
ജനറല്‍ മോട്ടോഴ്സിന്റെ കരുത്തൻ വാഹനമായ ഹമ്മര്‍ ഇലക്ട്രിക് കരുത്തില്‍ എത്താനൊരുങ്ങുകയായിരുന്നു. എന്നാൽ, വാഹനത്തിന്റെ വരവിനെ കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചു. അതോടെ കഴിഞ്ഞ മേയില്‍ എത്താനിരുന്ന ഹമ്മര്‍ ഇവി വരവ് 2021-ലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ജനറല്‍ മോട്ടോഴ്സ് ഇപ്പോൾ ഇലക്ട്രിക് ഹമ്മറിന്റെ നിര്‍മാണവും രൂപവും വരവും അറിയിക്കുന്ന ടീസര്‍ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഹമ്മര്‍ ഇലക്ട്രിക് പിക്ക്-അപ്പ് ആയും മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ്യുവിയായും നിരത്തുകളിലെത്തുമെന്നാണ് റിപ്പോർട്ട്. വാഹനത്തിന്റെ വരവ് 2021-ലേക്ക് മാറിയെന്ന സൂചന നല്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
പെട്രോൾ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മലിനീകരണ തോത് മാത്രമായിരിക്കും ഇലക്ട്രിക് ഹമ്മറിനുണ്ടാകുകയെന്ന് ജനറല്‍ മോട്ടോഴ്സ് എന്‍ജിനിയര്‍മാര്‍ ഉറപ്പുനല്‍കുന്നുണ്ട്. അവതരണ വേളയില്‍ മാത്രമേ ഹമ്മര്‍ ഇവിയുടെ സൈസ്, വില, റേഞ്ച് എന്നീ വിവരങ്ങള്‍ പ്രഖ്യാപിക്കൂ. മൂന്ന് സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നും 1000 എച്ച്പി കരുത്തുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും റിപോർട്ടുകൾ ഉണ്ട്.






