
അമേരിക്കക്കാര്‍ പാമ്പിനെ പേടിക്കാതെ കിടന്നുറങ്ങുന്നത് മൈക്ക് കിമ്മല്‍ എന്ന ഫ്ളോറിഡക്കാരന് ഉള്ളതു കൊണ്ടാണ്. മലയാളികള്‍ക്ക് വാവ സുരേഷ് പോലെ തന്നെയാണ് മൈക്ക് കിമ്മല്‍ എന്നു വേണമെങ്കില്‍ പറയാം. ഇപ്പോള്‍ മൈക്ക് കിമ്മലിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 17 അടി നീളമുള്ള പെരുമ്പാമ്പിനെയാണ് മൈക്ക് കിമ്മല്‍ പിടികൂടിയത്.
പാമ്പിന്റെ ഒരു ഫോട്ടോയും ചെറിയ വിഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ മൈക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. '' ഈ ആഴ്ചയുടെ തുടക്കത്തിലാണ് ചതുപ്പുള്ള ഭാഗത്തേക്ക് യാത്ര പുറപ്പെട്ടത്'.. രാവിലെ 11 ന് തന്നെ ഒരു 'തികഞ്ഞ രാക്ഷസന്' എന്ന് വിളിക്കാവുന്ന ഈ പെരുമ്പാമ്പിനെ കണ്ടെത്തി. 'ഒരു യുദ്ധത്തിന് ശേഷമല്ലാതെ ഇവള് കൂടെപോരില്ല എന്ന് എനിക്കുറപ്പായി. അവള് തീര്‍ച്ചയായും എന്നെ ഭയപ്പെടുന്നില്ല, സസ്യജാലങ്ങളുടെ ഇടയിലൂടെ സാവധാനം അവള് സഞ്ചരിക്കാന്‍ തുടങ്ങി, ശ്രദ്ധാപൂര്‍വ്വം അവളുടെ അരികിലൂടെ നടക്കുമ്പോള്‍ അവള് എത്ര വലുതാണെന്ന് ഞാന്‍ അളക്കാന്‍ ശ്രമിച്ചു.
പ്രാണരക്ഷാര്‍ത്ഥം പെരുമ്പാമ്പ് കിമ്മലിനെ ആക്രമിച്ചു. '60 കിലോയെങ്കിലും ഭാരമുള്ള പെരുമ്പാമ്പിന് എന്നെ കീഴ്പ്പെടുത്താല് എളുപ്പമാണ്. പക്ഷേ ആദ്യം അവളുടെ തലയില്‍ പിടിക്കാന്‍ സാധിച്ചാല്‍ അവളെ കീഴ്പെടുത്താം എന്നെനിക്കുറപ്പായിരുന്നു. പക്ഷെ അവളുടെ വാലിലാണ് പിടി വീണത്. അപ്പോള്‍ തന്നെ എനിക്കുറപ്പായിരുന്നു എന്റെ വിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു എന്നുള്ളത്. ഇനി അവളെ എങ്ങനെയും കിഴ്പ്പെടുത്തിയേ പറ്റൂ. മല്പിടുത്തത്തിനിടെ എന്റെ കൈകളില്‍ കടിക്കാന്‍ അവള്‍ക്കായി. അത് വഴി, എനിക്ക് ധാരാളം രക്തം നഷ്ടപ്പെട്ടു. ഒരു ഗ്യാലന് രക്തം നഷ്ടപ്പെട്ടതിന് ശേഷവും എനിക്ക് അവളെ തളര്‍ത്താനും നിയന്ത്രണത്തിലാക്കാനും കഴിഞ്ഞു,'' - മൈക്ക് കിമ്മല്‍ കുറിച്ചു.






