കൊച്ചി: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസുകളില്‍ നേരത്തെ വര്‍ദ്ധിപ്പിച്ച നിരക്കില്‍ തന്നെ പണം ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ സാമൂഹിക അകലം പാലിച്ചുവേണം സര്‍വീസ് നടത്താനെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കൊവിഡ് കാലത്ത് നിലവിലെ നിരക്കില്‍ സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്നും നേരത്തെ വര്‍ദ്ധിപ്പിച്ച നിരക്ക് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. സാധാരണ നിലയിലേക്ക് എത്തുന്നത് വരെ അധിക നിരക്ക് ഈടാക്കാം. എന്നാല്‍ സാമൂഹിക അകലം പാലിക്കണമെന്ന് മാത്രം.
ബസ് ചാര്‍ജ് വര്ദ്ധന് പഠിക്കാന്‍ നിയമിച്ച രാമചന്ദ്രന് കമ്മീഷന് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സമിതി റിപ്പോര്‍ട്ടിന്‍െ്റ അടിസ്ഥാനത്തില്‍ നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് സര്‍ക്കാരിന് തുടര്‍ നടപടികള്‍ സ്വീകരിക്കാം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മിനിമം ചാര്‍ജ് 12 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. മറ്റ് നിരക്കുകളിലും ആനുപാതിക വര്‍ദ്ധനവ് ഉണ്ട്.






