
കോട്ടയം: ആരിലും കോവിഡ് ഉണ്ടാകാമെന്നും, ആരില്‍ നിന്നും പകരാമെന്നും ജാഗ്രതയാണ് ആവശ്യമെന്നും വ്യക്തമാക്കി മുന്‍ ഡിജിപി ജേക്കബ് പൂന്നൂസിന്റെ കുറിപ്പ്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ദേശീയ തലസ്ഥാന നഗരിയിലെ കോവിഡ് ഔദ്യോഗിക സര്‍വേ വിശദീകരിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഡൽഹിയിൽ 23% പേർക്ക് കോവിഡ് വന്നു പോയി എന്ന് ഔദ്യോഗികസർവ്വേ. രണ്ടു കോടി ആണവിടെ ജനസംഖ്യ. 23 % എന്നാൽ, 45 ലക്ഷം പേർ! അത്രയും പേരിൽ ആന്റിബോഡീസ് ഉണ്ടെന്നാണ് സർവ്വേ.
പക്ഷേ മറിമായം! ഡൽഹി കോവ്ഡ്
കണക്കിൽ ആകെ ഇതുവരെ ഒന്നേകാൽ ലക്ഷം രോഗികൾ മാത്രം!! മറ്റാരും രോഗികളാണെന്നു ആശുപത്രികളിലൂടെ കണ്ടുപിടിക്കപ്പെട്ടില്ല.
അപ്പോൾ രണ്ടു കാര്യങ്ങൾ വ്യക്തം.
1. ടെസ്റ്റുകൾ മൂലമേ രോഗബാധ അറിയൂ . ടെസ്റ്റില്ലെങ്കിൽ രോഗ വ്യാപനം അറിയില്ല.
2. കണക്കിലുള്ളതി നേക്കാൾ വളരെ കുറവാണ് കോവിടിന്റെ മാരകശേഷി. ഡൽഹിയിൽ ഒദ്യോഗിക കണക്കിന്റെ ഇരട്ടി മരണങ്ങൾ നടന്നു എന്ന് സങ്കല്പിച്ചാൽപോലും ആകെ മരണം പതിനായിരം വരില്ല. അപ്പോൾ യഥാർത്ഥ മരണനിരക്ക് 400ൽ 1 പോലുമില്ല.
സിംഗപ്പൂരിൽ 48000 രോഗികളിൽ മരണം 27 മാത്രം. ഖത്തറിൽ ഒരു ലക്ഷം പേരിൽ 159 മരണം മാത്രം. രണ്ടിടത്തും കൂടി മരണം 1000ത്തിൽ 1 പോലുമില്ല! വളരെ വളരെ കുറവ്..
ഡൽഹിയിൽ ഇത്രയധികം പേർക്ക് അവർ പോലുമറിയാതെ കോവിഡ് വന്നു പോയെങ്കിൽ, നാം ഇത്ര കണ്ടു പേടിക്കണോ?
എല്ലായിടത്തും ആരോരുമറിയാതെ വളരെയധികം ആളുകൾക്ക് രോഗം വന്നുപോയി കാണില്ലേ?
ടെസ്റ്റു കുറഞ്ഞാൽ, കണക്കിൽ കോവിടു കുറയും. ടെസ്റ്റ് കൂട്ടിയാൽ കോവിഡും കൂടും. അതുകൊണ്ടു കണക്കിലെ എണ്ണവും ടെസ്റ്റും തമ്മിൽ ബന്ധമുണ്ട്: പക്ഷേ മതിയായ ടെസ്റ്റില്ലെങ്കിൽ കണക്കിലെ എണ്ണവും യഥാർത്ഥ എണ്ണവും തമ്മിൽ പൊരുത്തപ്പെടില്ല. US ൽ പോലും 10ൽ ഒന്നിന് മാത്രമേ കണക്കുള്ളൂ എന്നാണു dr.fauci പറഞ്ഞത്.!
ഏതായാലും ഒരർത്ഥത്തിൽ, അറിയാതെ രോഗം വന്നുപോയവർ ഭാഗ്യവാന്മാർ: എന്തെന്നാൽ മരുന്നും മന്ത്രവുമില്ലാതെ, അയൽക്കാർ കല്ലെറിയാതെ, ഭൽസിക്കാതെ, അവർ രോഗമുക്തി നേടി!
പക്ഷേ, അവർ അറിയാതെ അവർ രോഗം പലർക്കും കൊടുത്തു കാണും! അവരിൽ ചിലർ മരിച്ചും കാണും.
അതാണ് കോവിടിന്റെ അപകടം! അതുകൊണ്ടാണ് വ്യാപകമായി ടെസ്റ്റുകൾ നടത്തേണ്ട ആവശ്യവും.
ആരിലും കോവിഡ് ഉണ്ടാകാം: ആരിൽ നിന്നും പകരാം! ജാഗ്രതൈ. വ്യക്തിപര പ്രതിരോധം, അടച്ചുപൂട്ടാതെ!! അതാണാവശ്യം ..






