
പൂച്ചകളെ ഇഷ്ടമുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയൊരു ദ്വീപുണ്ട് ജപ്പാനില്‍. മനുഷ്യരേക്കാള്‍ കൂടുതല്‍ പൂച്ചകള്‍ താമസിക്കുന്ന ഈ ദ്വീപിന്റ പേരാണ് ആഷിമ ദ്വീപ്.
ആഷിമ ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. എങ്കിലും ദിനംപ്രതി അറുപതോളം വിനോദസഞ്ചാരികളെയും കൊണ്ട് ഇവിടേക്ക് മെയിന്‍ ലാന്റില്‍ നിന്നു ബോട്ട് സര്‍വീസ് നടത്തുന്നുണ്ട്. ജപ്പാന്റെ പല മേഖലകളില്‍ നിന്നുള്ളവരുടെ ഇഷ്ടസ്ഥലമായി മാറികൊണ്ടിരിക്കുകയാണ് ഈ പൂച്ച ദ്വീപ്.
ഒരാള്‍ക്ക് 6 പൂച്ചകള്‍ എന്നതാണ് മത്സ്യബന്ധന ഗ്രാമമായ ആഷിമ ദ്വീപിലെ കണക്കെന്ന് പറയാം. 1940-കളിലാണ് കടുത്ത എലി ശല്യം കൊണ്ട് പൂച്ചകളെ ഇവിടേക്ക് കൊണ്ടു വന്നത്. അന്ന് ആയിരത്തിനടുത്ത് ജനവാസമുണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടം. എന്നാല്‍ ഇന്ന് 50-80 വയസ്സിനു ഇടയിലുള്ള പ്രായമുള്ള 20-ല്‍ താഴെ മാത്രം ആളുകളെ ഇവിടെ താമസിക്കുന്നുള്ളൂ. ഇവരോടൊപ്പം നൂറുകണക്കിന് പൂച്ചകളും.
പല കാലങ്ങളിലായി കൂടുതല്‍ സൗകര്യങ്ങളും ഉയര്‍ന്ന ജീവിതനിലവാരവും അന്വേഷിച്ച് ദ്വീപില്‍ നിന്ന് ആളുകള്‍ പോയി തുടങ്ങിയതോടെയാണ് ഇത്രയും ആളുകളും പൂച്ചകളും മാത്രമായി ഇവിടം മാറിയത്.
ദ്വീപ് സന്ദര്‍ശിക്കുന്നവരും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഷോപ്പുകളോ വെന്‍ഡിംഗ് മെഷീനുകളോ ദ്വീപില്‍ ഇല്ല. സന്ദര്‍ശകര്‍ സ്വന്തമായി ഭക്ഷണവും പാനീയവും കൊണ്ടു വന്ന് മാലിന്യങ്ങളെല്ലാം തിരിച്ച് കൊണ്ടുപോകണം. ഭക്ഷണം കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കുള്ളത് മാത്രം കൊണ്ടു വന്നാല്‍ പോര പൂച്ചകള്‍ക്ക് ഉള്ളത് കൂടി കൊണ്ടു വരണം.






