
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ഇത് മൂന്ന് ദിവസം നീണ്ടുനില്‍ക്കും. കൊവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ സജീമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു.
പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെയാണ് കൊവിഡ് എത്തിയത്. ഇതോടെ വിചാരണ നടപടികളും തടസ്സപ്പെട്ടു. മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.
നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്, നടി രമ്യാ നമ്പീശന് ,സംവിധായകന് ലാലിന്റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.
നടന് സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്റെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുന്‍പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു. ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്.






