
ചെന്നൈ: തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊള്ളയടിക്കുന്നെന്ന ആരോപണം ശക്തമായിരിക്കെ ഒരു ദിവസത്തെ ചികിത്സയ്ക്ക് 23,000 രൂപ വരെ വാങ്ങാമെന്ന് തമിഴ്നാട്സര്ക്കാരിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തമിഴ്നാട് ഘടകത്തിന്റെ ശുപാര്‍ശ. ആശുപത്രികളുടെ നിരക്കുകള്‍ ക്രമപ്പെടുത്തണമെന്നും സ്വകാര്യ ആശുപത്രികള്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെന്നും ഒരു മന്ത്രി തന്നെ പ്രസ്താവന നടത്തിയതിന് പിന്നാലെ നിരക്ക ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടയിലാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനം വന്നിരിക്കുന്നത്.
പത്തു ദിവസത്തേക്ക് 2.31 ലക്ഷം രൂപയും 17 ദിവസത്തേക്ക് 4.31 ലക്ഷം രൂപയും രോഗികളില്‍ നിന്നും ബില്ല് ചെയ്യാമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. ചെറുതായി രോഗമുള്ളവര്‍ക്ക് ദിവസം 23,000 രൂപയും കടുത്ത രോഗമുള്ളവര്‍ക്ക് 25,353 രൂപയും ദിവസം ഈടാക്കാമെന്നാണ് പറയുന്നത്. തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികളിലെ നിരക്കുകള്‍ നിജപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു.
ഐഎംഎ യുടെ തമിഴ്നാട് ബ്രാഞ്ച് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷിന് കത്ത് നല്കി. പുതിയ നിരക്കുകള്‍ പരിഗണിക്കണമെന്നും ഇനം വേര്‍തിരിച്ചുള്ള ബില്ലിനും അനുവദിക്കണമെന്ന് ശുപാര്‍ശയും സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ആശുപത്രി ബില്ല്, സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ്ജ്, ഫാര്‍മസി, ഗുളിക, പരിശോധനാ ചാര്‍ജ്ജ് എന്നിവയെല്ലാം ഇതില്‍പെടും. അതേസമയം ക്വാറന്റൈനില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടേയും ഭക്ഷണം ഉള്‍പ്പെടെയുള്ള ചാര്‍ജ്ജ് ഉള്‍പ്പെടില്ല. ഇവ ദിവസം 9,600 രൂപ വരുമെന്നും ഐഎംഎ യുടെ കത്തില്‍ പറയുന്നു. ചെലവുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആരോഗ്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അനുമതിയും ചോദിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് ദിനംപ്രതി 7,500 രൂപയായി നിജപ്പെടുത്താനാണ് സര്‍ക്കാരിന്റെ ആലോചന. ഐസിയുവിന് 15,000, ജീവന് രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് 22,500 എന്നിവയും ദിനംപ്രതി ഈടാക്കാനാണ് ഉദ്ദേശം. ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ പുറത്തിറങ്ങും. തമിഴ്നാട്ടില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ നിറയുന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളുടെ നിരക്ക് നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.






