
ഫെയ്സ്ബുക്കിന്റെ ഗൂഗിള്‍ ഫോട്ടോസ് ട്രാന്‍സ്ഫര്‍ ടൂള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കി. ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളുടേയും വീഡിയോകളുടേയും പകര്‍പ്പ് നേരിട്ട് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാന്‍ ഈ പുതിയ ടൂള്‍ വഴി സാധിക്കും.
മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവര്‍ ചേര്‍ന്ന് അവരുടെ സേവനങ്ങള്‍ തമ്മില്‍ പരസ്പരം വിവര കൈമാറ്റം സാധ്യമാക്കുന്നതിനായി 2018 ല്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായാണ് ഫെയ്സ്ബുക്ക് ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അയര്‍ലണ്ടിലാണ് 2019 ല്‍ ഈ സൗകര്യം ആദ്യമായി ആരംഭിച്ചത്. ആഫ്രിക്ക, എഷ്യ പസഫിക്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും പിന്നീട് ഇത് വ്യാപിപ്പിച്ചു. ഇനി ആഗോള തലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
'ട്രാന്‍സ്ഫര്‍ എ കോപ്പി ഓഫ് യുവര്‍ ഫോട്ടോസ് ഓര് വീഡിയോസ്' എന്ന ഓപ്ഷന് ഫെയ്സ്ബുക്ക് സെറ്റിങ്സിലെ യുവര്‍ ഫെയ്സ്ബുക്ക് ഇന്‍ഫര്‍മേഷന്‍ എന്ന ഓപ്ഷനുള്ളില് കാണാം. അത് തിരഞ്ഞെടുത്ത് ഡെസ്റ്റിനേഷന്‍ ആയി ഗൂഗിള്‍ ഫോട്ടോസ് തിരഞ്ഞെടുക്കുക. ഗൂഗിള്‍ ഫോട്ടോസിലേക്ക് ചിത്രങ്ങളാണോ വീഡിയോകളാണോ അയക്കേണ്ടത് എന്ന് തീരുമാനിക്കുക. എന്നിട്ട് നെക്സ്റ്റ് ബട്ടന് ക്ലിക്ക് ചെയ്യുക. നേരെ ഗൂഗിള്‍ ലോഗിന്‍ വിന്‍ഡോ ആണ് തുറക്കുക. ലോഗിന്‍ ചെയ്ത് ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ഫെയ്സ്ബുക്കിന് അനുമതി നല്‍കുക. അങ്ങനെ ഗൂഗിള്‍ ഫോട്ടോസിലേക്ക് ഫെയ്ബുക്കിലെ വീഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്യപ്പെടും. ഇത് നോട്ടിഫിക്കേഷനായി നിങ്ങൾക്ക് ലഭിക്കും.






