല. എന്നാല്‍ ജൂനിയര്‍ എന്‍ടിആറിന്റെ ആരാധിക ആയില്ലെങ്കില്‍ ബലാത്സംഗമോ, കൊലയോ, കൂട്ടബലാത്സംഗത്തിനോ ഭീഷണി നേരിട്ടേക്കാമെന്ന് എല്ലാ പെണ്‍കുട്ടികളോടും പറയാന്‍ ആഗ്രഹിക്കുന്നു. ഇത് തങ്ങളുടെ ആരാധ്യപുരുഷന്റെ പേര് ദുരുപയോഗം ചെയ്യുന്നതിന് തുല്യമല്ലേയെന്നായിരുന്നു താരത്തിന്റെ രണ്ടാമത്തെ ട്വീറ്റ്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദ് പോലീസിലെ സൈബര്‍ വിംഗിനും ട്വിറ്ററിനും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകള്‍ സസ്പെന്റ് ചെയ്യാനാണ് താരം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസില്‍ പരാതി നല്കാന് ശുപാര്‍ശ ചെയ്ത് മീരാ ചോപ്രയെ പിന്തുണച്ചതിന്റെ പേരില്‍ ഗായിക ചിന്മയി ശ്രീപാദയ്ക്കും കിട്ടി ഭീഷണി. ബലാത്സംഗ ചെയ്യുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമാണ് ഭീഷണി. ഇക്കാര്യത്തില്‍ തന്നെ പിന്തുണച്ച ആരാധകര്‍ക്ക് പിന്നീട് നന്ദി പറഞ്ഞ മീര സൈബര്‍ ഇടങ്ങള്‍ സ്ത്രീ സുരക്ഷിതമായിരിക്കാന്‍ കൂടി ശ്രദ്ധിക്കാനും അഭ്യര്‍ത്ഥിച്ചു.






