
സിംഹത്തിനേയും പുലിയേയും കടുവയേയുമൊക്കെ കാഴ്ച ബംഗ്ലാവില്‍ പോയി കാണാന്‍ ഇഷ്ടമാണെങ്കിലും അവയുടെ അടുത്ത് പോകാനോ അവ അടുത്ത് വരുന്നതോ നമുക്കാര്‍ക്കും സങ്കല്പ്പിക്കാന് പോലും കഴിയില്ല. അപ്പോള്‍ ഇവയെ ഒക്കെ പരിപാലിക്കുന്നവരോ ?. നിത്യവും ഈ മൃഗങ്ങളുടെയൊക്കെ അടുത്തേക്ക് പോകുന്നരാണ്. ഗുജറാത്തിലെ ഗിര്‍ വനത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥയായ റസീല വധറും ഇവിടുത്തെ മൃഗങ്ങളെ പരിപാലിക്കുന്നത് സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ്. ഗിര്‍ വനത്തിലെ ആദ്യ വനിത ഫോറസ്റ്റ് ഗാര്‍ഡായ റസീലയുടെ ചിത്രങ്ങള്‍ ലോകസിംഹ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
'ഗുജറാത്ത് വനപരിസ്ഥിതി മന്ത്രാലയത്തിലെ ആദ്യ വനിത ഫോറസ്റ്റ്ഗാര്ഡാണ് റസീല. 1100ല്‍ അധികം വന്യമൃഗങ്ങളെ സ്വന്തം ജീവന് പോലും പണയം വച്ച് അവര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഗിര്‍ വനത്തിലെ സുരക്ഷാവിഭാഗത്തിന്റെ തലപ്പത്താണ് റസീല. അവരുടെ തൊഴിലിനോടുള്ള സ്നേഹവും ആത്മാര്‍പ്പണവും സല്യൂട്ട് ചെയ്യപ്പെടേണ്ടതാണ്.' - എന്ന കുറിപ്പോടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് റസീലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
2007ലാണ് വനംവകുപ്പില്‍ വനിത ഉദ്യോഗസ്ഥരെ നിയമിച്ചത്. 33% വനിതാ സംവരണം ഏര്‍പ്പെടുത്തിയായിരുന്നു ഗുജറാത്തിന്റെ നിയമനം. 'ഇന്ത്യയിലെ സിംഹരാജ്ഞിമാര്' എന്നാണ് ഈ സംഘത്തെ ഗുജറാത്ത് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. 2008ലാണ് റസീല ഫോറസ്റ്റ് ഗാര്‍ഡായി ചുമതലയേറ്റത്. പരുക്കേറ്റ സിംഹങ്ങളെ പരിപാലിക്കുകയും വേട്ടയാടലുകളില്‍ നിന്ന് സംരക്ഷിക്കുകയും ഇവരുടെ ചുമതലയായിരുന്നു. 300 സിംഹങ്ങള്‍, 500 പുള്ളിപ്പുലികള്‍, മുതലകള്‍ എന്നിവയടക്കം 1000ല്‍ അധികം മൃഗങ്ങളെയാണ് അവര്‍ രക്ഷപ്പെടുത്തിയത്.
'' ഒരു സ്ത്രീയായി നിന്നു കൊണ്ടു തന്നെ ഒരു പുരുഷന് ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ജോലി തുടങ്ങിയപ്പോള്‍ ആര്‍ക്കും എന്നില്‍ സംശയമുണ്ടായിരുന്നില്ല. ഒരു സ്ത്രീയെ കാണുന്നതു പോലെ അവര്‍ കണ്ടതുമില്ല. വളരെ പെട്ടന്നു തന്നെ അവരില്‍ ഒരാളായി ഞാന്‍ മാറി. ഒരു സ്ത്രീക്കും ഈ ജോലികളെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ന് അവര്‍ക്കറിയാം.'' - 2016-ല്‍ റസീല നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.






