
തിരുവനന്തപുരം: ''രണ്ടാം മുഖ്യമന്ത്രി, സൂപ്പര്‍ ചീഫ് സെക്രട്ടറി'' എന്നീ വിശേഷണങ്ങളോടെ അധികാരത്തിന്റെ അവസാനവാക്കായിരുന്ന എം. ശിവശങ്കറിനു കഷ്ടകാലം ഉച്ചകോടിയില്‍. രാജ്യാന്തര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഏതുനിമിഷവും എന്‍.ഐ.എ. കേസില്‍ പ്രതിയാക്കപ്പെടാമെന്ന അവസ്ഥയിലാണു ശിവശങ്കറിന്റെ ഔദ്യോഗികജീവിതം തുലാസിലായത്. പെണ്‍സൗഹൃദത്തിന്റെ പേരില്‍ സസ്പെന്‍ഷനിലാകുന്ന ആദ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന ചീത്തപ്പേര് മാത്രം ബാക്കി.
പിണറായി സര്‍ക്കാര്‍ അധികാരമേറിയതു മുതല്‍ ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമന്. അദ്ദേഹമറിയാതെ ഒരു ഫയല്‍ പോയിട്ട്, നിഴല്‍പോലും അനങ്ങുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തയായിരുന്ന മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പുകച്ച് പുറത്തുചാടിച്ചു. എന്നാല്‍, ശിവശങ്കറിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതോടെ സി.പി.എം. ഇടപെട്ടു. പാര്‍ട്ടി സംസ്ഥാനസമിതിയംഗം എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി. ജയരാജന് ജില്ലാ സെക്രട്ടറിയായി കണ്ണൂരിനു വണ്ടികയറിയതോടെ കാര്യങ്ങള്‍ വീണ്ടും പഴയപടിയായി.
സ്പിങ്ളര്‍ ആരോപണത്തില്‍ വിവാദനായകനായപ്പോഴും ശിവശങ്കറിന്റെ കസേരയ്ക്ക് ഇളക്കമുണ്ടായില്ല. സ്വപ്ന സുരേഷുമായുള്ള ശിവശങ്കറിന്റെ അടുപ്പത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആദ്യമെത്തിയതോ എത്തിച്ചതോ അദ്ദേഹത്തിന്റെതന്നെ മേശപ്പുറത്തായിരുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന പ്രതിഛായയില്‍നിന്നു വിവാദങ്ങളിലേക്കു കൂപ്പുകുത്തിയ ശിവശങ്കറിന്റെ ഔദ്യോഗികജീവിതം സമാനതകളില്ലാത്തതാണ്. തന്റെ വിശ്വസ്തനെതിരേ വിവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നേരിട്ടിറങ്ങി പ്രതിരോധം തീര്‍ത്തു. ഒടുവിലൊരു ''സ്വപ്നസൗഹൃദം'' അദ്ദേഹത്തിനു പുറത്തേക്കുള്ള വഴിചൂണ്ടിയായി.
എസ്.എസ്.എല്‍.സി. റാങ്ക് ജേതാവ്, എന്‍ജിനീയറിങ്ങിനുശേഷം എം.ബി.എ. ബിരുദം. റിസര്‍വ് ബാങ്ക് ഓഫീസറായി ഔദ്യോഗികജീവിതത്തിനു തുടക്കം. ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സര്‍വീസിലേക്ക്. 1995-ല്‍ ഐ.എ.എസ്. നേടിയതു സീനിയോറിറ്റി മറികടന്നെന്ന് ആക്ഷേപം. വ്യവസായ പുനരുദ്ധാരണ ബോര്‍ഡ് സെക്രട്ടറിയെന്ന നിലയില്‍ ശ്രദ്ധേയനായി. ഐ.ടി. മിഷന് കോര്‍ഡിനേറ്റര്‍, സിവില്‍ സെപ്ലെസ് ഡയറക്ടര്‍, മലപ്പുറം ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നീ തസ്തികകളിലും മികവ് കാട്ടി. സിവില്‍ സെപ്ലെസ് ഡയറക്ടറായിരിക്കേ, സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനു തുടക്കമിട്ടു. മലപ്പുറം കലക്ടറായിരിക്കേ, ജില്ലയില്‍ കമ്പ്യൂട്ടര്‍ സാക്ഷരത നടപ്പാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കേ തയാറാക്കിയ അധ്യാപക ബാങ്ക് അയ്യായിരത്തോളം എയ്ഡഡ് അധ്യാപകര്‍ക്കു മൃതസഞ്ജീവനിയായി. ലാന്‍ഡ് റവന്യൂ, പൊതുവിദ്യാഭ്യാസം, സാമൂഹികനീതി, ഊര്‍ജം തുടങ്ങി നിരവധി വകുപ്പുകളുടെ സെക്രട്ടറിയായി. കെ.എസ്.ഇ.ബി. ചെയര്‍മാനായിരിക്കേ 2016 മേയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയായി.
രാഷ്ട്രീയനിയമനം ഒഴിവാക്കി, ശിവശങ്കരനെ സെക്രട്ടറിയാക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചതു മികച്ച ഉദ്യോഗസ്ഥനെന്ന ഖ്യാതിയാണ്. അധികാരപ്രകടനങ്ങളില്ലാതെ, മുഖ്യമന്ത്രിയുടെ നിഴലായും മസ്തിഷ്കമായും പ്രവര്‍ത്തിച്ചു. െലെഫ് മിഷന്, ഐ.ടി. വകുപ്പ് എന്നിവയുടെ അധികച്ചുമതലയും. കോവിഡ് കാലത്തെ സ്പ്രിങ്ളര്‍, ബെവ്ക്യൂ, ഇ-മൊബിലിറ്റി വിവാദങ്ങള്‍ ശിവശങ്കറിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവാദകേന്ദ്രമാക്കി. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു വഴിവിട്ട് സഹായം നല്‍കിയെന്നും ആരോപണമുയര്‍ന്നു. അപ്പോഴെല്ലാം ''പിണറായിക്കോട്ട''യില്‍ ശിവശങ്കര്‍ സുരക്ഷിതനായിരുന്നു. പക്ഷേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം മുഖ്യമന്ത്രിക്കു വച്ചുപൊറുപ്പിക്കാവുന്ന അപവാദമായിരുന്നില്ല. അതോടെ കസേര തെറിച്ചു.
സ്വപ്നയെ ഐ.ടി. വകുപ്പിനു കീഴില്‍ നിയമിച്ചതിനൊപ്പം ശിവശങ്കര്‍ ഇടപെട്ട മറ്റു നിയമനങ്ങളും ആരോപണവിധേയമായി. സ്വപ്നയുമായുള്ള ബന്ധം സംബന്ധിച്ച് ഒന്‍പതുമണിക്കൂര്‍ നീണ്ട കസ്റ്റംസ് ചോദ്യംചെയ്യലില്‍ ശിവശങ്കറിനു പിടിച്ചുനില്‍ക്കാനായില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കു മുറിയെടുത്തുകൊടുക്കാന് ശിവശങ്കര്‍ ശിപാര്‍ശ ചെയ്തെന്ന മുന്‍ ഐ.ടി. ഫെലോയുടെ വെളിപ്പെടുത്തല്‍ കൂനിന്മേല് കുരുവായപ്പോള്തന്നെ സസ്പെന്ഷന് കാര്യത്തില്‍ സി.പി.എം. തീരുമാനമെടുത്തിരുന്നു. ശിവശങ്കറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട് ഇന്നു സമര്പ്പിക്കാനാണിരുന്നത്.
എന്നാല്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ അതിവേഗം ഫയല്‍ എത്തിക്കാന്‍ ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചു. ഇന്നലെ െവെകിട്ട് നാലരയോടെ ചീഫ് സെക്രട്ടറി ഫയല്‍ കൈമാറി. സസ്പെഷന് അറിയിപ്പ് മിന്നല്‍വേഗത്തില്‍ രാജ്ഭവനു കൈമാറി. വൈകിട്ട് ആറിന്, ഒരുമണിക്കൂര്‍ പത്രസമ്മേളനം 45 മിനിട്ട് പിന്നിട്ടപ്പോള്‍ വിശ്വസ്തന്റെ പതനം മുഖ്യമന്ത്രിതന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.






