
പാലക്കാട്: കോവിഡ് മൂലം വിവാഹസല്‍ക്കാരങ്ങള്‍ ഇല്ലാതായതോടെ മലയാളി സദ്യ വിളമ്പിയിരുന്ന വാഴയിലയ്ക്ക് ആവശ്യക്കാരില്ലാതായി. ഇല വില്‍പ്പന നിലച്ചതിനാല്‍ കേരള വിപണിമാത്രം ലക്ഷ്യമിട്ടു നട്ടുനനച്ച വാഴത്തോപ്പുകള്ക്കു തമിഴ്നാട്ടിലെ കര്‍ഷകര്‍ തീയിട്ടു.
സൗജന്യമായി നല്കിയിട്ടുപോലും ഇല വാങ്ങാന്‍ ആളില്ലാത്തതിനാലാണ് തോപ്പുകള്‍ക്ക് തീയിടുന്നതെന്ന് കോയമ്പത്തൂര്‍ മാതംപെട്ടിയിലെ വാഴയില കര്ഷകന് നടരാജ്(52) പറഞ്ഞു. ഇവിടെ മൂന്നേക്കറിലാണ് നടരാജിന്റെ വാഴയിലത്തോട്ടം. മുപ്പതുവര്‍ഷമായി വാഴയില കൃഷി ചെയ്യുന്ന നടരാജ് ഇലയും വാഴനാരും പൂര്‍ണമായും കേരളത്തിലേക്കാണു കയറ്റിവിട്ടിരുന്നത്.
വിവാഹസീസണില്‍ ഏക്കറിന് മാസം എണ്‍പതിനായിരം രൂപയോളം വരുമാനമുണ്ടാകും. ഹോട്ടലുകളിലേക്കും ആവശ്യമുള്ളതിനാല്‍ മാസം കുറഞ്ഞത് പതിനായിരംരൂപ കിട്ടും. ഇപ്പോള്‍ വാഴയിലയ്ക്ക് തീര്‍ത്തും ആവശ്യമില്ലാതായി. ഇല വെറുതെ കൊണ്ടുപോകാന്‍ പോലും ആരും വരാതായതോടെ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് തോപ്പിന് തീയിട്ടു. ആറുമാസം വളര്‍ച്ചയെത്തിയ വാഴയില്‍നിന്നാണ് ഇല മുറിച്ചെടുക്കുക.
ഇതിനകം തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ കൃഷിക്കായി ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ചു. ഇനി നിലം ഉഴുതുമറിച്ചിടണം. കോവിഡിന് ശേഷം വിപണി ഉണര്ന്നാലെ വാഴയില കൃഷി പുനരാരംഭിക്കാനാവു. ഇലവാഴ മാത്രമല്ല നേന്ത്രന് ഉള്‍പ്പെടെയുള്ള വാഴപ്പഴങ്ങളുടെ കാര്യത്തിലും കേരള വിപണി ലക്ഷ്യമിട്ടിരുന്ന തമിഴ്നാട്ടിലെ കര്‍ഷകരുടെ സ്ഥിതി വ്യത്യസ്തമല്ല. കോയമ്പത്തൂര്‍ തൊണ്ടാംമുത്തൂരിലെ മുന്തിരിത്തോപ്പുകളില്‍ ഇപ്പോള്‍ പക്ഷികള്‍ക്ക് കുശാലാണ്. മുന്തിരി വില്‍പ്പന നിലച്ചതോടെ ഇവിടെ പക്ഷികളെത്തി മുന്തിരിക്കുലകള്‍ തിന്നുകയാണെന്നു കര്‍ഷകര്‍ പറഞ്ഞു.






