
മുംബൈ: പഞ്ചാബി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ പരുള്‍ ഗുലാട്ടിയുടെ പിറന്നാള്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, കൊറോണ മൂലം ലോകം കഷ്ടപ്പെടുമ്പോള്‍ പിപിഇ കിറ്റും ധരിച്ചാണ് നടിയും സുഹൃത്തുക്കളും പിറന്നാള്‍ പാര്‍ട്ടി നടത്തിയിരിക്കുന്നത്.
കോവിഡിനെ പിടിച്ചുകെട്ടാന്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പോരാടുമ്പോഴാണ് സുരക്ഷാ കവചനമായി ഉപയോഗിക്കുന്ന പിപിഇ കിറ്റും ധരിച്ച് പാര്‍ട്ടി നടത്തിയത്. ഇതിനെതിരേ നടിയെ രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരിക്കുന്നത്. പിപിഇ കിറ്റ് ഫാഷന്‍ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ലെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്.
പരുളും സുഹൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുകയാണ്. പിപിഇ കിറ്റ് ആയിരുന്നു ബര്ത്ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്. 'ഈ പിപിഇ കിറ്റുകള്‍ ഇത്തരത്തില്‍ പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കാമായിരുന്നില്ലേ' എന്നാണ് പലരും കമന്റ് ചെയ്തത്.






