
ഓസ്ട്രിയ ആണ് കെടിഎം എന്ന സൂപ്പർ ബൈക്കുകൾക്ക് ജന്മം നൽകിയ നാട്. എന്നാൽ, പുതിയ റിപോർട്ടുകൾ പ്രകാരം ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയന്നയിൽ ഇനി മുതൽ ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി. വിയന്ന സിറ്റി സെന്ററിൽ ഇരുചക്ര വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ സാധിക്കില്ല.
ഈ വിലക്ക് ഇലക്ട്രിക് ബൈക്കുകൾ മുതൽ സൂപ്പർ ബൈക്കുകൾക്ക് വരെ ബാധകമാകുമെന്നാണ് സൂചന. വിയന്നയിൽ സ്പോർട്സ് കാറുകൾക്കും വിലക്കേർപ്പെടുത്തും. ഇതിന് മുമ്പ് ഓസ്ട്രിയയിലെ മറ്റൊരു നഗരമായ ടിറോളിൽ മുമ്പുതന്നെ ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മോട്ടോർ സൈക്കിൾ റേസുകൾക്ക് ഉതകുന്ന യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റോഡുകളാണ് ടിറോളിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇവിടെ സ്പോർട്സ് കാറുകൾക്ക് അനുമതി ഉണ്ടെന്നാണ് സൂചന.
സിറ്റി സെന്ററിൽ ബൈക്ക് വിലക്കിയതിനൊപ്പം പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തമായി ഗ്യാരേജ് ഉള്ളവർക്കും പാർക്കിങ്ങ് പെർമിറ്റ് ഉള്ളവർക്കും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകുന്നുണ്ട്. ഈ വിലക്ക് നഗരത്തിലെ റിങ്ങ് റോഡുകളിൽ ബാധകമല്ല. ഇവിടെ എല്ലാ വാഹനങ്ങളും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ വിലക്ക് പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിപ്പുമായി മുന്നോട്ട് വന്നിരുന്നു. സിറ്റി സെന്ററിൽ വാഹനങ്ങൾ വിലക്കുന്നത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം.






