
ഹൈദരബാദ്: നിത്യചെലവിനുള്ള പണത്തിനായി സ്വന്തം കുഞ്ഞിനെ വിറ്റ് ഒരമ്മ. ഹൈദരാബാദുകാരിയായ യുവതിയാണ് 45000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി.
ചൊവ്വാഴ്ചയാണ് ഹബീബ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് തന്റെ കുഞ്ഞിനെ ഭാര്യ വിറ്റുവെന്ന് പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം, കുട്ടിയെ വില്ക്കാന് ഇടനിലക്കാരായി നിന്നവരെയും വാങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം ആദ്യമാണ് കുഞ്ഞിനെ അയല്‍വാസിക്ക് വിറ്റത്. ഓഗസ്റ്റ് എട്ടിന് വീട്ടിലെത്തിയ ഭര്‍ത്താവ് കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ വിറ്റകാര്യം അറിഞ്ഞത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന്, പോലീസ് അയല്‍വാസിയുടെ വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഭര്‍ത്താവിന്റെ കുടുംബത്തിന് കൈമാറി.






