
കോവിഡ് ഭീതിയും ലോക് ഡൗണും മൂലം സാമ്പത്തികമായി കഷ്ടപ്പെടുകയാണ് ജനങ്ങൾ. വിനോദരംഗത്തെ അവസ്ഥയും മറിച്ചല്ല. നിബന്ധനകളോടെ ഷൂട്ടിങ് പുനരാരംഭിച്ചുവെങ്കിലും ഇപ്പോഴും ഇന്ഡസ്ട്രി ഉണർന്നിട്ടില്ല. ലോക്ഡൗൺ കാരണം അവസരങ്ങൾ ലഭിക്കാത്തതും ചെയ്ത ജോലിയ്ക്ക് പ്രതിഫലം കിട്ടാഞ്ഞതും മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മൻമീത് ഗ്രെവാൾ എന്ന നടൻ ജീവനൊടുക്കിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവോടെ ഉണക്കമീൻ വിറ്റ് ഉപജീവനം നടത്തി മാതൃകയായ റോഷൻ പഡ്നേക്കർ എന്ന നടനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മറാത്തിയിലെ പ്രശസ്ത ടെലിവിഷൻ ഷോ ആയ ബാബാസാഹേബ് അംബേദ്കറിലൂടെ പ്രശസ്തനായ നടനാണ് റോഷൻ. വിഷാദത്തെയും ആത്മഹത്യചിന്തയെയും അതിജീവിച്ചാണ് റോഷൻ ഇപ്പോൾ ജീവിതത്തോട് പോരാടുന്നത്.
''എല്ലാം നന്നായി പോവുകയായിരുന്നു. അതിനിടെയാണ് കോവിഡും ലോക്ക് ഡൗണും ജീവിതത്തെ താളം തെറ്റിച്ചത്. മൂന്ന് മാസത്തിന് ശേഷം ഷൂട്ടിങ് തുടങ്ങാൻ അനുമതി കിട്ടി. എന്നാൽ പ്രധാനപ്പെട്ട അഭിനേതാക്കളെ മാത്രമാണ് തിരിച്ചു വിളിച്ചത്. അതുകൊണ്ടു തന്നെ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഒരുനിശ്ചയവുമില്ല. എനിക്ക് മീൻ പിടിക്കാൻ അറിയാം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. മീൻ ഉണക്കി വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്. അതിൽ അഭിമാനം മാത്രമേയുള്ളൂ.
സുശാന്ത് രജ്പുത് സിംഗിന്റെ ആത്മഹത്യയെക്കുറിച്ചറിഞ്ഞപ്പോൾ ദുഖം തോന്നി. ലോക്ക് ഡൗൺ കാലത്ത് എന്നെയും വിഷാദം അലട്ടിയിരുന്നു. മാനസികമായി തളർന്നു. എനിക്ക് ലഭിക്കാനുള്ള പ്രതിഫലം മുഴുവൻ അവർ തന്നു തീർത്തിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അതു തീർന്നു. ഞാൻ ഇത്രയും കാലത്തെ ജീവിതം കൊണ്ട് നേടിയ സമ്പാദ്യവും പതുക്കെ തീരാൻ തുടങ്ങി. സങ്കടം സഹിക്കാനാകാതെ വന്നപ്പോൾ ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചു. എനിക്ക് ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. ഞാൻ മരിച്ചാൽ അവർക്ക് മറ്റാരുമില്ല എന്ന ബോധ്യം എനിക്കുണ്ടായി. പിന്നീട് പോരാടാൻ തന്നെ നിശ്ചയിച്ചു. അതിപ്പോൾ മീൻവിൽപ്പനയിൽ എത്തി നിൽക്കുന്നു. മരിക്കാൻ നൂറ് കാരണങ്ങൾ കാണും. എന്നാൽ വിട്ടുകൊടുക്കരുത്. മുന്നോട് പോകുക''- ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ റോഷൻ പറയുന്നു.






