
കാസര്‍ഗോഡ്: ചാണകം മെഴുകിയ ശുചിമുറിപോലും ഇല്ലാത്ത ഓലമേഞ്ഞ വീട്, ദിവസവും രണ്ടു മണിക്കൂറോളം യാത്ര ചെയ്ത് 25 കിലോമീറ്റര്‍ അകലെയുള്ള വിദ്യാലയത്തില്‍ പഠനം. കൂട്ടിന് ദാരിദ്ര്യവും പട്ടിണിയും. ജീവിതം കൂടുതല്‍ ദുരിതമാക്കി പിതാവിന്റെ മദ്യപാന ശീലവും. ഉപരിപഠനത്തില്‍ കീറാമുട്ടിയായിരുന്നു ഇംഗ്ളീഷും ഉള്‍പ്പെടെ പ്രതികൂല ജീവിതസാഹചര്യങ്ങളെയും ചവുട്ടിമെതിച്ച് കഠിന പരിശ്രമത്തിലൂടെ നേട്ടം വിവേക് പിടിച്ചു വാങ്ങുകയായിരുന്നു. അസാധാരണമായ ഇഛാശക്തിയ്ക്ക് മുന്നില്‍ ജീവിതത്തിലെ പ്രതിസന്ധികള്‍ വഴിമാറുമെന്നും വഴി തനിയെ തുറന്നുവരുമെന്നും തെളിയിക്കുന്നതാണ് കാസര്ഗോഡ്കാരന് വിവേകിന്റെ സിവില്‍ സര്‍വീസ് പരീക്ഷയിലെ 301 ാം റാങ്ക്.
പഠിക്കാന്‍ മിടുക്കനായിരുന്ന വിവേകും സഹോദരിയും 25 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്ക് ദിവസവും പോയി വന്നായിരുന്നു വിദ്യാഭ്യാസം നേടിയത്. നടന്നും ബസിലും ം ട്രെയിനിലും കയറി സ്കൂളില്‍ പോയി വന്നു. സ്കൂളിന് ശേഷം മാതാവിനെ വീടു പണികളില്‍ സഹായിക്കും. അതേസമയം ഈ യാത്രയ്ക്കിടയില്‍ കിട്ടുന്ന സമയം ഫലപ്രദമായി എങ്ങിനെ പഠനത്തിന് വിനിയോഗിക്കാം എന്ന കാര്യത്തില്‍ വിജയം നേടിയിടത്തായിരുന്നു വിവേകിന്റെ ലക്ഷ്യത്തിലേക്കുള്ള വിജയങ്ങള്‍ തുടങ്ങിയത്. വിദ്യാലയത്തിലേക്കുള്ള ദീര്ഘയാത്രകള് പഠനത്തിന്റെ സമയമായി മാറി. ഏതു സാഹചര്യത്തിലും പുസ്തകത്തെ കൈവിടാതെ സന്തതസഹചാരിയാക്കി മാറ്റി.
വീട്ടില്‍ ചിമ്മിനി വിളക്കിന്റെ ഇത്തിരിവെട്ടമായിരുന്നെങ്കിലും അക്ഷരങ്ങളുടെ വലിയ പ്രകാശം ജീവിതവെളിച്ചമായി മാറി. ഏതുസാഹചര്യവും മാറ്റിമറിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയുമെന്ന മാതാവിന്റെ ഉപദേശമായിരുന്നു ജീവിത പാത. തിരുച്ചിയിലെ എന്‍ഐടിയില്‍ ആയിരുന്നു ഉപരിപഠനം. പ്രധാന പ്രതിസന്ധി ഇംഗ്ളീഷ് പരിജ്ഞാനത്തിലെ കുറവാണെന്ന് ഇവിടെയെത്തിയപ്പോള്‍ തിരിച്ചറിഞ്ഞു. ഇംഗ്ളീഷ് പത്രങ്ങള്‍ വായിച്ച് വാക്കുകള്‍ കുറിച്ചുവെച്ച് മൂന്ന വര്‍ഷത്തെ അശ്രാന്ത പരിശ്രമം ഔദ്യോഗിക ഭാഷയെ വരുതിയിലാക്കി. പഠനം കഴിഞ്ഞപ്പോള്‍ തന്നെ ചെന്നൈയില്‍ ജോലികിട്ടിയെങ്കിലും ദുഷ്ക്കരമായ ജീവിതത്തിന് അത് മതിയാകില്ലെന്ന തിരിച്ചറിവില്‍ വീണ്ടും പരിശ്രമം. കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിനായി ജോലിക്കൊപ്പം ക്യാറ്റ് പരീക്ഷ എഴുതി ജയിച്ച് ഐഐഎമ്മില്‍ പ്രവേശനം കിട്ടി. കൊല്‍ക്കത്തയായിരുന്നു അടുത്ത പോരാട്ടവേദി.
ജാതിയും മതവും പിന്നോക്കാവസ്ഥയെക്കുറിച്ചുമെല്ലാം വിവേകിന് ബോദ്ധ്യം വന്നു തുടങ്ങിയതോടെ സാമൂഹിക പ്രതിബദ്ധതയുള്ള ജോലിയാണ് വേണ്ടതെന്ന തിരിച്ചറിവുണ്ടായി. യുപിഎസ് സി വിവേകിന് മോഹമായി മാറുന്നത് അങ്ങിനെയായിരുന്നു. ഐഐഎമ്മിലെ പഠനം കുടുംബത്തെ സാമ്പത്തീകമായി നില നിര്‍ത്താന്‍ സഹായകമായി. ഇതോടെ ഗുഡ്ഗാവില്‍ ജോലിക്കൊപ്പം പുതിയ പോരാട്ടത്തിന് തയ്യാറെടുത്തു. സിവില്‍ സര്‍വീസ് പഠനത്തിന് ജോലി തടസ്സമായപ്പോള്‍ അത് ഉപേക്ഷിച്ച് പൂര്‍ണ്ണമായി ഒരു വര്‍ഷം പരീക്ഷയ്ക്ക് തയ്യാറെടുത്തു. 2018 ല്‍ 667 ാം റാങ്കു നേടി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട് സര്‍വീസില്‍ ജോലിക്ക് കയറി. പ്രിലിമിനറി പരീക്ഷയ്ക്ക് 15 ദിവസം മുമ്പായിരുന്നു തെയ്യം കലാകാരനായിരുന്ന പിതാവിന്റെ മരണവാര്‍ത്ത തേടിയെത്തിയത്. പിതാവിനെ സംരക്ഷിക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധവുമായിട്ടായിരുന്നു പരീക്ഷ എഴുതിയത്. രണ്ടാമത്തെ പരിശ്രമം 301 ാം റാങ്കിലെത്തിച്ചു.





