
തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദര് സഹപ്രവര്ത്തകര്ക്കിടയില് അറിയപ്പെടുന്നത് ഇയക്കുനര് ശിഖരം എന്ന വിളിപ്പേരിലാണ്. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സിനിമകള് സംവിധാനം ചെയ്ത ബാലചന്ദര്, സങ്കീര്ണമായ വ്യക്തിബന്ധങ്ങളും സാമൂഹിക വിഷയങ്ങളുമാണ് തന്റെ സിനിമകള്ക്ക് വിഷയമാക്കിയത്. കമലഹാസന്, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയില് അവതരിപ്പിച്ചത് ബാലചന്ദറാണ്.
ഇന്ത്യന് സിനിമയ്ക്ക് നല്കിയ സംഭാവനങ്ങള് പരിഗണിച്ച് പത്മശ്രീ പുരസ്കാരം(1987), ദാദാസാഹിബ് ഫാല്ക്കെ പുരസ്കാരം (2011) തുടങ്ങി നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ബാലചന്ദറിന്റെ തൊണ്ണൂറാം ജന്മവാര്ഷികത്തില് അദ്ദേഹത്തെ ഓര്ക്കുകയാണ് തമിഴകത്തിന്റെ താരരാജാക്കന്മാരും ബാലചന്ദറിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുമായ രജനീകാന്തും കമല്ഹാസനും.
'' കൗമാരം മുതല് ഞാന് കേള്ക്കുന്ന പ്രശസ്തമായൊരു പേരാണ്- കെ ബാലചന്ദര് എന്നത്. എന്നെ പോലെയുള്ള ഒരു അഭിനേതാവിന്റെ ജീവിതത്തില് നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിക്കുമെന്ന് ആരാണ് അന്ന് കരുതിയത്. പതിനാറു പതിനേഴ് വയസുമുതലാണ് ഞാനദ്ദേഹത്തിന്റെ സിനിമകളില് സജീവമായി പ്രവര്ത്തിച്ചു തുടങ്ങിയത്. എനിക്ക് ഗുരുതുല്യനായിരുന്നു, ഉപദേഷ്ടാവും വഴികാട്ടിയും പിതൃതുല്യനുമായിരുന്നു. അഭിനയം മാത്രമല്ല എല്ലാകാര്യത്തിലും അദ്ദേഹമെന്നെ ഉപദേശിക്കുമായിരുന്നു. അദ്ദേഹം പറയുന്നതെല്ലാം ഞാന് ശിരസാ വഹിച്ചിരുന്നു. എന്റെ ജീവിതത്തില് വളരെ പ്രധാന പങ്കുള്ള വ്യക്തിയാണ്. സിനിമ, പണം, പ്രശസ്തി അദ്ദേഹമെനിക്ക് എല്ലാം നല്കി, എന്നെ കോടീശ്വരനാക്കി. പക്ഷേ ഒരിക്കലും പങ്കുചോദിച്ചില്ല, ഞാനാണ് അതിനു പിന്നിലെന്ന് എവിടെയും പറഞ്ഞതുമില്ല. ഇന്ന് അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമ്പോള് അച്ഛനെ കുറിച്ച് മകനുള്ളതുപോലെ ശിശുസമാനമായൊരു അഭിമാനം എനിക്കു തോന്നുന്നു. ഇന്ത്യന് സിനിമയുടെ സുപ്രധാന പുത്രന് എന്റെ സല്യൂട്ട്,'' - കമല്ഹാസന് കുറിക്കുന്നു.
'' ബാലചന്ദര് സാര് ഇല്ലായിരുന്നെങ്കില് ഞാനിപ്പോഴും ചെറിയ വേഷങ്ങള് ചെയ്യുന്ന ഒരു അഭിനേതാവ് മാത്രമായി നിന്നേനെ. അദ്ദേഹമെന്നെ പരിചയപ്പെടുത്തിയില്ലായിരുന്നെങ്കില്, കന്നഡ സിനിമയില് ചെറിയ കഥാപാത്രങ്ങള് ചെയ്യുന്ന ഒരു നടനായി ഞാന് മാറുമായിരുന്നു. ഭാഗ്യവശാല് എന്നെ പേരും പ്രശസ്തിയും അനുഗ്രഹിച്ചു. പക്ഷേ, അതെല്ലാം കെ ബാലചന്ദര് സാര് കാരണമാണ്. അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ച നാല് സിനിമകളിലൂടെ ബാലചന്ദര് സാറെന്നെ ഒരു സമ്പൂര്ണ്ണ നടനാക്കി. എന്നെ മാത്രമല്ല, നിരവധി അഭിനേതാക്കളെ കണ്ടെത്തിയത് അദ്ദേഹമാണ്,'' -രജനികാന്ത് കുറിയ്ക്കുന്നു.







Comments