
ഒരു കാലത്ത് ബോളിവുഡിലെ ശ്രദ്ധേയമായ താരമായിരുന്നു മഹിമാ ചൗധരി. ഷീറൂഖിനൊപ്പമെത്തിയ ആദ്യ ചിത്രം പര്‍ദേശ് വന്‍ ഹിറ്റ്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തിനിടെ തന്റെ കരിയര്‍ തന്നെ അവസാനിച്ചു പോകുമായിരുന്നൊരു അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് മഹിമാ ചൗധരി. ഒരു ഇംഗ്ലീഷ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് അപകടത്തെക്കുറിച്ച് താരം മനസുതുറന്നത്.
അജയ് ദേവ്ഗണ്, കാജോള്‍ എന്നിവരുടെ കൂടെ ദില്‍ ക്യാ കരേ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. സ്റ്റുഡിയോയിലേയ്ക്കുള്ള യാത്രയില്‍ കാറിന്റെ പുറകില്‍ ഒരു ലോറി ഇടിക്കുകയായിരുന്നു. മരിച്ചു എന്നു കരുതിയ നിമിഷങ്ങളായിരുന്നു അതെന്നും കുറച്ചു സമയത്തേക്ക് ആരും രക്ഷിക്കാന്‍ വന്നില്ലെന്നും താരം പറയുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച് ഓപ്പറേഷനിലൂടെ 67 കഷ്ണം ചില്ലുകളാണ് തന്റെ മുഖത്തു നിന്നും നീക്കം ചെയ്തതെന്നും മഹിമ പറയുന്നു. താന്‍ വിഷാദ രോഗത്തിലൂടെ ആ അപകടത്തിന് ശേഷം കടന്നുപോയെന്നും മഹിമ കൂട്ടിചേര്‍ത്തു.






