
റിലയന്‍സ് ജിയോയില്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം നിക്ഷേപം നടത്തിയതായി റിപ്പോർട്ട്. ജിയോയുടെ 0.15 ശതമാനം ഓഹരികള്‍ക്കായി 730 കോടി രൂപ ക്വാല്‍കോം നിക്ഷേപിക്കുകയാണെന്ന് ജിയോ അറിയിച്ചു. ജിയോയുടെ 0.39 ശതമാനം ഓഹരികള്‍ക്കായി ഇന്റല്‍ കോര്‍പ്പറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റല്‍ ക്യാപിറ്റല്‍ 1894.50 കോടി രൂപ നിക്ഷേപിച്ചതിന് പിന്നാലെയാണ് ക്വാല്‍കോമിന്റെ നിക്ഷേപം.
ആകെ 118,318.45 കോടി രൂപ ആണ് ജിയോ ക്വാല്‍കോമിന്റെ നിക്ഷേപത്തോടെ സ്വരൂപിച്ചത്. തുടര്‍ച്ചയായി ഒരു കമ്പനി സ്വരൂപിക്കുന്ന ലോകത്ത് ഏറ്റവും വലിയ തുകയാണ് ഇതെന്ന് റിലയന്‍സ് ജിയോ അറിയിച്ചത്. ഇന്റെല്‍ കാപിറ്റല്‍, ഫെയ്സ്ബുക്ക്,സില്‍വര്‍ ലേക്ക് പാര്ടനേഴ്സ്, വിസ്റ്റ ഇക്വിറ്റി പാര്‍ട്നേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബാദല, അഡിയ, ടിപിജി, എല്‍ കാറ്റെര്ടണ്, പിഐഎഫ് തുടങ്ങിയവയാണ് മറ്റ് കമ്പനികള്‍. ജിയോയുടെ 5ജി പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ഇന്ത്യയുടെ ഡിജിറ്റല്പരിവര്ത്തനത്തിനും ക്വാല്‍കോമിന്റെ പിന്തുണ ഇനി ലഭിക്കും.
നിരവധി വര്‍ഷങ്ങളായി ക്വാല്‍കോം തതങ്ങള്ക്ക് മൂല്യമേറിയ പങ്കാളിയാണ് എന്നും നിക്ഷേപകരെന്ന നിലയില്‍ ക്വാല്‍കോം വെഞ്ചേഴ്സിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി പറഞ്ഞു.






